28 മണിക്കൂറിന് ശേഷം ദുബൈയിൽ നിന്നും കോഴിക്കോട്ടേക്കുള്ള വിമാനം പുറപ്പെട്ടു; കൊടും ചൂടിൽ എയർ ഇന്ത്യ ക്രൂരത കാട്ടിയെന്ന് യാത്രക്കാർ
28 മണിക്കൂറിന് ശേഷം കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ വിമാനം ദുബൈയിൽ നിന്നും പറന്നു. ചൊവ്വാഴ്ച ഉച്ചക്ക് 2.45ന് പുറപ്പെടേണ്ടിയിരുന്ന എ.ഐ 938 നമ്പർ വിമാനം പുറപ്പെടുന്നത് ബുധനാഴ്ച വൈകുന്നേരം 6.40നാണ്.
പിന്നിട്ട 28 മണിക്കൂറിൽ പ്രായമായവരും കുട്ടികളും സ്ത്രീകളുമുൾപ്പെടെ 150 ഓളം യാത്രക്കാർ വിമാനത്താവളത്തിലും ഹോട്ടലിലുമായി കഴിച്ച് കൂട്ടി. സാങ്കേതിക തകരാറാണ് വിമാനം വൈകാൻ കാരണമായതെന്നാണ് അധികൃതരുടെ വിശദീകരണം.
ചൊവ്വാഴ്ച ഉച്ചയോടെ യാത്രക്കാരെ വിമാനത്തിനുള്ളിലേക്ക് കയറ്റിയിരുന്നു. അതിന് ശേഷമാണ് സാങ്കേതിക തകരാർ കണ്ടെത്തിയത്. തുടർന്ന് വൈകുന്നേരും അഞ്ച് മണിയോടെ യാത്രക്കാരെ തിരിച്ചിറക്കി. ഈ സമയത്ത് വിമാനത്തിനകത്ത് എ.സി ഓൺചെയ്തില്ലെന്നും, കൊടും ചൂട് സമയത്താണ് കുഞ്ഞുങ്ങളടക്കമുള്ളവരെ വിമാനത്തിലിരുത്തിയതെന്നും യാത്രക്കാർ കുറ്റപ്പെടുത്തി.
അഞ്ച് മണിയോടെ വിമാനത്തിൽ നിന്നും തിരിച്ചിറങ്ങിയെങ്കിലും വിമാനം എപ്പോൾ പോകുമെന്ന് അധികൃതർ വ്യക്തമാക്കിയില്ല. വിമാനം രാവിലെ പുറപ്പെടും എന്നായിരുന്നു ആദ്യ അറിയിപ്പ്. തുടർന്ന് രാത്രി 11 മണിയോടെ വിസിറ്റ് വിസക്കാരും വിസ കാലാവധി അവസാനിക്കുന്നവരുമല്ലാത്ത യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി. വിസിറ്റ് വിസക്കാരും വിസ കാലാവധി കഴിയുന്നവരും പുലരുവോളം വിമാനത്താവളത്തിലെ സീറ്റിലിരുന്ന് കഴിച്ച് കൂട്ടേണ്ടി വന്നു. രാവിലെയായിട്ടും എയർഇന്ത്യ അധികൃതരിൽ നിന്ന് അറിയിപ്പൊന്നും ലഭിച്ചില്ല. വിളിച്ചിട്ട് ഫോൺ എടുത്തുമില്ല. ഇതോടെ യാത്രക്കാർ ക്ഷുഭിതരായി പ്രതിഷേധവുമായെത്തി.