‘ഹലോ, ഇത് ഷെയ്ഖ് ഹംദാനാണ്’; ദൂബൈ കിരീടാവകാശിയുടെ ആ ഫോൺവിളി ലോകമാധ്യമങ്ങളിൽ വൈറലാകുന്നു.
റോഡിൽ കിടന്നിരുന്ന രണ്ട് ഹോളോ ബ്രിക്സ് കട്ടകൾ എടുത്ത് മാറ്റി, ഗതാഗത തടസ്സം മാറ്റാൻ ശ്രമിച്ച പാക്കിസ്ഥാൻ പൌരനായ ഡെലിവറി ബോയിയെ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ അഭിനന്ദിച്ച വാർത്ത ആഗോള തലത്തിൽ വൈറലാകുന്നു.
അറബ് വംശജർക്കിടയിൽ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂെ പ്രചരിച്ച വാർത്ത ഇന്ന് പല രാജ്യങ്ങളിലും പത്രങ്ങളിലെ പ്രധാന വാർത്തയാണ്. പാക്കിസ്ഥാൻ പത്രങ്ങൾ ഇത് വലിയ ആഘോഷം തന്നെ ആക്കിയിട്ടുണ്ട്. വിവിധ രാജ്യങ്ങളിൽ സമൂഹ മാധ്യമങ്ങളിലൂടെയും ഇതിൻ്റെ വീഡിയോയും വാർത്തയും പ്രചരിക്കുന്നുണ്ട്.
പാക്കിസ്ഥാൻ പൌരനായ അബ്ദുൽ ഗഫൂർ എന്ന ഡെലിവറി ബോയിയെ ഒരു ഭരണാധികാരി പ്രശംസിച്ചത് മറ്റു രാജ്യങ്ങളിലെ ഭരണാധികാരികൾക്ക് മാതൃകയാക്കാമെന്നാണ് പലരും കമൻ്റ് ചെയ്യുന്നത്. വളരെ നിസ്സാരമായ ഒരു പ്രവർത്തനത്തിന് ഇത്രയും വലിയ അഭിനന്ദനം അറിയിക്കാൻ വിശാല മനസ്സ് കാണിച്ച ഷൈഖ് ഹംദാനും, അബ്ദുൽ ഗഫൂറിനും ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അഭിനന്ദന പ്രവാഹം തുടരുകയാണ്.
ചെയ്യുന്ന പ്രവൃത്തിക്ക് അഭിനന്ദനം ലഭിച്ചാൽ ഏതൊരാൾക്കും സന്തോഷം തോന്നും. എന്നാൽ, ആ അഭിനന്ദനവും നന്ദിയും രാജ്യം ഭരിക്കുന്ന ഭരണാധികാരിയിൽ നിന്നാണെങ്കിലോ? ദുബായിൽ ഡെലിവറി ജോലി ചെയ്യുന്ന പാക്കിസ്ഥാൻ സ്വദേശിയായ അബ്ദുൽ ഗഫൂർ അത്തരമൊരു സന്തോഷത്തിലാണ്. ഫോൺ വഴി അഭിനന്ദനം ലഭിച്ചത് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൽ നിന്നും. അബ്ദുൽ ഗഫൂറിനെ അഭിനന്ദിച്ച ഷെയ്ഖ് ഹംദാൻ അദ്ദേഹത്തിന്റെ പ്രവർത്തിക്ക് നന്ദി പറയുകയും നേരിട്ട് കാണാമെന്ന് ഉറപ്പു നൽകുകയും ചെയ്തു.
