പ്രതിഷേധ സാധ്യത: ഡല്‍ഹിയിലെ പരിപാടികള്‍ റദ്ദാക്കി ജലീല്‍ നാട്ടിലെത്തി; വിമര്‍ശനവുമായി ഗവര്‍ണർ

തിരുവനന്തപുരം: കശ്മീരുമായി ബന്ധപ്പെട്ട് വിവാദ പരാര്‍ശം നടത്തിയ ഇടത് എംഎല്‍എ കെ.ടി.ജലീലിനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ജലീലിന്റെ പരാമര്‍ശങ്ങള്‍ നിര്‍ഭാഗ്യകരമാണെന്ന് പറഞ്ഞ ഗവര്‍ണര്‍, ഇത്തരമൊരു പരാമർശം തന്നെ ആശ്ചര്യപ്പെടുത്തിയെന്നും വ്യക്തമാക്കി. പ്രസ്താവന ഒരിക്കലും അംഗീകരിക്കാനാവാത്തതാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

വ്യക്തിപരമായി പരാമര്‍ശങ്ങളില്‍ തനിക്ക് വേദനതോന്നുന്നു. അപ്രതീക്ഷിതമോ യാദൃശ്ചികമോ ആയി പോസ്റ്റിനെ കരുതുന്നില്ല. ചരിത്രരേഖകള്‍ പരിശോധിച്ചിട്ടാണോ അജ്ഞതയില്‍ നിന്നാണോ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉണ്ടായതെന്ന് വ്യക്തമല്ല. ഇതൊരിക്കലും അംഗീകരിക്കാനാകില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഇതിനിടെ കെ.ടി.ജലീല്‍ ഡല്‍ഹിയില്‍ നേരത്തെ നിശ്ചയിച്ച പരിപാടികള്‍ റദ്ദാക്കി നാട്ടില്‍ മടങ്ങിയെത്തി. പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഡല്‍ഹിയില്‍ നോര്‍ക്ക സംഘടിപ്പി നിയമസഭാസമിതി യോഗത്തിലും ജലീല്‍ പങ്കെടുക്കില്ല. ഞായറാഴ്ച രാവിലെയാണ് ജലീല്‍ നാട്ടില്‍ തിരിച്ചെത്തിയത്. ഡല്‍ഹിയില്‍ ചില സംഘടനകളുടെ നേതൃത്വത്തില്‍ ജലീലിനെതിരെ പ്രതിഷേധം നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടയിലാണ് അദ്ദേഹം പരിപാടികള്‍ റദ്ദാക്കി ഞായറാഴ്ച പുലര്‍ച്ചെതന്നെ ഡല്‍ഹിയില്‍ നിന്ന് നാട്ടിലേക്ക് വിമാനം കയറിയതെന്നാണ് സൂചന.

വീട്ടില്‍ നിന്ന് വിളിച്ചതിനെ തുടര്‍ന്നാണ് പരിപാടികള്‍ റദ്ദാക്കി ജലീല്‍ ഡല്‍ഹിയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയതെന്ന് മുന്‍ മന്ത്രിയും നിയമസഭാ സമിതി അധ്യക്ഷനുമായ എ.സി.മൊയ്തീന്‍ പറഞ്ഞു. കശ്മീരുമായി ബന്ധപ്പെട്ട് സിപിഎമ്മിന് വ്യക്തമായ അഭിപ്രായമുണ്ട്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും യോജിക്കുന്ന നിലാപാടാണ് തങ്ങള്‍ സ്വീകരിക്കാറുള്ളതെന്നും മൊയ്തീന്‍ വ്യക്തമാക്കി.

