ടിക്കറ്റിനൊപ്പം നാല് ദിവസത്തെ സൗജന്യ വിസ; സൗദിയിലേക്ക് വിദേശികൾ കുടുംബസമേതം എത്തിതുടങ്ങി – ചിത്രങ്ങൾ
വിമാന ടിക്കറ്റിനൊപ്പം നാല് ദിവസത്തെ സൌജന്യ ട്രാൻസിറ്റ് വിസ സേവനം ആരംഭിച്ചതോടെ സൌദിയിലേക്ക് വിദേശികൾ വന്നു തുടങ്ങി. കഴിഞ്ഞ ദിവസമാണ് ട്രാൻസിറ്റ് വിസ സേവനം ആരംഭിച്ചത്. ഇന്നലെ മുതൽ ജിദ്ദ കിംഗ് അബ്ദുൽ അസീസ് വിമാനത്താവളത്തിലും, റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലും വിദേശികൾ എത്തി തുടങ്ങി. ജിദ്ദ വിമാനത്താവളത്തിൽ കുടുംബ സമേതമാണ് ആദ്യ യാത്രക്കാരനെത്തിയത്. വിസ നടപടിക്രമങ്ങളും, വിമാനത്താവളത്തിലെ നടപടിക്രമങ്ങളും വളരെ ലളിതമായിരുന്നുവെന്ന് യാത്രക്കാരനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ദേശീയ വിമാന കമ്പനികളായ സൌദി എയർലൈൻസും, ഫ്ലൈനാസുമായും സഹകരിച്ചാണ് വിദേശകാര്യ മന്ത്രാലയം പുതിയ വിസ സേവനം ആരംഭിച്ചത്. വിമാനങ്ങളിൽ സൌദി വഴിയുള്ള ട്രാൻസിറ്റ് ടിക്കറ്റെടുക്കുമ്പോൾ തന്നെ വിസക്കായി അപേക്ഷ നൽകാൻ കഴിയും. ലളിതമായ നടപടിക്രമങ്ങൾ പാലിച്ച് യാത്രക്കാരുടെ ഫോട്ടോയും അനുബന്ധ വിവരങ്ങളും നൽകുന്നതോടെ വിസ ഇമെയിലിലെത്തും.
സൌദിയെ ഇടത്താവളമാക്കി യാത്ര ചെയ്യുന്നവർക്ക് ഏറെ ആശ്വാസമാകുന്നതാണ് പുതിയ സേവനം. മക്കയിൽ ഉംറ ചെയ്യുവാനും, മദീനയിൽ പ്രവാചകൻ്റെ പള്ളിയിൽ സന്ദർശനം നടത്തുവാനും മറ്റു ചരിത്ര സ്ഥലങ്ങൾ സന്ദർശിക്കുവാനും ഇവർക്ക് അനുവാദമുണ്ട്. കൂടാതെ രാജ്യത്ത് നടക്കുന്ന വിനോദ ടൂറിസം പരിപാടികളിലും സംബന്ധിക്കാം.
ട്രാൻസിറ്റ് വിസയിലെത്തുന്നവർക്ക് വിമാനത്താവളങ്ങളിൽ തന്നെയുള്ള റെൻ്റ് എ കാർ ഓഫീസുകളുമായി ബന്ധപ്പെട്ട് കാർ വാടക്കെടുക്കുവാനും രാജ്യത്തെവിടെയും ഓടിക്കുവാനും അനുവാദമുണ്ട്.
വരും ദിവസങ്ങളിൽ ട്രാൻസിറ്റ് വിസയിലെത്തുന്നവരുട എണ്ണം വളരെയേറെ വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടുതൽ യാത്രക്കാരും ജിദ്ദ വിമാനത്താവളം കേന്ദ്രീകരിച്ചായിരിക്കും യാത്ര ക്രമീകരിക്കുക. രാജ്യത്തെ ആഗോള ടൂറിസം ഹബ്ബാക്കി മാറ്റുന്നതിൻ്റെ ഭാഗമായാണ് പുതിയ വിസ സേവനം ആരംഭിച്ചതെന്ന് ടൂറിസം മന്ത്രി വ്യക്തമാക്കി.


കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
=================================================================================
സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം
ബന്ധപ്പെടുക:
0556884273
http://wa.me/+966556884273


