സ്‍ത്രീവേഷം ധരിച്ച് മസാജ് സെൻ്ററുകളിൽ ജോലി ചെയ്‍തിരുന്ന 18 പ്രവാസികൾ പിടിയിൽ
കുവൈത്തിലെ സാല്‍മിയയില്‍ പ്രവര്‍ത്തിച്ചിരുന്ന മസാജ് സെന്ററുകളില്‍ റെയ്ഡ്. ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥരും മുനിസിപ്പാലിറ്റി അധികൃതരും പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവറില്‍ നിന്നുള്ള പരിശോധകരുമാണ് റെയ്ഡ് നടത്തിയത്. 18 പ്രവാസികളെ ഇവിടെ നിന്ന് അറസ്റ്റ് ചെയ്‍തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സ്വവര്‍ഗാനുരാഗികളായ ഇവര്‍ മസാജ് സെന്ററുകളിലെ മുറികളില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാണ് അധികൃതര്‍ കണ്ടെത്തിയത്. മണിക്കൂറിന് 10 ദിനാര്‍ മുതല്‍ 30 ദിനാര്‍ വരെ ഈടാക്കിയിരുന്നതായും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കുവൈത്തിലെ പ്രാദേശിക മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
മസാജ് സെന്ററുകളില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നിരവധി മുറികള്‍ സജ്ജീകരിച്ചിരുന്നതായി പരിശോധനയില്‍ കണ്ടെത്തി. പ്രദേശത്തെ എന്‍ട്രി, എക്സിറ്റ് പോയിന്റുകള്‍ അടച്ച ശേഷമാണ് ഉദ്യോഗസ്ഥര്‍ റെയ്ഡ് തുടങ്ങിയത്. മസാജ് സെന്ററില്‍ ജോലി ചെയ്‍തിരുന്ന 18 പ്രവാസികളെ അറസ്റ്റ് ചെയ്‍തു. ഇവരെല്ലാം ഏഷ്യക്കാരാണെന്ന വിവരം മാത്രമാണ് അധികൃതര്‍ പുറത്തുവിട്ടത്.
ട്രാന്‍സ്‍ജെന്ററുകളെന്ന വ്യാജേന സ്‍ത്രീ വേഷം ധരിച്ച് മേക്കപ്പ് അണിഞ്ഞാണ് ഇവിടെ ജോലിക്കായി നിന്നിരുന്നത്. കാലാവധി കഴിഞ്ഞ ചില ക്രീമുകളും ഗുളികകളും പരിശോധനയില്‍ പിടിച്ചെടുത്തു. പിടിയിലായവരുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ ഇവര്‍ക്ക് മസാജ് സെന്ററില്‍ ജോലി ചെയ്യാനുള്ള യോഗ്യതകളോ ഹെല്‍ത്ത് കാര്‍ഡുകളോ ഇല്ലെന്ന് കണ്ടെത്തി. ചിലര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
അറസ്റ്റിലായവരെ നടപടികള്‍ പൂര്‍ത്തീകരിച്ച് കുവൈത്തില്‍ നിന്ന് നാടുകടത്താന്‍ ഡീപോര്‍ട്ടേഷന്‍ സെന്ററിലേക്ക് മാറ്റി. ലൈസന്‍സ് വ്യവസ്ഥകള്‍ ലംഘിച്ചതിന് മസാജ് സെന്ററുകള്‍ സീല്‍ ചെയ്‍തു. ഇവയുടെ സ്‍പോണ്‍സര്‍മാര്‍ക്ക് ഭാവിയില്‍ വിദേശത്തു നിന്ന് കുവൈത്തിലേക്ക് പ്രവാസി തൊഴിലാളികളെ കൊണ്ടുവരുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ വകുപ്പുകളിലെ ഇവരുടെ ഫയലുകള്‍ ക്ലോസ് ചെയ്യുകയും ചെയ്യും.