ഡൽഹി വിമാനത്താവളത്തിൽ നിറുത്തിയിട്ടിരുന്ന ഇൻഡിഗോ വിമാനത്തിനടിയിലേക്ക് ഗോ ഫസ്റ്റിൻ്റെ കാർ പാഞ്ഞുകയറി – വീഡിയോ
ഗോ ഫസ്റ്റ് എയർലൈൻസിന്റെ മാരുതി സ്വിഫ്റ്റ് ഡിസയർ കാർ ഇന്ന് (ചൊവ്വാഴ്ച) ഡൽഹി വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനവുമായുള്ള കൂട്ടിയിടിയിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. കാർ വിമാനത്തിന് താഴെ കുടുങ്ങി കിടന്നു. ഗോ ഫസ്റ്റിൻ്റെ ഗ്രൌണ്ട് സർവീസ് നടത്തുന്ന കാറാണ് വിമാനവുമായുള്ള കൂട്ടിയിടിൽ നിന്ന് രക്ഷപ്പെട്ടത്. വിമാനത്താവളത്തിൽ നിറുത്തിയിട്ടിരുന്ന വിമാനത്തിനടിയിലേക്ക് കാറ് പാഞ്ഞു കയറിയതയാണ് സൂചന. കാർ എങ്ങനെയാണ് അവിടെ എത്തിയതെന്ന് വ്യക്തമല്ലെങ്കിലും, കാർ ഡ്രൈവർ അബദ്ധത്തിൽ വാഹനം ഓടിച്ചതാണെന്ന് അവിടെ ഉണ്ടായിരുന്നവർ പറയുന്നത് വീഡിയോയിൽ കേൾക്കാം.
ഡൽഹി ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിലെ ടെർമിനൽ T-2 ലാണ് സംഭവം. ഇവിടെ പാട്നയിലേക്ക് പറക്കാനായി പാർക്ക് ചെയ്തിരുന്ന ഇൻഡിഗോയുടെ VT-ITJ വിമാനത്തിനടിയിലേക്ക് കാർ പാഞ്ഞെത്തുകയായിരുന്നു. പിന്നീട് കാറ് അവിടെ കുടുങ്ങി കിടന്നു. ഏറെ നേരത്തെ ശ്രമത്തിന് ശേഷമാണ് കാർ മാറ്റാനായത്.
കാറുമായുള്ള കൂട്ടിയിടിൽ നിന്ന് ഇൻഡിഗോ വിമാനം കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഈ സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ ഇൻഡിഗോയും ഗോ ഫസ്റ്റും തയ്യാറായില്ലെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
വിമാനത്താവളത്തിന്റെ ടി2 ടെർമിനലിലെ സ്റ്റാൻഡ് നമ്പർ 201ൽ നടന്ന സംഭവത്തെക്കുറിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അന്വേഷിക്കുമെന്ന് അധികൃതർ അറിയിച്ചു. കാർ ഡ്രൈവറെ മദ്യം കഴിച്ചതിന് ബ്രീത്ത് അനലൈസർ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ അത് നെഗറ്റീവാണെന്ന് കണ്ടെത്തിയതായി അധികൃതർ കൂട്ടിച്ചേർത്തു.
വിമാനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും വ്യോമയാന വ്യവസായ വൃത്തങ്ങൾ അറിയിച്ചു. തടസ്സങ്ങൾ നീക്കിയ ശേഷം ഷെഡ്യൂൾ പ്രകാരം വിമാനം പട്‌നയിലേക്ക് പുറപ്പെട്ടു.
#WATCH | A Go Ground Maruti vehicle stopped under the nose area of the Indigo aircraft VT-ITJ that was parked at Terminal T-2 IGI airport, Delhi. It was an Indigo flight 6E-2022 (Delhi–Patna) pic.twitter.com/dxhFWwb5MK
— ANI (@ANI) August 2, 2022
സ്പൈസ് ജെറ്റ് വിമാനത്തിന് പിറകെ ഇൻഡിഗോയിലും പലതരം പ്രതിസന്ധികൾ രൂപപ്പെടുകയാണ്. ജൂലൈ 28 ന് കൊൽക്കത്തയിലേക്ക് പോവുകയായിരുന്ന ഇൻഡിഗോ വിമാനം ടേക്ക് ഓഫിനിടെ അസമിലെ ജോർഹട്ട് വിമാനത്താവളത്തിൽ റൺവേയിൽ നിന്ന് തെന്നിമാറി. ആറുമണിക്കൂറോളം ശ്രമിച്ചിട്ടും സാങ്കേതിക തകരാർ പരിഹരിക്കാൻ ഉദ്യോഗസ്ഥർ പരാജയപ്പെട്ടതോടെ വിമാനം റദ്ദാക്കി.
വിമാനത്തിന് ബോംബ് ഭീഷണിയുണ്ടായതിനെ തുടർന്ന് ജൂലൈ 21 ന്, ഒരു ഇൻഡിഗോ വിമാനം പട്‌ന വിമാനത്താവളത്തിൽ ഇറക്കുകയും യാത്രക്കാർക്ക് പുറത്തിറങ്ങേണ്ടിയും വന്നു.
നേരത്തെ യുഎഇയിലെ ഷാർജയിൽ നിന്ന് ഹൈദരാബാദിലേക്കുള്ള മറ്റൊരു ഇൻഡിഗോ വിമാനം വിമാനത്തിൽ സാങ്കേതിക തകരാർ ഉണ്ടെന്ന് പൈലറ്റ് അറിയിച്ചതിനെ തുടർന്ന് പാക്കിസ്ഥാനിലെ കറാച്ചിയിലേക്ക് തിരിച്ചുവിട്ടിരുന്നു.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ, അതായത് ഏപ്രിൽ 1 മുതൽ ജൂൺ 30 വരെ, 150 സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്തതായി സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പാർലമെന്റിൽ സംസാരിക്കവെ പറഞ്ഞു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക