മുഖ്യ മന്ത്രിക്കെതിരെ വിമാനത്തിലെ പ്രതിഷേധം: ഫര്‍സീന്‍ മജീദിനെ കാപ്പചുമത്തി നാടുകടത്താന്‍ നീക്കം

വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മജീദിനെതിരെ കാപ്പ ചുമത്താന്‍ പോലീസിന്റെ നിര്‍ദേശം. മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചുവെന്നത് അടക്കമുള്ള കേസുകളിലാണ് നിര്‍ദേശം. കാപ്പ ചുമത്താന്‍ പോലീസ് കണ്ണൂര്‍ ജില്ലാ കളക്ടറുടെ അനുമതി തേടി. പോലീസിന്റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഇത്.

ഡിഐജി തലത്തില്‍ നിന്നാണ് കളക്ടറുടെ അനുമതി തേടിയുള്ള അപേക്ഷ പോയിട്ടുള്ളത്. ഫര്‍സീന്‍ മജീദിനെ കേസുകളുടെ എണ്ണവും കേസുകളുടെ സ്വഭാവവും പരിഗണിക്കുമ്പോള്‍ കണ്ണൂര്‍ ജില്ലയില്‍നിന്ന് നാടുകടത്തണമെന്നാണ്‌ പോലീസ് പറയുന്നത്. ഫര്‍സീന്‍ മജീദിനെ ജില്ലയില്‍ തുടരാന്‍ അനുവദിക്കുന്നത് ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതുകൊണ്ടുതന്നെ ഫര്‍സീന്‍ മജീദിനെ എത്രയുംവേഗം നാടുകടത്തണമെന്നാണ് ആവശ്യം. മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചു, അതിനായി ഗൂഡാലോചന നടത്തി തുടങ്ങിയ കുറ്റങ്ങളും പഴയ കേസുകളും ഉള്‍പ്പെടുത്തിയാണ് കളക്ടര്‍ക്ക് ശുപാര്‍ശ നല്‍കിയിട്ടുള്ളത്. ശുപാര്‍ശ കളക്ടര്‍ അംഗീകരിക്കുകയും അതിനുള്ള അന്തിമ അംഗീകാരം നല്‍കുന്ന സമിതിക്ക് അയക്കുകയും വേണം.

ഇതിനിടയില്‍ ഫര്‍സീന് തന്റെ വാദങ്ങള്‍ പറയാനുള്ള അവസരമുണ്ടാകും. ഫര്‍സീന്‍ നേരിട്ടോ അദ്ദേഹത്തിന്റെ അഭിഭാഷകനോ ഈ സമിതിക്ക് മുന്നില്‍ എത്തണം. കാപ്പ ചുമത്തുന്നതുമായി ബന്ധപ്പെട്ട നോട്ടീസ് ഫര്‍സീന് നല്‍കിക്കഴിഞ്ഞു.

മട്ടന്നൂര്‍ പോലീസാണ് കേസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 2018 മുതല്‍ ഫര്‍സീന് എതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട്. രാഷ്ട്രീയമായി പകവീട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അതിനായി പോലീസിനെ ഉപയോഗിക്കുന്നുവെന്നുമാണ് ഫര്‍സീന്‍ മജീദും കോണ്‍ഗ്രസ് നേതാക്കളും പ്രതികരിച്ചത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share
error: Content is protected !!