സ്വത്തിനായി അമ്മയെ കൊന്ന മകൾ അച്ഛനും ചായയിൽ വിഷം കലർത്തി നൽകി; രുചിമാറ്റം തോന്നിയതിനാൽ കുടിച്ചില്ല, കൊലക്ക് തെളിവായി സെർച്ച് ഹിസ്റ്ററി. ഇന്ദുലേഖയുടെ പദ്ധതി പാളി

തൃശൂരിൽ ചായയിൽ എലിവിഷം കലർത്തി അമ്മയെ കൊലപ്പെടുത്തിയ കേസിൽ തൃശൂരിൽ അറസ്റ്റിലായ മകൾ, പിതാവ് ചന്ദ്രനും വിഷം നൽകിയിരുന്നതായി വെളിപ്പെടുത്തൽ. പാറ്റയെ കൊല്ലാനുള്ള കീടനാശിനി ചായയിൽ കലർത്തി നൽകുകയായിരുന്നു. രുചിമാറ്റം തോന്നിയതിനാൽ ചന്ദ്രൻ ചായ കുടിച്ചില്ലെന്നും പൊലീസ് വ്യക്തമാക്കി. കിഴൂർ ചൂഴിയാട്ടയിൽ ചന്ദ്രന്റെ ഭാര്യ രുഗ്മിണി (58) കഴിഞ്ഞ ദിവസം മരിച്ച സംഭവത്തിലാണ് പുതിയ വെളിപ്പെടുത്തൽ. രുഗ്മിണിയുടെ മരണത്തിൽ മകൾ ഇന്ദുലേഖയെ (39) വിശദമായി ചോദ്യം ചെയ്ത പൊലീസ്, അറസറ്റ് രേഖപ്പെടുത്തി.

സ്വത്തു തട്ടിയെടുക്കാൻ അമ്മയെ വിഷം കൊടുത്ത് കൊന്ന കേസിൽ വഴിത്തിരിവായത് അറസ്റ്റിലായ മകൾ ഇന്ദുലേഖയുടെ ഗൂഗിൾ സേർച്ച് ഹിസ്റ്ററി. കുന്നംകുളം കീഴൂർ സ്വദേശി രുഗ്മിണിയെ കൊന്ന കേസിലാണ് മകൾ ഇന്ദുലേഖയെ പൊലീസ് അറസ്റ്റു ചെയ്തത്. എങ്ങനെ വിഷം കൊടുത്ത് കൊല്ലാമെന്ന് ഗൂഗിളിൽ ഇന്ദുലേഖ സെർച്ച് ചെയ്തതിന്റെ ഹിസ്റ്ററിയാണ് കേസിൽ വഴിത്തിരിവായത്.

അമ്മയ്ക്കു തുടർച്ചയായ ഛർദ്ദിയാണെന്നും മഞ്ഞപ്പിത്തമാണെന്നും പറഞ്ഞാണ് മകൾ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ ചെന്നപ്പോൾ വിഷം ഉള്ളിൽ ചെന്നിട്ടുള്ളതായി ഡോക്ടർ സംശയം പറഞ്ഞു. മൂന്നാം ദിവസം അമ്മ മരിച്ചു. പോസ്റ്റ്മോർട്ടത്തിൽ മരണകാരണം വിഷം ഉള്ളിൽ ചെന്നതാണെന്നു കണ്ടെത്തി. ആത്മഹത്യ ചെയ്യാൻ ഒരു കാരണവുമില്ല. അച്ഛനും ഇളയ മകൾക്കും സംശയം ബലപ്പെട്ടു. ഇന്ദുലേഖയുടെ മകന്റെ കീശയിൽ എലിവിഷം കണ്ടതായി അച്ഛൻ മൊഴി നൽകി. വിഷ പായ്ക്കറ്റ് കളയാൻ അമ്മ മകനെ ഏൽപിച്ചിരുന്നു.

മകനാകട്ടെ ഇത് മുത്തച്ഛനോട് പറഞ്ഞു. മകൾ ഇന്ദുലേഖയെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്തു. പതറാതെ മറുപടികൾ. ഫോൺ പിടിച്ചു വാങ്ങി ഗൂഗിൾ സെർച്ച് ഹിസ്റ്ററി നോക്കി. മാരകമായ വിഷം ഏത്? ഇത് ഉള്ളിൽ ചെന്നാൽ ലക്ഷണം ഏത്? ഇത്തരം സെർച്ചുകൾ. ഇത് എന്തിനാണെന്ന ആവർത്തിച്ചുള്ള ചോദ്യത്തിന് മുമ്പിൽ ഇന്ദുലേഖ പതറി. പിന്നാലെ നടന്ന ചോദ്യം ചെയ്യലിൽ ഇന്ദുലേഖ കുറ്റം സമ്മതിച്ചു. ചന്ദ്രൻ– രുഗ്മിണി ദമ്പതികളുടെ മൂത്ത മകളാണ് ഇന്ദുലേഖ. രണ്ടു മക്കളുണ്ട്. മകന് പതിനേഴ് വയസുണ്ട്.

ഭർത്താവ് അറിയാതെ സ്വർണാഭരണങ്ങൾ പണയപ്പെടുത്തി വായ്പയെടുത്ത ഇന്ദുലേഖയ്ക്ക് 8 ലക്ഷത്തിലധികം രൂപയുടെ ബാധ്യതയുണ്ട്. ഭർത്താവിന് വിദേശത്താണ് ജോലി. കഴിഞ്ഞ 18ന് ഭർത്താവ് അവധിക്ക് നാട്ടിൽ എത്തിയിരുന്നു. ഇയാൾ ആഭരണം എവിടെയെന്നു തിരക്കുമെന്ന് ഇന്ദുലേഖ ഭയപ്പെട്ടു. ഇവരുടെ പിതാവ് ചന്ദ്രൻ ഉത്സവ പറമ്പുകളിൽ ബലൂൺ കച്ചവടക്കാരനാണ്. രോഗിയായ ഇയാളുടെയും ഭാര്യയുടെയും പേരിലുള്ള വീടും പറമ്പും തട്ടിയെടുത്ത് വിറ്റു ബാധ്യത തീർക്കാൻ ഇന്ദുലേഖ പദ്ധതിയിട്ടു. ഇവരുടെ 2 മക്കളിൽ മൂത്തവളായ ഇന്ദുലേഖയെയാണ് സ്വത്തിന്റെ അവകാശിയായി രുഗ്മിണി കാണിച്ചിരുന്നതെന്നാണ് സൂചന.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share
error: Content is protected !!