മിഡിൽ ഈസ്റ്റിൽ ആക്രമണ സാധ്യത, ജാഗ്രത പാലിക്കണം; അമേരിക്കൻ പൗരന്മാർക്ക് അധികൃതരുടെ സുരക്ഷാ മുന്നറിയിപ്പ്
അബുദാബി: പശ്ചിമേഷ്യൻ രാജ്യങ്ങളിൽ കഴിയുന്ന തങ്ങളുടെ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. യമനിലെ ഇറാൻ പിന്തുണയുള്ള ഹൂതികളുടെ സാന്നിധ്യവും, മേഖലയിലെ യുഎസ് സർക്കാർ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ള ഇറാന്റെ നീക്കങ്ങളും മുൻനിർത്തി ആക്രമണങ്ങൾക്കുള്ള സാധ്യത വർദ്ധിച്ചിട്ടുണ്ടെന്ന് യുഎസ് അധികൃതർ വ്യക്തമാക്കുന്നു.
നവംബർ 7 ശനിയാഴ്ച യുഎഇയിലെ യുഎസ് മിഷൻ പുറപ്പെടുവിച്ച പ്രത്യേക സുരക്ഷാ മുന്നറിയിപ്പിൽ യാത്രാ തടസ്സങ്ങൾ, വിമാന സർവീസുകൾ റദ്ദാക്കൽ, വ്യോമാതിർത്തി അടച്ചിടൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ പൗരന്മാർ പൂർണ്ണ സജ്ജരായിരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
‘ഇറാൻ പിന്തുണയുള്ള ഹൂതികളുടെ ആക്രമണ ഭീഷണിയും മേഖലയിലെ യുഎസ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ള ഇറാന്റെ ശ്രമങ്ങളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, മിഡിൽ ഈസ്റ്റിലുള്ള അമേരിക്കൻ പൗരന്മാർ അതീവ ജാഗ്രത പുലർത്തണ’മെന്ന് യുഎസ് മിഷൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
നേരത്തെ സൗദി അറേബ്യയിലെ സിവിൽ വിമാനത്താവളങ്ങളെയും പ്രധാന അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് ഹൂതികൾ നടത്തിയ ആക്രമണങ്ങളിൽ ആളപായവും വലിയ രീതിയിലുള്ള യാത്രാ തടസ്സങ്ങളും ഉണ്ടായതായി വാഷിംഗ്ടൺ ചൂണ്ടിക്കാണിച്ചിരുന്നു. മേഖലയിലെ സംഘർഷങ്ങൾ പെട്ടെന്ന് രൂക്ഷമാകാൻ സാധ്യതയുണ്ടെന്നും ഇറാന്റെയും അവരുടെ സഖ്യകക്ഷികളുടെയും നീക്കങ്ങൾ വിദേശത്തുള്ള അമേരിക്കൻ സ്ഥാപനങ്ങളെയും ബിസിനസുകളെയും ബാധിച്ചേക്കാമെന്നും അമേരിക്കൻ അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
…..