കഴിഞ്ഞ ദിവസം ഡെലിവറി ജോലിക്കിടെ തിരക്കേറിയ അൽഖൂസ് ജംഗ്ഷനിലാണ് സംഭവം നടന്നത്. ബൈക്കിൽ പോവുകയായിരുന്ന അബ്ദുൽ ഗഫൂർ റോഡിന്റെ നടുവിൽ കിടന്നിരുന്ന രണ്ട് കോൺക്രീറ്റ് കട്ടകൾ എടുത്തു മാറ്റി. മറ്റൊരു വാഹനത്തിൽ ഇരുന്ന ആരോ ഈ ദൃശ്യങ്ങൾ പകർത്തി. അധികം വൈകാതെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും മികച്ച പ്രവർത്തി ചെയ്ത ഡെലിവറി ബോയിയെ അഭിനന്ദിക്കുകയും ചെയ്തു. ഈ വിഡിയോ ഷെയ്ഖ് ഹംദാന്റെ ശ്രദ്ധയിലും വന്നു. ‘ദുബായിൽ നടന്ന ഈ കാര്യം പ്രശംസ അർഹിക്കുന്നതാണ്. ആരാണ് ഈ വ്യക്തിയെന്ന് ആരെങ്കിലും ചൂണ്ടിക്കാണിക്കുമോ’– എന്നു ചോദിച്ച് വൈറൽ വിഡിയോ ഷെയ്ഖ് ഹംദാൻ തന്റെ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.
An act of goodness in Dubai to be praised. Can someone point me to this man? pic.twitter.com/clEIWQQe3A
— Hamdan bin Mohammed (@HamdanMohammed) July 31, 2022
22 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ ഷെയ്ഖ് ഹംദാൻ പോസ്റ്റ് ചെയ്ത് ഏതാനും മണിക്കൂറുകൾക്കകം ഡെലിവറി ബോയിയെ തിരിച്ചറിഞ്ഞു. പിന്നീട്, ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ഷെയ്ഖ് ഹംദാൻ തന്നെ ഇക്കാര്യം അറിയിച്ചു. ‘ആ നല്ല മനുഷ്യനെ കണ്ടെത്തി. നന്ദി അബ്ദുൾ ഗഫൂർ, നിങ്ങൾ അനുകമ്പയുള്ള വ്യക്തിയാണ്. നമ്മൾ ഉടനെ കാണും!’– എന്നാണ് ഷെയ്ഖ് ഹംദാൻ കുറിച്ചത്.
‘ഹലോ, ഇത് ഷെയ്ഖ് ഹംദാനാണ്’– ഞായറാഴ്ച അബ്ദുൽ ഗഫൂറിനെ വിളിച്ച് ഷെയ്ഖ് ഹംദാൻ ആദ്യം പറഞ്ഞത് ഇങ്ങനെയാണ്. ആ ഫോൺ കോളിന്റെ ഞെട്ടലിലാണ് അബ്ദുൽ ഗഫൂർ. ഈ സമയം ഡെലിവറിക്കായി പുറത്തായിരുന്നു അബ്ദുൽ ഗഫൂർ. ‘ഞാൻ ചെയ്ത പ്രവർത്തിക്ക് ദുബായ് കിരീടാവകാശി എന്നോട് നന്ദി പറഞ്ഞു. ഇപ്പോൾ അദ്ദേഹം രാജ്യത്തിനു പുറത്താണെന്നും തിരിച്ചെത്തിയാൽ ഉടനെ നേരിട്ട് കാണാമെന്നും അദ്ദേഹം പറഞ്ഞു’– അബ്ദുൽ ഗഫൂർ ഒരു മാധ്യമത്തോട് പറഞ്ഞു.
ഷെയ്ഖ് ഹംദാൻ്റെ ഈ പ്രവർത്തനം ലോക രാജ്യങ്ങളിലെ വിവിധ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചു. ലോകത്തിൻ്റെ മുഴുവൻ പ്രശംസയും പിടിച്ച് പറ്റിയിരിക്കുകയാണ് ഷെയ്ഖ് ഹംദാനും, പാക്കിസ്ഥാൻ പൌരനായ അബ്ദുൽ ഗഫൂറും. ഇരുവരുടേയും സംഗമത്തിൻ്റെ വാർത്തക്കായി കാതോർത്തിരിക്കുകയാണ് ലോകം മുഴുവൻ.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Pingback: 'ഹലോ..ഷെയ്ഖ് ഹംദാൻ വാക്ക് പാലിച്ചിരിക്കുന്നു'; വൈറലായ ആ ഡെലിവറി ബോയിയെ നേരിൽ കണ്ടു, തോളിൽ കയ്