വിവാദ പോസ്റ്റിന്റെ പേരില്‍ ജലീലിനെതിരേ രണ്ട് കേസുകളാണ് നിലവിലുള്ളത്. സുപ്രീംകോടതി അഭിഭാഷകന്‍ ഡല്‍ഹി പോലീസില്‍ പരാതി നല്‍കി. ബി.ജെ.പി. പ്രവര്‍ത്തകന്‍കൂടിയായ ജി.എസ്. മണിയാണ് തിലക് മാര്‍ഗ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. തിരുവനന്തപുരത്തും അദ്ദേഹത്തിനെതിരെ പരാതിയുണ്ട്.

വിവാദ ഫെയ്സ്ബുക്ക് പോസ്റ്റിനെക്കുറിച്ച് മാധ്യമങ്ങളോട് അദ്ദേഹം ഒരുരീതിയിലും പ്രതികരിക്കന്‍ തയ്യാറായിട്ടില്ല. നിയമസഭാ പ്രവാസിക്ഷേമകാര്യ സമതിയംഗമായ ജലീല്‍ ഉത്തരേന്ത്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി കശ്മീരില്‍ പോയശേഷം ശനിയാഴ്ച രാത്രി പത്തോടെയാണ് ഡല്‍ഹി വിമാനത്താവളത്തിലെത്തിയത്. മാധ്യമങ്ങള്‍ കാത്തുനിന്നെങ്കിലും പ്രതികരണമുണ്ടായില്ല. വിമാനത്താവളത്തില്‍നിന്ന് രാത്രി തങ്ങാനായി കേരള ഹൗസിലെത്തിയപ്പോഴും ചോദ്യങ്ങളോട് മുഖംതിരിച്ചു. പുലര്‍ച്ചെ തന്നെ അദ്ദേഹം നാട്ടിലേക്ക് വിമാനം കയറുകയുംചെയ്തു.

ഫെയ്സ്ബുക് കുറിപ്പിൽ പാക്ക് അധിനിവേശ കശ്മീരിനെ ‘ആസാദ് കശ്മീർ’ എന്നും കശ്മീർ താഴ്‌വരയെയും ജമ്മുവിനെയും ലഡാക്കിനെയും ചേർത്ത് ‘ഇന്ത്യൻ അധീന കശ്മീർ’ എന്നും ജലിൽ വിശേഷിപ്പിച്ചിരുന്നു. മറ്റൊരു കുറിപ്പിലൂടെ തന്റെ നടപടിയെ ജലീൽ, പിന്നീട് ഖേദം പ്രകടിപ്പിച്ചു. തന്റെ പരാമർശങ്ങൾ ദുർവ്യാഖ്യാനം ചെയ്തതാണെന്ന ന്യായീകരണത്തിന് അപ്പോഴും മുതിർന്നു. വിവാദമായ ആദ്യ കുറിപ്പിലെ പരാമർശങ്ങൾ എഡിറ്റ് ചെയ്തു തിരുത്തുകയും ചെയ്തു. രാജ്യദ്രോഹക്കേസ് ചുമത്തി ജലീലിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി ബിജെപിയുടെ കശ്മീർ ഘടകം രംഗത്തെത്തിയിരുന്നു.

വിശേഷണങ്ങൾ അനുചിതമായെന്നു സിപിഎം വിലയിരുത്തി. പാർട്ടി കേന്ദ്രത്തിൽനിന്നു ജലീലിനു തിരുത്തൽ നിർദേശം ലഭിക്കുകയും ചെയ്തു. മുഖ്യമന്ത്രിയോ സിപിഎം നേതൃത്വമോ ഔദ്യോഗിക പ്രതികരണത്തിനു തയാറായില്ല. സിപിഎം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ മന്ത്രി എം.വി.ഗോവിന്ദൻ കണ്ണൂരിൽ ജലീലിനെ തള്ളിപ്പറഞ്ഞു. ജലീലിന്റെ പരാമർശം സിപിഎം നിലപാടല്ലെന്നു മന്ത്രി എം.വി.ഗോവിന്ദൻ പരോക്ഷമായി സൂചിപ്പിച്ചു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!