ദുരിതപ്പെയ്ത്തില്‍ എട്ട് മരണം; സംസ്ഥാനത്ത് ഉടനീളം 202 ദുരിതാശ്വാസ ക്യാമ്പുകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതിയില്‍ എട്ട് മരണം. 13 പേര്‍ക്ക് പരിക്കേറ്റു. എട്ട് പേരെ കാണാതായി. നിലവില്‍ സംസ്ഥാനത്തുടനീളമായി പ്രവര്‍ത്തിക്കുന്ന 202 ദുരിതാശ്വാസ ക്യാമ്പുകളിലായി 5792 പേരാണുള്ളത്.

പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ക്യാമ്പുകള്‍ ഉള്ളത്. 66 ക്യാമ്പുകളിലായി 1669 പേരെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. കോട്ടയം ജില്ലയില്‍ 35 ക്യാമ്പുകളിലായി 824 പേരാണുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ അതിശക്തമായ മഴയില്‍ 27 വീടുകള്‍ പൂര്‍ണമായും 196 വീടുകള്‍ ഭാഗികമായും തകര്‍ന്നു.

മഴക്കാലത്തെ നേരിടാന്‍ ആരോഗ്യവകുപ്പ് പൂര്‍ണസജ്ജമെന്ന് മന്ത്രി കെ. മുരളീധരന്‍ പറഞ്ഞു. ആരോഗ്യവകുപ്പ് വിജിലന്റാണെന്നും ഇന്നലെ യോഗം ചേര്‍ന്നിരുന്നുവെന്നും മരുന്നുകള്‍ എല്ലാം ശേഖരിച്ച് തുടങ്ങിയതായും അദ്ദേഹം അറിയിച്ചു.

മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ധനസഹായം നല്‍കുമെന്ന് റവന്യൂമന്ത്രി എ.പി അനില്‍ കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിലവില്‍ 2018ലെ പ്രളയ സാഹചര്യം ഉണ്ടായിട്ടില്ലെന്നും പൊന്നാനി ഉള്‍പ്പെടെയുള്ള തീരദേശ മേഖലയില്‍ നിന്നും മാറി താമസിക്കുന്ന കുടുംബങ്ങള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മത്സ്യത്തൊഴിലാളി മേഖലയില്‍ എല്ലാ ആനുകൂല്യങ്ങളും നല്‍കും. ഒരു വീഴ്ചയും സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവില്ല. അവര്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും നല്‍കുമെന്നും മന്ത്രി ഉറപ്പ് നല്‍കി.

‘മണ്‍സൂണ്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് യോഗം വിളിച്ചുചേര്‍ത്തിരുന്നു. അലര്‍ട്ട് വരാന്‍ കാത്തിരിക്കേണ്ട. ഏത് സാഹചര്യം വന്നാലും നേരിടാന്‍ സജ്ജമാകണമെന്ന് ജില്ലാ കളക്ടര്‍മാര്‍ക്ക് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. കാലാവര്‍ഷം കഴിയുന്നതുവരെ അത്തരത്തില്‍ തുടരാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്,’ എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വെള്ളം കയറിയ പ്രദേശങ്ങളില്‍ ക്ലീനിങ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് മാലിന്യങ്ങള്‍ നീക്കം ചെയ്യും.

ഇന്നലെയാണ് സംസ്ഥാനത്തുടനീളമായി ക്യാമ്പുകള്‍ തുടങ്ങിയത്. എന്തെങ്കിലും പോരായ്മകള്‍ ഉണ്ടെങ്കില്‍ എല്ലാം പരിഹരിച്ച് മുന്നോട്ടുപോകുമെന്നും അനില്‍ കുമാര്‍ പറഞ്ഞു.

മഴ കനക്കുന്ന സാഹചര്യത്തില്‍ ഇന്ന് 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളില്‍ അതിശക്തമായ മഴയ്ക്കാണ് സാധ്യത. സംസ്ഥാനത്തെ അഞ്ച് ഡാമുകളില്‍ റെഡ് അലര്‍ട്ടും തുടരുകയാണ്. ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Share