‘ആസാദ് കശ്മീർ’ പരാമർശം: ജലീലിന് കുരുക്ക് മുറുകുന്നു. ഡൽഹിയിൽ പരാതി
കെ.ടി.ജലീൽ എംഎൽഎയ്‌ക്കെതിരെ ഡൽഹി പൊലീസിൽ പരാതി. അഭിഭാഷകൻ ജി.എസ്.മണിയാണ് തിലക് മാർഗ് സ്റ്റേഷനിൽ പരാതി നൽകിയത്. കശ്മീർ സന്ദർശനവുമായി ബന്ധപ്പെട്ട് ജലീൽ ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പ് വിവാദമായിരുന്നു. കശ്മീരിനെ ‘ആസാദ് കശ്മീർ’ എന്നും ജമ്മു കശ്മീരിനെയും ലഡാക്കിനെയും ചേർത്ത് ‘ഇന്ത്യൻ അധീന കശ്മീർ’ എന്നും പരാമർശിച്ചതിനെച്ചൊല്ലിയാണു വിവാദം.
സംഭവത്തിൽ വ്യാപക വിമർശനമാണ് ജലീലിനെതിരെ ഉയർന്നത്. ജലീലിനെതിരെ രാജ്യദ്രാഹക്കുറ്റം ചുമത്തണമെന്നു ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു. ജലീലിന്റെ രാജ്യവിരുദ്ധ പരാമർശം ബോധപൂർവമെങ്കിൽ പിൻവലിച്ച് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജലീലിനെ തള്ളി സിപിഎം നേതാക്കളും രംഗത്തെത്തി. ജലീലിന്റെ പ്രസ്താവന സിപിഎം നിലപാടല്ലെന്ന് മന്ത്രി എം.വി.ഗോവിന്ദന്‍ പറഞ്ഞു. എന്തടിസ്ഥാനത്തിലാണ് പരാമര്‍ശം നടത്തിയതെന്ന് ജലീലിനോട് ചോദിക്കണം. ഇന്ത്യയെക്കുറിച്ചും കശ്മീരിനെക്കുറിച്ചും സിപിഎമ്മിന് വ്യക്തമായ നിലപാടുണ്ട്. അതുമായി ചേരാത്ത മറ്റു പരാമര്‍ശങ്ങളൊന്നും പാര്‍ട്ടി നിലപാടല്ലെന്നും അദ്ദേഹം പറഞ്ഞു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക