വിമാനത്തിനുള്ളിൽ മാസ്ക് ധരിക്കണമെന്ന് കർശന നിർദ്ദേശം; വിമാനത്താവളത്തിലും വിമാനത്തിനകത്തും മിന്നൽ പരിശോധന നടത്തും
വിമാനത്തിനുള്ളിൽ യാത്രക്കാർ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് ഇന്ത്യൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) ആവശ്യപ്പെട്ടു. മാസ്ക് ഉൾപ്പെടെ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ എയർലൈൻ കമ്പനികൾ നടപടി സ്വീകരിക്കണമെന്നും ഡി.ജി.സി.എ കർശന നിർദേശം നൽകി.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഡിജിസിഎയുടെ പുതിയ നിർദേശം. യാത്രക്കാർ കൃത്യമായി മാസ്ക് ധരിക്കുന്നുണ്ടെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും വിമാന കമ്പനികൾ ഉറപ്പാക്കണം. ചട്ടം ലംഘിക്കുന്ന യാത്രക്കാർക്കെതിരെ നടപടിയെടുക്കാനും വിമാന കമ്പനികളോട് നിർദ്ദേശിച്ചു. ഇതിനായി വിമാനത്താവളങ്ങളിലും വിമാനത്തിനകത്തും മിന്നൽ പരിശോധന നടത്തുമെന്നും ഡി.ജി.സി.എ മുന്നറിയിപ്പ് നൽകി.