ദൃശ്യങ്ങൾ പകർത്തി തുടർച്ചയായ പീഡനം, മോഡലിങ്ങിന്റെ മറവിൽ ഞെട്ടിപ്പിക്കുന്ന ലൈംഗിക ചൂഷണം
കൊച്ചി: മോഡലിങ്ങിന്റെ മറവിൽ യുവതികളെ കെണിയിൽപ്പെടുത്തി വിദേശത്തേക്ക് കടത്തുകയും ലൈംഗിക ചൂഷണത്തിനിരയാക്കുകയും ചെയ്യുന്ന സെക്സ് റാക്കറ്റിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. ഇത്തരത്തിൽ പീഡനത്തിന് ഇരയായ 3 പേരാണ് മരട് പൊലീസിനു പരാതി നൽകിയിരിക്കുന്നത്.
തിരുവനന്തപുരം പോങ്ങുവിള സ്വദേശിയും മോഡലുമായ അലീന എബ്രഹാം (29), ഗുരുവായൂർ സ്വദേശി ടോയ്സി സിന്ധു (50), പൊന്നാനി സ്വദേശി മഞ്ജിമ എന്നിവരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. നിലവിൽ ദുബായിലുള്ള രണ്ട് പേർ കൂടി പിടിയിലാകാനുണ്ട്.
സെക്സ് റാക്കറ്റ് സംഘത്തിന്റെ പിടിയിൽ നിന്ന് രക്ഷപെട്ട് നാട്ടിലെത്തിയ മോഡലും ബ്യുട്ടീഷ്യനുമായ യുവതി നൽകിയ പരാതിയിൽ ഒരു മാസം മുമ്പ് മരട് പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. ഇതിനു പിന്നാലെ 2 പേർ കൂടി പരാതികൾ നൽകി.
കഴിഞ്ഞ ജനുവരിയിൽ അലീന ദുബായിൽ വച്ചു നടക്കുന്ന ഫാഷൻ ഷോയിലേക്ക് മോഡലുകളെ തിരഞ്ഞെടുക്കുന്നു എന്നു കാട്ടി സമൂഹമാധ്യമങ്ങളിൽ പരസ്യം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി ജനുവരി 25ന് ദുബായിൽ വച്ച് ഫാഷൻ വർക്ക്ഷോപ്പ് നടത്തുമെന്നും അതിൽ തിരഞ്ഞെടുക്കപ്പെടുന്നവരെയാണ് ഫെബ്രുവരി ആദ്യം നടക്കുന്ന ഫാഷൻ ഷോയിൽ പങ്കെടുപ്പിക്കുക എന്നുമായിരുന്നു പരസ്യം.
സെലിബ്രിറ്റികളെ ഉപയോഗിച്ചും അലീന പരസ്യം നൽകിയിരുന്നു എന്നും വിവരമുണ്ട്. ഇത്തരത്തിൽ ദുബായിലെത്തിച്ച മോഡലുകളെയാണ് അലീനയും സംഘവും ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത് എന്നാണ് പൊലീസ് നൽകുന്ന വിവരം.
ദുബായിലെത്തിക്കുന്ന മോഡലുകളെ ഹോട്ടലുകളിൽ എത്തിക്കുകയും ശീതളപാനീയത്തിലോ ബലമായോ ലഹരി മരുന്ന് നൽകി ബോധരഹിതരാക്കിയ ശേഷം പുരുഷന്മാർക്ക് കാഴ്ചവയ്ക്കുകയാണ് സംഘം ചെയ്യുന്നത്. തുടർന്ന് ലൈംഗിക പീഡനത്തിന്റെ ദൃശ്യങ്ങൾ പകർത്തി തുടർച്ചയായി പീഡനത്തിന് ഇരയാക്കും. വിസമ്മതിക്കുന്നവരെ ഭീഷണിപ്പെടുത്തും. ഇത്തരത്തിൽ ഒട്ടേറെ പേരാണ് സംഘത്തിന്റെ പിടിയിലുള്ളത് എന്ന വിവരമാണ് പുറത്തുവരുന്നത്. ഇതിനു പുറമെ ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മമാർ ഉൾപ്പെടെയുള്ളവരേയും സംഘം കെണിയിൽപ്പെടുത്തിയിട്ടുണ്ട് എന്നാണ് വിവരം
ഇന്നലെ വൈകിട്ട് മരടിലെ ഫ്ലാറ്റിൽ നിന്നാണ് അലീന അറസ്റ്റിലാകുന്നത്. ഈ ഫ്ലാറ്റ് കേന്ദ്രീകരിച്ചായിരുന്നു ടോയ്സിയുടെ പ്രവർത്തനം എന്നാണ് പൊലീസ് പറയുന്നത്. അലീന തിരഞ്ഞെടുക്കുന്ന മോഡലുകളുടെ വീസാ നടപടികളൊക്കെ പൂർത്തിയാക്കി ദുബായിലെത്തിക്കുന്നത് ടോയ്സിയാണ്. പിടിയിലാകുമെന്ന് ഉറപ്പായതോടെ മുംബൈ വിമാനത്താവളം വഴി വിദേശത്തേക്ക് കടക്കാൻ ശ്രമിക്കവെയാണ് ടോയ്സി പിടിയിലാകുന്നത്. ലുക്ക് ഔട്ട് സർക്കുലർ ഉള്ളതിനാൽ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവച്ച് പൊലീസിനെ അറിയിക്കുകയായിരുന്നു.
ടോയ്സിയുമായി കേരള പൊലീസ് സംഘം ഇന്ന് കൊച്ചിയിൽ തിരിച്ചെത്തിയേക്കും. ക്രിമിനൽ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അലീന നേരത്തെയും പൊലീസിന്റെ പിടിയിലായിട്ടുണ്ട്. കഴിഞ്ഞ നവംബറിൽ വൈറ്റിലയിലെ ഒരു ബാറിൽ വച്ച് വാക്കു തർക്കമുണ്ടാവുകയും തുടർന്ന് അലീന ഉൾപ്പെട്ട സംഘം വടിവാളുമായി ആക്രമണം നടത്തുകയും ചെയ്തിരുന്നു. കൊച്ചിയിലെ ഗുണ്ടാ സംഘങ്ങളിൽപ്പെട്ട ചിലരുമായി അലീനയ്ക്ക് അടുത്ത ബന്ധമാണെന്നും പൊലീസ് വൃത്തങ്ങൾ പറയുന്നു.


