വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചു; നിരവധി കുടുംബങ്ങൾ സൗദിയിൽ വാഹനപകടത്തിൽ കൊല്ലപ്പെട്ടതായി ട്രാഫിക് വിഭാഗം – വീഡിയോ
സൗദിയിൽ വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോണ് ഉപയോഗിക്കുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പ്. വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നത് മൂലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി അപകടങ്ങൾ കഴിഞ്ഞ മാസങ്ങളിൽ റിപ്പോർട്ട് ചെയ്തു. ഇതിൽ പലതും കുടുംബാംഗങ്ങൾ മുഴുവനായും കൊല്ലപ്പെടുന്ന മാരകമായ അപകടങ്ങളായിരുന്നുവെന്ന് ട്രാഫിക് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ മുഹ്സിൻ അൽ-സഹ്‌റാനി പറഞ്ഞു.
ഈ വർഷം തബൂക്ക് മേഖലയിലുണ്ടായ ഭയാനകമായ അപകടങ്ങളിലൊന്നിൽ ഏഴ് പേരാണ് മരിച്ചത്. മഹ്ദിയ ഗവർണറേറ്റിലുണ്ടായ മറ്റൊരു അപകടത്തിൽ ഒരു കുടുംബത്തിലെ മുഴുവൻ അംഗങ്ങളും കൊല്ലപ്പെട്ടു. ഇതിലൂടെ അവരുടെ വീട് തന്നെ അടച്ച് പൂട്ടേണ്ടി വന്നതായും ബ്രിഗേഡിയർ ജനറൽ അൽ-സഹ്‌റാനി പറഞ്ഞു. വളരെ അത്യാവശ്യത്തിനല്ലാതെ വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേ സമയം മുൻ വർഷങ്ങളെ അപേക്ഷിച്ച് രാജ്യത്ത് വാഹനപകടങ്ങൾ മൂലമുള്ള മരണങ്ങൾ കുറഞ്ഞതായും ട്രാഫിക് ഡയറക്ടർ ജനറൽ വ്യക്തമാക്കി. 2016-ൽ രാജ്യത്ത് 100,000-ൽ 27 വാഹനപകട മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ കഴിഞ്ഞ വർഷം അഥവാ 2021 ൽ ഇത് 100,000-ൽ 13.17 മരണങ്ങൾ എന്ന തോതിലേക്ക് കുറഞ്ഞിട്ടുണ്ട്. രാജ്യത്തുടനീളം ട്രാഫിക് സുരക്ഷ സമിതികൾ നടത്തിയ ശ്രമങ്ങളുടെ ഫലമാണിത്. പ്രധാന പാതകളിലും മറ്റും ക്യാമറകൾ സ്ഥാപിച്ചത് അപകടങ്ങൾ കുറക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
2030 ൽ 100,000-ത്തിൽ 8 മരണങ്ങൾ എന്ന നിലയിൽ മൂന്നിൽ രണ്ട് ശതമാനമായി കുറയ്ക്കാനാണ് ആഭ്യന്തര മന്ത്രാലയം ശ്രമിക്കുന്നത്. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി ബന്ധപ്പെട്ട എല്ലാ അധികാരികളും ഒന്നിക്കണമെന്നും അൽ സഹ്റാനി ആവശ്യപ്പെട്ടു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വീഡിയോ
#مدير_المرور: فقدنا أسراً كاملة بسبب #الجوال خلال الأشهر الماضيةhttps://t.co/3D6w8s0DT6 pic.twitter.com/cBgQviz2jA
— أخبار 24 (@Akhbaar24) December 19, 2022