കൈരളി പ്രവർത്തകർ തുണയായി: തൊഴിൽ തട്ടിപ്പിന് ഇരകളായ പ്രവാസികള്‍ക്ക് നാട്ടിലേക്കുള്ള വഴിയൊരുങ്ങി

ഒമാനിൽ തൊഴിൽ തട്ടിപ്പിന് ഇരകളായ തമിഴ്‍നാട് സ്വദേശികൾക്ക് തുണയായി സീബിലെ കൈരളി പ്രവർത്തകർ. സ്ഥിരമായ തൊഴിൽ ലഭിക്കുമെന്ന വാഗ്ദാനം വിശ്വസിച്ച്‌ സന്ദർശക വിസയിൽ ഒമാനിലെത്തിയ സോറിസ് ഹെർബേലിൻ, ജോർജ് സിലുവായ്. സാധ്യ ജിബിസിയോൻ, ജിസ് ജോർജ്, ലോറെൻസ്, പ്രവീൺ കുമാർ, അംബുരോസ്‌ കുമാർ, ആന്റണി  എന്ന മത്സ്യത്തൊഴിലാളികളാണ് ഒമാനില്‍ ദുരിതം അനുഭവിക്കുന്നത്.

സന്ദർശക വിസ, തൊഴിൽ വിസയാക്കി മാറ്റി നൽകാമെന്ന വാഗ്ദാനം വിശ്വസിച്ചായിരുന്നു ഇവർ മാർച്ച് പതിമൂന്നിന്  മസ്കറ്റിലെത്തിയത്. തെക്കൻ ശർഖിയ ഗവര്‍ണറേറ്റിലെത്തിയ ഇവരുടെ സന്ദർശന വിസ തൊഴിൽ വിസയാക്കി മാറ്റാന്‍ സാധിക്കാതെ വന്നതോടെ തൊഴിലുടമ ഇവരെ കൈവിടുകയായിരുന്നു.

പിന്നീട് സീബ് ഹാർബറിൽ ഭക്ഷണവും കുടിവെള്ളവുമില്ലാതെ ദിവസങ്ങളോളം ബോട്ടിൽ കഴിഞ്ഞിരുന്ന ഇവരുടെ ദയനീയ
അവസ്ഥ മനസിലാക്കിയ  സീബിലെ കൈരളി പ്രവർത്തകർ ഇവർക്ക് സഹായവുമായി എത്തുകയായിരുന്നു.

സീബ് കൈരളി ഭാരവാഹികളായ വിബിൻ,  ഇഖ്‍ബാൽ, സുധാകരൻ, രാജുജോൺ, ഗോപൻ എന്നിവരുടെ നേതൃത്വത്തിൽ  ഭക്ഷണവും മറ്റു അത്യാവശ്യ സാധനങ്ങളും ഇവർക്ക് ബോട്ടില്‍ എത്തിച്ചു കൊടുത്തു. ഒപ്പം നാട്ടിലേക്ക് മടക്കി അയക്കാനുള്ള നിയമ നടപടികൾ ആസൂത്രണം ചെയ്തു.

ഇവരെ സീബ് കൈരളി പ്രവർത്തകർ മസ്കറ്റ് ഇന്ത്യൻ എംബസ്സിസിയിൽ എല്ലാ മാസവും നടന്നുവരാറുള്ള ഓപ്പൺ ഹൗസിൽ എത്തിച്ചു. തൊഴിലാളികള്‍ നേരിടുന്ന ദുരിതം ഇന്ത്യൻ സ്ഥാനപതി അമിത് നാരംഗിന്റെ നേരിട്ടുള്ള ശ്രദ്ധയില്‍പെടുത്താന്‍ ഇത് സഹായകമായി.  ഒമാനില്‍ കുടുങ്ങിപ്പോയ ഇവരുടെ സന്ദർശന വിസയുടെ കാലാവധി കഴിഞ്ഞതുമൂലം ഉണ്ടായ പിഴ, ഇന്ത്യൻ എംബസിയുടെ  ഇടപെടലിലൂടെ റോയൽ ഒമാൻ പൊലീസ് പൂർണമായും ഒഴിവാക്കി നല്‍കി.

തമിഴ്‍നാട്  സർക്കാരിന്റെ എന്‍.ആര്‍.ടി വകുപ്പ് വിമാന ടിക്കറ്റുകള്‍ കൂടി നല്‍കിയതോടെ ഇവരുടെ മടക്ക യാത്രയുടെ കടമ്പകൾ ഇല്ലാതെയായി. മത്സ്യത്തൊഴിലാളികൾക്ക് നാടണയാൻ സംവിധാനമൊരുക്കുകയ ഒമാൻ അധികൃതർക്കും, മസ്കറ്റ് ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിനും, തമിഴ്‍നാട് സർക്കാരിനും സീബ് കൈരളി ഭാരവാഹികള്‍ പ്രത്യേകം നന്ദി അറിയിച്ചു.

ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് മസ്‌കറ്റിലെ  ഇന്ത്യന്‍ സ്ഥാനപതിയെ നേരിൽ കണ്ട് പരാതികൾ അറിയിക്കാനും പരിഹാരമാർഗങ്ങൾ കണ്ടെത്തുവാനുമായി എല്ലാ മാസവും സ്ഥാനപതി കാര്യാലയം  നടത്തി വരുന്ന പരിപാടിയാണ് ഓപ്പൺ ഹൗസ്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!