ഹിമാചലിൽ മേഘവിസ്‌ഫോടനവും മിന്നൽ പ്രളയവും; റെയിൽവേ പാലം തകർന്ന് നദിയിലേക്ക് വീണു – വിഡിയോ

ഹിമാചൽ പ്രദേശിൽ തുടരുന്ന കനത്ത മഴയിൽ റെയിൽവേപ്പാലം തകർന്ന് നദിയിലേക്ക് വീണു. കാംഗ്ര ജില്ലയിലെ ചാക്കി പാലത്തിന്റെ മൂന്നു തൂണുകളാണു ചാക്കി നദിയിലേക്കു തകർന്നുവീണത്. ധർമശാലയിൽ ഇന്നുണ്ടായ മേഘവിസ്‌ഫോടനത്തെ തുടർന്നു പ്രദേശത്താകെ മണ്ണിടിച്ചിലുണ്ട്. മാണ്ഡി ജില്ലയിൽ പുലർച്ചെയോടെ മിന്നൽപ്രളയമുണ്ടായി. വീടുകളിലും കടകളിലും വെള്ളം ഇരച്ചുകയറി. റോഡിലും മറ്റും പാർക്കു ചെയ്തിരുന്ന വാഹനങ്ങൾക്കു കേടുപാടുകൾ സംഭവിച്ചു.

കനത്ത മഴ കാരണം പല ജില്ലകളിലും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. നദികളുടെയും നീർച്ചാലുകളുടെയും സമീപത്തേക്കു നാട്ടുകാരും ടൂറിസ്റ്റുകളും പോകരുതെന്ന് അധികൃതർ അറിയിച്ചു. ഈ മാസം 25 വരെ സംസ്ഥാനത്തു മണ്ണിടിച്ചിലിനു സാധ്യതയുണ്ടെന്നു സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു. മഴദുരിതത്തിൽ ഹിമാചലിൽ 6 പേർ കൊല്ലപ്പെട്ടു. പ്രളയവുമായി ബന്ധപ്പെട്ട വിവിധ അപകടങ്ങളിൽ 13 പേർ മരിച്ചെന്നാണ് റിപ്പോർട്ടെന്നും അധികൃതർ പറഞ്ഞു.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

ഉത്തരാഖണ്ഡിലും മേഘവിസ്‌ഫോടനമുണ്ടായി. നദികൾ കരകവിഞ്ഞൊഴുകുകയും പാലങ്ങൾ ഒഴുകിപ്പോകുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. പുലർച്ചെ 2.15ന് ആണ് മേഘവിസ്ഫോടനമുണ്ടായത്. സോങ് നദിയിലെ പാലം ഒലിച്ചുപോയി. പ്രളയജലത്തിൽ ചെളി അടിച്ചുകയറിയതിനാൽ വീടുകളിലെ താമസം പ്രയാസമാണ്. ദുരിതബാധിതരെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റുകയാണെന്ന് അധികൃതർ വ്യക്തമാക്കി.

 

Share
error: Content is protected !!