പുതുമുഖപ്പടയുമായി ടീം വി.ഡി.എസ്; സത്യപ്രതിജ്ഞ രാവിലെ 10-ന് സെൻട്രൽ സ്റ്റേഡിയത്തിൽ
തിരുവനന്തപുരം: തിരഞ്ഞെടുപ്പു ഘട്ടത്തിൽ, രാഷ്ട്രീയസാഹചര്യത്തിൽ വിസ്മയങ്ങളുണ്ടാകുമെന്ന് പ്രഖ്യാപിച്ച വി.ഡി. സതീശൻ, മന്ത്രിസഭാ രൂപവത്‌കരണത്തിലും അത് പ്രകടമാക്കി. 1982-െല കെ. കരുണാകരൻ സർക്കാരിനുശേഷം യു.ഡി.എഫിന്റെ മുഴുവൻമന്ത്രിമാരും ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്യും.
രണ്ട് വനിതാമന്ത്രിമാർ, രണ്ട് പട്ടികവിഭാഗത്തിൽനിന്നുള്ളവർ, മന്ത്രിമാരിൽ യുവനിര കൂടുതൽ… അങ്ങനെ വിസ്മയങ്ങൾ ഏറെയുണ്ട് ഈ മന്ത്രിസഭയ്ക്കെന്ന് നിയുക്തമുഖ്യമന്ത്രി വി.ഡി. സതീശൻ അവകാശപ്പെട്ടു.
തിങ്കളാഴ്ച 10-ന് സെക്രട്ടേറിയറ്റിനുപിന്നിലുള്ള സെൻട്രൽ സ്റ്റേഡിയത്തിലെ കൂറ്റൻവേദിയിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രിയടക്കമുള്ള 21 മന്ത്രിമാരുടെയും പട്ടിക ഞായറാഴ്ച വൈകീട്ട് അഞ്ചുമണിക്ക് ലോക്ഭവനിലെത്തി വി.ഡി. സതീശൻ കൈമാറി.
മന്ത്രിമാർക്ക് ടേം വ്യവസ്ഥ കൊണ്ടുവരുന്നത് ഉഭയകക്ഷിയിൽ ധാരണയായിട്ടുണ്ട്. എന്നാൽ, തർക്കം തീർന്നിട്ടില്ല. അനൂപ് ജേക്കബും മാണി സി. കാപ്പനും മന്ത്രിസ്ഥാനം പങ്കുവെക്കണമെന്നാണ് ചർച്ചചെയ്തിട്ടുള്ളത്. ഇതിനോട് അനൂപിനും കാപ്പനും എതിർപ്പുണ്ട്. എന്തായാലും അനൂപ് ആദ്യം സത്യപ്രതിജ്ഞചെയ്യുമെന്നാണ് തീരുമാനം.
ചരിത്രത്തിലാദ്യമായി മുസ്‌ലിംലീഗും മന്ത്രിസ്ഥാനത്തിന് ടേം ഏർപ്പെടുത്തി. കോഴിക്കോടിന് മന്ത്രിസ്ഥാനമില്ലാത്തതിനാൽ പാറക്കൽ അബ്ദുള്ളയെ രണ്ടരവർഷംകഴിഞ്ഞ് മന്ത്രിയാക്കുമെന്ന് ലീഗ് പ്രഖ്യാപിച്ചു. ആരാണ് ഒഴിയേണ്ടതെന്ന് ഇപ്പോൾ ലീഗ് പുറത്തുപറഞ്ഞിട്ടില്ല.
മന്ത്രിമാർ ഇവർ
വി.ഡി. സതീശൻ (മുഖ്യമന്ത്രി
രമേശ് ചെന്നിത്തല
കെ. മുരളീധരൻ
സണ്ണി ജോസഫ്
എ.പി. അനിൽകുമാർ
പി.സി. വിഷ്ണുനാഥ്
ബിന്ദുകൃഷ്ണ
എം. ലിജു
റോജി എം. ജോൺ
ടി. സിദ്ദിഖ്
ഒ.ജെ. ജനീഷ്
കെ.എ. തുളസി
പി.കെ. കുഞ്ഞാലിക്കുട്ടി
പി.കെ. ബഷീർ
എൻ. ഷംസുദ്ദീൻ
കെ.എം. ഷാജി
അബ്ദുൽ ഗഫൂർ
സി.പി. ജോൺ
ഷിബു ബേബി ജോൺ
അനൂപ് ജേക്കബ്
മോൻസ് ജോസഫ്
മൂന്ന് വനിതകൾ കാബിനറ്റ് പദവിയിൽ
ഇത് യു.ഡി.എഫിൽ ആദ്യമാണ്. ബിന്ദുകൃഷ്ണ, കെ.എ. തുളസി എന്നിവർ മന്ത്രിസഭയിലും ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടിസ്പീക്കർ പദവിയിലും. 1960-64ൽ എ. നഫീസത്ത് ബീവിക്കു ശേഷം ആദ്യമാണ് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ഒരു വനിത എത്തുന്നത്
പലരെയും ഒഴിവാക്കിയതിൽ ദുഃഖം -വി.ഡി. സതീശൻ
അർഹതപ്പെട്ടവർ ഒരുപാടുണ്ട്. നിലവിൽ മന്ത്രിമാരായവരെക്കാൾ യോഗ്യരായവർ പുറത്തുണ്ട്. സാമൂഹികസാഹചര്യം, മേഖലാപരിഗണന, സ്ത്രീപ്രാതിനിധ്യം തുടങ്ങിയ പല കാര്യങ്ങളും പരിഗണിക്കേണ്ടിവരുമ്പോഴുള്ള പ്രശ്നമാണ്. കോൺഗ്രസ് ഇത്തരം കാര്യങ്ങളെല്ലാം പരിശോധിച്ചാണ് തീരുമാനമെടുക്കാറുള്ളത്. പലമാനദണ്ഡങ്ങൾ കാരണം പലരും ഒഴിവാക്കപ്പെട്ടതിൽ ദുഃഖമുണ്ട്്.
യുവ സർക്കാർ
യുവത്വമുള്ള മന്ത്രിസഭയാണ് സതീശന്റെ നേതൃത്വത്തിൽ കേരളത്തിലുണ്ടാകുന്നത്. ആദ്യമായി എം.എൽ.എ.യായ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജനീഷിനെ മന്ത്രിയാക്കിയത് അപ്രതീക്ഷിതമാണ്. ഗ്രൂപ്പ് അവകാശവാദങ്ങളിൽപ്പോലും ഇടംപിടിക്കാതിരുന്ന പേരാണ് ജനീഷിന്റേത്. 21 അംഗ മന്ത്രിസഭയിൽ മുഖ്യമന്ത്രിയടക്കം 16 പേർ പുതുമുഖങ്ങളാണ്. പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല എന്നിവരാണ് ഭരണരംഗത്തെ കാരണവർമാരായി മന്ത്രിസഭയിലുള്ളത്. കെ. മുരളീധരൻ, എ.പി. അനിൽകുമാർ, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ്, മോൻസ് ജോസഫ് എന്നിവരാണ് നേരത്തേ മന്ത്രിമാരായിരുന്നവർ. ബാക്കിയെല്ലാം പുതുമുഖങ്ങളാണ്.


