“അള്ളാഹുവിന് സ്തുതി, ഹോർമുസ് ഇനി ഞങ്ങൾ നിയന്ത്രിച്ചോളാം”; വീണ്ടും അവകാശവാദവുമായി ട്രംപ്

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൻ്റെ പൂർണനിയന്ത്രണം ഏറ്റെടുത്തെന്ന അവകാശവാദവുമായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ട്രൂത്ത് സോഷ്യലിൽ ഇട്ട പോസ്റ്റിലാണ് ട്രംപ് ഈ വാദമുന്നയിച്ചത്. ഇനിയങ്ങോട്ട് ഹോർമുസിൻ്റെ നിയന്ത്രണം വിട്ടുകൊടുക്കാൻ യുഎസ് ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

യുഎസ് നാവികസേന ഒരുക്കിയ ഉരുക്കു കോട്ട തകർക്കാൻ ഇറാന് കഴിയില്ലെന്നും ട്രംപ് ചൂണ്ടിക്കാട്ടി. ട്രംപിൻ്റെ വാദം ഇതുവരെ ഇറാൻ അംഗീകരിച്ചിട്ടില്ലെങ്കിലും, പശ്ചിമേഷ്യയിലൂടെ ഇന്ധനം നീക്കം ഉൾപ്പെടെയുള്ള ചരക്ക് നീക്കത്തിൻ്റെ തന്ത്രപ്രധാന ഇടനാഴിയെന്ന് അറിയപ്പെടുന്ന ഹോർമുസ് കടലിടുക്കിൻ്റെ നിയന്ത്രണം യു.എസ് സൈന്യത്തിനാണെന്ന് ബുധനാഴ്ച ട്രംപ് വീണ്ടും അവകാശപ്പെട്ടു.

“ഹോർമുസ് കടലിടുക്കിന്മേൽ അമേരിക്കയ്ക്ക് പൂർണ നിയന്ത്രണമുണ്ട്. ഞങ്ങൾ അത് നിലനിർത്തുമെന്ന് ഞാൻ കരുതുന്നു. നമ്മുടെ നാവിക ഉപരോധത്തെ എല്ലാവരും ഉരുക്ക് മതിൽ എന്നാണ് വിളിക്കുന്നത്. ഇറാന് അതിനെക്കുറിച്ച് ഒന്നും ചെയ്യാൻ കഴിയില്ല,” ട്രംപ് ടൂത്ത് സോഷ്യലിൽ കുറിച്ചു. വാസ്തവത്തിൽ ഇറാൻ ഹോർമുസ് കടലിടുക്കിൽ ഒരു നിയന്ത്രണ സംവിധാനം ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. അനുവാദമില്ലാതെ ഈ പാത മറികടക്കാൻ ശ്രമിച്ച കപ്പലുകൾ ആക്രമിക്കപ്പെട്ടിരുന്നു.

ബലൂചിസ്ഥാനിൽ പാക് വ്യോമാക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്
ഇറാന് നിലവിൽ നാവികസേനയോ വ്യോമസേനയോ ഇല്ലെന്നും അവരുടെ സൈനികർക്ക് ശമ്പളം പോലും ലഭിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് നശിപ്പിക്കപ്പെടുകയും മറ്റുള്ളവർ പലായനം ചെയ്യുകയും ചെയ്യുകയാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. “അള്ളാഹുവിന് സ്തുതി! ഇറാൻ ഇനി പശ്ചിമേഷ്യയിൽ ഒരു ഭീഷണിയേ അല്ല,” എന്ന് പറഞ്ഞുകൊണ്ടാണ് ട്രംപ് പോസ്റ്റ് അവസാനിപ്പിച്ചത്.

അതേസമയം, യുഎസ് നാവിക ഉപരോധം പിൻവലിക്കുന്നതു വരെയും, അവരുടെ ആസ്തികൾ മരവിപ്പിച്ച ഉപരോധങ്ങൾ പിൻവലിക്കുന്നത് വരെയും, യുദ്ധകാല നാശനഷ്ടങ്ങൾക്ക് യുഎസ് നഷ്ടപരിഹാരം നൽകുന്നതു വരെയും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാൻ അനുവദിക്കില്ലെന്ന് ഇറാൻ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

Share