ഡല്‍ഹി സര്‍ക്കാരിനെ വീഴ്ത്താൻ ബിജെപി ഇറക്കിയത് 800 കോടി. ചില എം.എല്‍.എമാരെ ഫോണില്‍ വിളിച്ചിട്ട് കിട്ടുന്നില്ലെന്നും ആം ആത്മീയുടെ പരാതി
ന്യൂഡല്‍ഹി: ഡല്‍ഹിയിലും രാഷ്ട്രീയ അട്ടിമറി നടത്തി സര്‍ക്കാരിനെ താഴെയിറക്കാന്‍ നാല്പതോളം എംഎല്‍എമാരെ ബിജെപി ബന്ധപ്പെട്ടെന്ന് ആംആദ്മി എംഎല്‍എ ദിലീപ് പാണ്ഡേ. ഒരു എംഎല്‍എയ്ക്ക് 20 കോടി വീതം വാദ്ദാനം ചെയ്തു. സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി 800 കോടി ഇറക്കിയെന്നും പാണ്ഡേ ആരോപിച്ചു.
ആരോപണങ്ങൾക്കിടെ കേജരിവാള്‍ വിളിച്ച യോഗത്തില്‍ 40 എംഎല്‍എമാര്‍ മാത്രമാണ് ഇതുവരെ എത്തിയത്. ചില എംഎല്‍എമാരെ ഫോണില്‍ ബന്ധപ്പെടാന്‍ സാധിച്ചില്ലെന്നും ഇവര്‍ ബിജെപിയുടെ വലയില്‍ വീണോ എന്ന് ആശങ്കയുണ്ടെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പാര്‍ട്ടി വൃത്തങ്ങളില്‍നിന്നു തന്നെ പുറത്തുവന്നിരുന്നു.
ഈ സാഹചര്യത്തിലാണ് കേജരിവാളിന്റെ വസതിയില്‍ അടിയന്തര യോഗം ചേരുന്നത്. യോഗത്തിനു ശേഷം പാര്‍ട്ടി ഔദ്യോഗിക വിശദീകരണം നല്‍കുമെന്നാണ് സൂചന.
മദ്യനയക്കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ്ക്കെക്കെതിരെ ഇഡിയും സിബിഐയും അന്വേഷണമാരംഭിച്ചതിനു പിന്നാലെ ആംആദ്മിയും ബിജെപിയും തമ്മിലുള്ള പോര് രൂക്ഷമായിരുന്നു. കേന്ദ്ര ഏജൻസികൾ അന്വേഷണം കടുപ്പിച്ചതോടെ കേജരിവാളും സിസോദിയയും ഗുജറാത്തിലെത്തിയിരുന്നു.
ഡിസംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണം ഉൾപ്പെടെ ലക്ഷ്യമിട്ട് നടത്തിയ സന്ദർശനത്തിൽ ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. ഇതിനു പിന്നാലെ ബിജെപിയില്‍ ചേര്‍ന്നാല്‍ തനിക്കെതിരെയുള്ള കേസ് പിന്‍വലിക്കാമെന്ന് ബിജെപി വാഗ്ദാനം ചെയ്തെന്ന ആരോപണവുമായി സിസോദിയ രംഗത്തുവന്നിരുന്നു.
ഇതിനു പിന്നാലെ കുതിരക്കച്ചവടം നടത്തി ആം ആദ്മി സര്‍ക്കാരിനെ മറിച്ചിടാന്‍ കേന്ദ്രത്തിലെ മോദി സര്‍ക്കാര്‍ ശ്രമിച്ചെന്ന് എഎപി നേതാക്കള്‍ ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ഡല്‍ഹി സര്‍ക്കാരിനെ മറിച്ചിടാന്‍ എംഎല്‍എമാര്‍ക്ക് 20 കോടി വീതം വാഗ്ദാനം ചെയ്തെന്ന് എഎപി നേതാക്കള്‍ വെളിപ്പെടുത്തി. ഒന്നുകില്‍ 20 കോടി വാങ്ങി ബിജെപിയില്‍ ചേരുക അല്ലെങ്കില്‍ സിബിഐ കേസിനെ നേരിടുകയെന്ന ഭീഷണിയാണ് ലഭിച്ചതെന്ന് ആം ആദ്മി ദേശീയ വക്താവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിംഗ് പറഞ്ഞു. ബിജെപിയില്‍ ചേര്‍ന്നാല്‍ 20 കോടിയും മറ്റ് എംഎല്‍എമാരെ ഒപ്പം കൂട്ടിയാല്‍ 25 കോടിയുമായിരുന്നു വാഗ്ദാനമെന്ന്ു സഞ്ജയ് സിംഗ് കൂട്ടിച്ചേര്‍ത്തു.
മഹാരാഷ്ട്രയ്ക്കു പിന്നാലെ ഡല്‍ഹിയിലും ഓപ്പറേഷന് കമലം നടത്താനാണ് ബിജെപിയുടെ ശ്രമമെന്നാണ് ആരോപണം. സിസോദിയയെ മറ്റൊരു ഷിന്ഡെയാക്കാനുള്ള ശ്രമമായിരുന്നു ബിജെപി നടത്തിയത്. പക്ഷേ, അതിനെ എഎപി പരാജയപ്പെടുത്തിയെന്നും നേതാക്കള്‍ വ്യക്തമാക്കി.