വി ഡി സതീശൻ സഞ്ചരിക്കുക വെളുത്ത ഇന്നോവ ക്രിസ്റ്റയിൽ; പിണറായി ഉപയോഗിച്ചിരുന്ന ഇന്നോവ കാറുകൾ പൊലീസ് ഏറ്റെടുത്തു

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍ സഞ്ചരിക്കുക വെളുത്ത ഇന്നോവ ക്രിസ്റ്റയില്‍. സത്യപ്രതിജ്ഞയ്ക്ക് ശേഷം മുഖ്യമന്ത്രി ഉള്‍പ്പെടെ മന്ത്രിമാര്‍ക്ക് സഞ്ചരിക്കാന്‍ വെള്ള ഇന്നോവ ക്രിസ്റ്റ കാറുകള്‍ പൊതുഭരണവകുപ്പ് ടൂറിസം വകുപ്പിനോട് ആവശ്യപ്പെട്ടു.

2023 ജനുവരിയിലാണ് അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി ഡി സതീശന് സഞ്ചരിക്കാൻ പുതിയ ടൊയോട്ട ഇന്നോവ ക്രിസ്റ്റ സംസ്ഥാന സർക്കാർ അനുവദിച്ചത്. ആ സമയത്ത് സതീശൻ ഉപയോഗിച്ചിരുന്ന കാർ 2.75 ലക്ഷം കിലോമീറ്റർ ഓടിയത് കണക്കിലെടുത്താണ് അന്ന് പുതിയ വാഹനം അനുവദിച്ചത്. അതിന് മുമ്പത്തെ സർക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല ഉപയോഗിച്ചിരുന്ന വാഹനമായിരുന്നു പിന്നീട് വി ഡി സതീശന് നൽകിയിരുന്നത്.

ടൂറിസം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള വാഹനമായിരുന്നു ഇത്. മൂന്ന് വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾ വിഐപി യാത്രകൾക്ക് ഉപയോഗിക്കരുതെന്നാണ് ടൂറിസം വകുപ്പിന്റെ ചട്ടം. ഇത് പാലിച്ചാണ് അന്ന് സതീശന് പുതിയ വാഹനം അനുവദിച്ചത്. മുഖ്യമന്ത്രിയായ ശേഷം വി ഡി സതീശൻ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് ഈ വാഹനത്തിലാണ്.

കറുത്ത കിയ കാര്‍ണിവല്‍ കാറായിരുന്നു മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉപയോഗിച്ചിരുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന രണ്ടു വര്‍ഷത്തിലേറെക്കാലവും അദ്ദേഹം ഈ കാറാണ് യാത്രകള്‍ക്കായി ഉപയോഗിച്ചിരുന്നത്. ഇതിനൊപ്പം കറുത്ത ഇന്നോവ ക്രിസ്റ്റ കാറുകളും ഉണ്ടായിരുന്നു. പിണറായി വിജയന്റെ യാത്രകള്‍ക്കായി പൊലീസ് ഫണ്ടില്‍ നിന്നും വാങ്ങി നല്‍കിയ രണ്ട് കറുത്ത ഇന്നോവ കാറുകള്‍ പൊലീസ് തിരികെ ഏറ്റെടുത്തിട്ടുണ്ട്.

2022 ജൂലൈയിലാണ് പിണറായി വിജയനുവേണ്ടി കറുത്ത കിയ കാര്‍ണിവലും എസ്‌കോര്‍ട്ടിനായി മൂന്ന് കറുത്ത ഇന്നോവ ക്രിസ്റ്റ കാറുകളും വാങ്ങിയത്. കൂടുതല്‍ സുരക്ഷാ സംവിധാനമുള്ള വാഹനമെന്ന കാരണം പറഞ്ഞായിരുന്നു പുതിയ കാര്‍ വാങ്ങാൻ തീരുമാനിച്ചത്. ഇതിനായി അന്ന് ധനവകുപ്പ് 88,69,841 രൂപയാണ് അനുവദിച്ചിരുന്നത്. ഇതില്‍ കിയ കാര്‍ണിവലിന് മാത്രം അന്ന് 33,31,000 രൂപ വിലയുണ്ടായിരുന്നു.

Share