നിതീഷ് കുമാർ വീണ്ടും ബീഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; തേജസ്വി യാദവ് ഉപമുഖ്യമന്ത്രി

ബീഹാറിൽ നിതീഷ് കുമാർ മുഖ്യമന്ത്രിയായും, തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ ഫാഗു ചൗഹാൻ സത്യവാചകം ചൊല്ലിക്കൊടുത്തു.

എൻഡിഎ സഖ്യം ഉപേക്ഷിച്ച് പുറത്ത് പോന്നതിന് ശേഷം ജെഡിയു നേതാവ് നിതീഷ് കുമാർ എട്ടാം തവണയും ബീഹാർ മുഖ്യമന്ത്രിയായി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. നിതീഷ് ചൊവ്വാഴ്ചയാണ് ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ചത്. സഖ്യകക്ഷി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു, മണിക്കൂറുകൾക്ക് ശേഷം ആർജെഡിയുടെ തേജസ്വി യാദവിനെ ഡെപ്യൂട്ടി ആയി വീണ്ടും അവകാശവാദമുന്നയിച്ചു. ഇന്ന് നടന്ന ബിഹാറിലെ സത്യപ്രതിജ്ഞാ ചടങ്ങ് ഒരു പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങ് മാത്രമല്ല, 2017-2020 കാലഘട്ടത്തിന്റെ ഘർ വാപ്സിയാണെന്നും ആർജെഡി എംപി മനോജ് ഝാ പറഞ്ഞു.

ജെഡിയുവും ബി ജെ പിയും തമ്മിൽ ആഴ്ച്ചകളോളം നീണ്ടുനിന്ന പിരിമുറുക്കത്തിന് ശേഷമാണ് നിതീഷ് കുമാർ എൻഡിഎ സഖ്യസർക്കാരിൽ നിന്ന് പിരിഞ്ഞ് ആർജെഡി, കോൺഗ്രസ്, മറ്റ് പ്രാദേശിക പാർട്ടികൾ എന്നിവരുമായി കൈകോർത്തത്. 71 കാരനായ നിതീഷ് കുമാർ ചൊവ്വാഴ്ച ബിഹാർ ഗവർണർക്ക് മുഖ്യമന്ത്രി സ്ഥാനത്തുനിന്നുള്ള രാജി സമർപ്പിക്കുകയും മഹാഗത്ബന്ധൻ (മഹാസഖ്യം) തലവനായി സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിക്കുകയും ചെയ്തിരുന്നു.

 

പുതിയ ഭരണസഖ്യം ഏഴ് പാർട്ടികളുടെ മഹാസഖ്യം ആയിരിക്കുമെന്ന് നിതീഷ് കുമാർ ഇന്നലെ പറഞ്ഞിരുന്നു. ആര്‍ജെഡി, ജെഡിയു, കോൺഗ്രസ്, സിപിഐ (എംഎൽ), ഹിന്ദുസ്ഥാനി അവാം മോർച്ച, സിപിഐ, സിപിഎം എന്നീ പാർട്ടികളാണ് സഖ്യത്തിലുള്ളത്.

മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും മാത്രമാണ് ഇന്ന് രാജ്ഭവനില്‍ ചേര്‍ന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്തത്. മന്ത്രിസഭാ വിപുലീകരണം അടുത്ത ദിവസം തന്നെയുണ്ടാകും. മന്ത്രിസഭയില്‍ ആര്‍ജെഡിക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെന്നാണ് വിവരം. സ്പീക്കര്‍ പദവിയും ആര്‍ജെഡിക്കായിരിക്കും. ആഭ്യന്തര വകുപ്പ് തേജസ്വി ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നിതീഷ്-തേജസ്വി കൂട്ടുക്കെട്ട് ബിഹാറില്‍ ഇത് രണ്ടാം തവണയാണ് അധികാരത്തില്‍ വരുന്നത്. 2015-ലായിരുന്നു നിതീഷിന്റേയും തേജസ്വിയുടേയും നേതൃത്വത്തിലുള്ള ആദ്യ മഹാസഖ്യ സര്‍ക്കാര്‍ അധികാരത്തിലേറിയത്. 2017 ആര്‍ജെഡിയുമായുള്ള സഖ്യം ഉപേക്ഷിച്ച നിതീഷ് ബിജെപിയുമായുള്ള ബന്ധം പുനഃസ്ഥാപിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ടോടെയാണ് നിതീഷ് ബിജെപി സഖ്യം ഉപേക്ഷിച്ച് വീണ്ടും ആര്‍ജെഡിയുമായി കൂട്ടുക്കെട്ടുണ്ടാക്കിയത്.

നിതീഷ് ജനവിധി അട്ടിമറിച്ചുവെന്നാരോപിച്ച് ബിജെപി സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തുന്നതിനിടെയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്‌. സത്യപ്രതിജ്ഞ ചടങ്ങിന് മുമ്പായി നിതീഷ് ആര്‍ജെഡി മേധാവി ലാലുപ്രസാദ് യാദവുമായി ഫോണില്‍ സംസാരിച്ചു. പുതിയ തീരുമാനത്തിന് ലാലു നിതീഷിനെ അഭിനന്ദിച്ചു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!