ക്രൈസ്തവ സഭകളുടെ കൂട്ടായ്മയും ഷോൺ ജോർജും ഹരജി നൽകി; സംസ്ഥാന വഖഫ് ബോർഡിൻ്റെ പ്രവർത്തനത്തിന് ഹൈക്കോടതിയുടെ നിയന്ത്രണം

കൊച്ചി: സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനത്തിന് താത്കാലിക നിയന്ത്രണമേർപ്പെടുത്തി ഹൈക്കോടതി. വഖഫ് ബോർഡ് പ്രവർത്തനങ്ങൾക്കെതിരെ ബിജെപി നേതാവ് ഷോൺ ജോർജിന്റെയും ഒരു ക്രിസ്ത്യൻ സംഘടനയുടെയും ഹരജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ വിധി. സംസ്ഥാന വഖഫ് ബോർഡ് നയപരമായ തീരുമാനങ്ങൾ എടുക്കുന്നത് കോടതി വിലക്കി

ഭരണഘടന വിരുദ്ധമായ പ്രവർത്തങ്ങൾ അടക്കം ആരോപിച്ചായിരുന്നു ഹർജികൾ.  കേസിൽ ഇനിയൊരു ഉത്തരവ് ഉണ്ടാകും വരെ വഖഫ് ബോർഡ് നടപടികൾ നിർത്തിവെക്കണം. സംസ്ഥാന വഖഫ് വകുപ്പിന്റെ ജോയിന്റ് സെക്രട്ടറിക്ക് താത്കാലിക ചുമതല നൽകി കോടതി. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും.
.
കോടതിയുടെ അനുമതിയില്ലാതെ നയപരമായതോ പ്രധാനപ്പെട്ടതോ ആയ തീരുമാനങ്ങൾ ബോർഡ് എടുക്കാൻ പാടില്ലെന്നും മൂലധന ചെലവുകൾ ഉണ്ടാക്കരുതെന്നും ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് വി.എം.ശ്യാംകുമാർ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. വഖഫ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ജോയിന്റ് സെക്രട്ടറിയുടെ മേൽനോട്ടത്തിലായിരിക്കും തൽക്കാലം ബോർഡിന്റെ പ്രവർത്തനമെന്നും കോടതി നിർദേശിച്ചു.

മുൻ സർക്കാർ ചട്ട വിരുദ്ധമായി രൂപീകരിച്ച വഖഫ് ബോർഡ് പിരിച്ചു വിടണമെന്ന ഹർജിയിൽ സർക്കാരിന്റെ വിശദീകരണം ഹൈക്കോടതി തേടിയിരുന്നു. ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്‌ട്സ് നൽകിയ ഹർജിയിൽ ആയിരുന്നു നടപടി. കേരള വഖഫ് ബോർഡിൽ അമുസ്ലിം വിഭാഗത്തിൽപ്പെട്ട രണ്ട് അംഗങ്ങളെ ഉൾപ്പെടുത്താത്തതിനെതിരെ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ്  ഹർജി നല്‍കിയിരുന്നു. 2025ലെ വഖഫ് നിയമഭേദഗതി പ്രകാരം ബോർഡിൽ രണ്ട് അമുസ്ലിം അംഗങ്ങൾ ഉണ്ടായിരിക്കണമെന്ന നിബന്ധന പാലിക്കാതെയാണ് ബോർഡ് രൂപീകരിച്ചതെന്നും നിലവിലെ ബോർഡിന്റെ പ്രവർത്തനം നിയമവിരുദ്ധമാണെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. 2026ൽ വഖഫ് ബോർഡ് പുന:സംഘടിപ്പിച്ചപ്പോൾ 9 പേരെയാണ് സർക്കാർ നിശ്ചയിച്ചത്. ഇതിൽ എല്ലാവരും മുസ്ലീം സമുദായത്തിൽപ്പെട്ടവരാണെന്നും ഇത് നിയമവിരുദ്ധമാണെന്നുമാണ് ഷോണിന്‍റെ വാദം.

പുതിയ വഖഫ് ബോർഡ് രൂപീകരിക്കുന്നതിനുള്ള നീക്കം നടക്കുന്നുണ്ടെന്ന് അഡ്വക്കറ്റ് ജനറൽ കോടതിയെ അറിയിച്ചു. എന്നാൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നയപരമായ തീരുമാനങ്ങൾ വിലക്കിയത്.

സംസ്ഥാന സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിന്റെ പകർപ്പ് ലഭിച്ചിട്ടില്ലെന്നും അത് പരിശോധിക്കാൻ സമയം അനുവദിക്കണമെന്നും വഖഫ് ബോർഡിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. സുപ്രീംകോടതിയിൽ സമാന വിഷയങ്ങൾ പരിഗണനയിൽ ആയതിനാലാണ് രണ്ട് മുസ്‍ലിം ഇതര അംഗങ്ങളെ നിയമിക്കാതിരുന്നതെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. എന്നാൽ, കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ ഈ വിശദീകരണം നിലനിൽക്കാത്തതാണെന്ന് വാദിച്ചു. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കേസുകളിൽ ഇത്തരമൊരു തടസ്സമോ വിലക്കോ ഇല്ലെന്നും അതിനാൽ ബോർഡിന്റെ വിശദീകരണം അംഗീകരിക്കാനാകില്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

വാദങ്ങൾ പരിഗണിച്ച കോടതി, രണ്ട് മുസ്‍ലിം ഇതര അംഗങ്ങളെ ബോർഡിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നത് തർക്കമില്ലാത്ത കാര്യമാണെന്ന് നിരീക്ഷിച്ചു. ഒരു ഷിയാ പ്രതിനിധിയെയും ഉൾപ്പെടുത്തണമെന്ന ഹർജിക്കാരുടെ വാദവും ശ്രദ്ധയിൽപ്പെട്ടതായി കോടതി രേഖപ്പെടുത്തി. ഈ സാഹചര്യത്തിൽ, നിലവിലെ ബോർഡിന്റെ രൂപീകരണം വകുപ്പ് 14ന്റെ വ്യവസ്ഥകൾക്ക് അനുസൃതമല്ലെന്നാണ് പ്രഥമദൃഷ്ട്യാ തോന്നുന്നതെന്നും കോടതി നിരീക്ഷിച്ചു.

Share