പ്രവാസി മലയാളിക്ക് കോടിക്കിലുക്കം; അമിതിനെ തേടി ആറാം തവണയും ഭാഗ്യദേവത

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീയുടെ ഏറ്റവും പുതിയ മില്ലേനിയം മില്യനയർ നറുക്കെടുപ്പിൽ പ്രവാസികളായ മലയാളിക്കും കർണാടക സ്വദേശിക്കും ഒൻപതര കോടിയിലേറെ രൂപ( 10 ലക്ഷം ഡോളർ) വീതം സമ്മാനം ലഭിച്ചു. മലയാളിയായ പി.എസ് സുരേഷ് , കർണാടക സ്വദേശിയായ രോഹൻ പ്രകാശ് ഫെർണാണ്ടസ്(38) എന്നിവരാണ് വൻ തുക സ്വന്തമാക്കിയത്.

ഇന്നലെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ കോൺകോഴ്സ് എ-യിൽ ദുബായ് ഡ്യൂട്ടി ഫ്രീ മാനേജിങ് ഡയറക്ടർ രമേഷ് ചിദംബരത്തിന്റെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടന്നത്.

∙ 10 സുഹൃത്തുക്കൾ ചേർന്നെടുത്ത ടിക്കറ്റിന് സമ്മാനം
ദുബായിൽ എച്ച്എസ്ഇ കോഓർഡിനേറ്ററായി ജോലി ചെയ്യുന്ന സുരേഷിനെ ഈ മാസം 12ന് ഓൺലൈനായി എടുത്ത 2122 എന്ന ടിക്കറ്റിലൂടെയാണ് (സീരീസ് 555) ഭാഗ്യം തേടിയെത്തിയത്. കഴിഞ്ഞ ഏഴ് വർഷമായി ദുബായിൽ താമസിക്കുന്ന സുരേഷ് ഒൻപത് മലയാളി സുഹൃത്തുക്കൾക്കൊപ്പം ചേർന്നാണ് ടിക്കറ്റിന്റെ തുക പങ്കിട്ടത്. കഴിഞ്ഞ ഏഴ് വർഷമായി ഇവർ ഒരുമിച്ച് ടിക്കറ്റുകൾ എടുക്കുന്നുണ്ട്. ഒരു കുട്ടിയുടെ പിതാവായ സുരേഷ് സമ്മാനത്തുക ഉപയോഗിച്ച് നാട്ടിൽ സ്വന്തമായി ഒരു വീട് വയ്ക്കുമെന്ന് പറഞ്ഞു.

∙ കാറിന്റെ നമ്പർ പ്ലേറ്റ് നൽകിയ ലക്കി നമ്പർ
ദുബായിൽ 15 വർഷമായി താമസിക്കുന്ന കർണാടക സ്വദേശി രോഹൻ പ്രകാശ് ഫെർണാണ്ടസ് കഴിഞ്ഞ 10 വർഷമായി ദുബായ് ഡ്യൂട്ടി ഫ്രീ ടിക്കറ്റുകൾ വാങ്ങുന്നു. ജൂലൈ 31നാണ് ഓൺലൈനായി 1710 എന്ന നമ്പറിലുള്ള ടിക്കറ്റ് (സീരീസ് 554) എടുത്തത്. വഴിയിൽ കണ്ട ഒരു കാറിന്റെ നമ്പർ പ്ലേറ്റിലെ അക്കങ്ങൾ ഇഷ്ടപ്പെട്ട് ആ നമ്പർ തിരഞ്ഞെടുക്കുകയായിരുന്നു. ദുബായിലെ മറൈൻ അധിഷ്ഠിത കമ്പനിയിൽ എൻജിനീയറായി ജോലി ചെയ്യുന്ന ഇദ്ദേഹം ഒരു കുട്ടിയുടെ പിതാവാണ്. സമ്മാനത്തുക മകളുടെ വിദ്യാഭ്യാസത്തിനും ഭാവി സുരക്ഷിതമാക്കുന്നതിനുമായി മാറ്റിവയ്ക്കുമെന്നും ബാക്കി തുക നിക്ഷേപത്തിനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമായി ഉപയോഗിക്കുമെന്നും വ്യക്തമാക്കി.

∙ ആറാം തവണയും ഭാഗ്യദേവതയുടെ കടാക്ഷം
മില്ലേനിയം മില്യനയർ നറുക്കെടുപ്പിന് പിന്നാലെ നടന്ന ഫൈനസ്റ്റ് സർപ്രൈസ് നറുക്കെടുപ്പിൽ വാഹനം സമ്മാനമായി നേടിയവരിലും പ്രവാസി ഇന്ത്യക്കാർ മുന്നിൽ. ദുബായിൽ താമസിക്കുന്ന 52 വയസ്സുകാരനായ ഇന്ത്യൻ പ്രവാസി അമിത് സറാഫ് ബിഎംഡബ്ല്യു ഗ്രാൻ ലൂസോ ആഡംബര കാർ സ്വന്തമാക്കി. ഈ മാസം 12ന് എടുത്ത 1914 എന്ന ടിക്കറ്റിലൂടെയാണ് (സീരീസ് 1959) ഈ നേട്ടം. ഇത് ആറാം തവണയാണ് ദുബായ് ഡ്യൂട്ടി ഫ്രീയിലൂടെ അമിതിന് സമ്മാനം ലഭിക്കുന്നത്. മുൻപ് രണ്ട് തവണ 10 ലക്ഷം ഡോളർ ജാക്ക്പോട്ടുകളും രണ്ടുതവണ മെഴ്‌സിഡസ് ബെൻസ് കാറുകളും സമ്മാനകാർഡും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Share