ഷാജഹാൻ വധം: സിപിഎം നിലപാടിനെ തള്ളി യച്ചൂരിയും, കാനവും, സുധാകരനും; വെട്ടിലായി സിപിഎം

സിപിഎം നേതാവ് ഷാജഹാന്റെ കൊലപാതകത്തില്‍ പാര്‍ട്ടി സംസ്ഥാനഘടകത്തിന്റെ നിലപാട് തള്ളി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. ഷാജഹാനെ കൊലപ്പെടുത്തിയത് ആര്‍എസ്എസ് ആണെന്നായിരുന്നു സംസ്ഥാന നേതാക്കളുടെ നിലപാട്. എന്നാല്‍ ഇത്തരം ‍നിഗമനങ്ങളിലേക്കെത്താന്‍ സമയമായിട്ടില്ലെന്നും പൊലീസ് അന്വേഷണം നടക്കട്ടെയെന്നും യച്ചൂരി പ്രതികരിച്ചു.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഇതേ നിലപാടാണ് സ്വീകരിച്ചത്. കൊലപാതകമുണ്ടായാല്‍ ഉടന്‍തന്നെ ആരോപണമുന്നയിക്കുന്നത് ശരിയല്ല. സമാധാനം തകര്‍ക്കാര്‍ ആരെങ്കിലും ശ്രമിക്കുന്നുണ്ടോയെന്ന് പൊലീസ് കണ്ടുപിടിക്കട്ടെ. നിയമസഭയിലുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കൊലപാതകങ്ങളെ തള്ളിപ്പറഞ്ഞിട്ടുണ്ടെന്നും കാനം ചൂണ്ടിക്കാട്ടി.

അതേസമയം, അതേസമയം, ഷാജഹാന്റെ കൊലപാതകത്തിന് പിന്നിൽ ആർ.എസ്.എസാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ആരോപിച്ചു. കൊലയാളികൾക്ക് കഞ്ചാവ് മാഫിയയുമായും ക്രിമിനൽ സംഘവുമായും ബന്ധമുണ്ട്. കഞ്ചാവ് വിൽപന ഷാജഹാൻ ചോദ്യംചെയ്തതാണ് കൊലപാതക കാരണം. കൊല നടത്തിയവർ മറ്റു കേസുകളിലും പ്രതികളാണ്. കൊല നടത്തിയിട്ട് ആർ.എസ്.എസ് വ്യാജ പ്രചാരണം അഴിച്ചുവിടുകയാണെന്നും സെക്രട്ടേറിയറ്റ് പറഞ്ഞു. എന്നാൽ മതരാഷ്ട്രവാദത്തെ എതിര്‍ക്കുന്നതിനാലാണ് ഷാജഹാനെ കൊലപ്പെടുത്തിയതെന്നും ഇതിനുപിന്നില്‍ ആര്‍എസ്എസ് ആണെന്നും മന്ത്രി പി.എ.മുഹമ്മദ് റിയാസ് ആരോപിച്ചു.

എന്നാൽ ഷാജഹാന്റെ കൊലപാതകം സി.പി.എമ്മിനകത്ത് നടന്ന കൊലപാതകമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞു. ആരെയും കൊല്ലുന്ന സംഘമായി സി.പി.എം മാറി. സംസ്ഥാന സർക്കാറിന്റെ കൈയിൽ ഉള്ളതിനേക്കാൾ ആയുധം സി.പി.എമ്മിന്റെ കൈയിൽ ഉണ്ട്. സി.പി.എമ്മിനെതിരെ ആരോപണം ഉന്നയിക്കുന്നത് അവരുടെ പ്രവർത്തകർ തന്നെയാണ്. അക്രമികൾ പാർട്ടി അംഗങ്ങളാണെന്ന് ദൃക്സാക്ഷി പറയുന്നു. സി.പി.എമ്മിന് എങ്ങനെ കൈയൊഴിയാൻ കഴിയും? അക്രമികൾ പാർട്ടി അംഗങ്ങൾ അല്ലെന്ന് പറയുന്ന നേതാക്കളെ പാർട്ടി അംഗങ്ങൾ തന്നെ തിരുത്തുകയാണ്. രാഷ്ട്രീയത്തിനപ്പുറം മറ്റു ചില പ്രശ്നങ്ങൾ കൂടി കൊലപാതകത്തിന് പിന്നിലുണ്ട്. സി.പി.എം എല്ലാ കാലവും അക്രമത്തിന്റെ വക്താക്കളാണെന്നും സംഭവത്തില്‍ കൃത്യമായ അന്വേഷണം വേണമെന്നും സുധാകരന്‍ പറഞ്ഞു.

അതേ സമയം പാലക്കാട് കൊട്ടേക്കാട് സിപിഎം നേതാവ് ഷാജഹാനെ വധിച്ചവരെ തിരിച്ചറിഞ്ഞെന്ന് ജില്ലാ പൊലീസ് മേധാവി ആര്‍.വിശ്വനാഥ് പറഞ്ഞു. എട്ടുപേരടങ്ങിയ സംഘമാണ് കൊല നടത്തിയത്. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യും. കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അക്രമ സംഭവം ഉണ്ടായ ഉടനെ തന്നെ പ്രതികളെ കുറിച്ച് സൂചന നൽകി കൊണ്ട് പ്രസ്താവന നടത്തുന്ന സി.പി.എം രീതി പാർട്ടിക്കുള്ളിലും പ്രതിഷേധത്തിന് കാരണമാക്കിയിട്ടുണ്ട്. എ.കെ.ജി സെൻ്ററിലേക്ക് പടക്കമെറിഞ്ഞ സംഭവത്തിലും ഇതേ നിലപാടായിരുന്നു നേതാക്കൾ സ്വീകരിച്ചിരുന്നത്. എകെജി സെൻ്റർ ആക്രമണം നടന്ന ഉടനെ സംഭവത്തിന് പിന്നിൽ കോണ്ഗ്രസാണെന്ന്  സിപിഎം നേതാക്കൾ ആരോപിച്ചിരുന്നു. ഇതിനെ തുടർന്ന് സംസ്ഥാന വ്യാപകമായി സി.പി.എം പ്രവർത്തകർ കോണ്ഗ്രസ് ഓഫീസുകൾക്ക് നേരെയും മറ്റും അക്രമങ്ങൾ അഴിച്ച് വിടുകയും ചെയ്തു. എന്നാൽ ഇത് വരെ പ്രതികളെ ആരേയും പിടികൂടാൻ പൊലീസ് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ എകെജി സെൻ്റർ ആക്രമണം പാർട്ടി തയ്യാറാക്കിയ നാടകമാണെന്ന് സംശയിക്കുന്നവരാണ് പാർട്ടി പ്രവർത്തകരുൾപ്പെടെ ഭൂരിഭാഗം പേരും.  ഈ സാഹര്യത്തിലാണ് ഷാജഹാൻ വധത്തിലും ബിജെപിക്ക് നേരെയുള്ള ആരോപണം ജനങ്ങളുടംയും നേതാക്കളുടേയും എതിർപ്പിന് കാരണമാകുന്നത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

Share
error: Content is protected !!