മലയാളി നഴ്‌സ് സൗദിയിൽ മരിച്ചു, മണിക്കൂറുകളുടെ വ്യത്യാസത്തിൽ നാട്ടിൽ ഭർതൃപിതാവും മരിച്ചു
സൌദി അറേബ്യയിൽ മലയാളി നഴ്സ് മരിച്ചു. കൊല്ലം ആയൂർ വയക്കൽ സ്വദേശിനി ലിനി വർഗീസ് (43) ആണ് മരിച്ചത്. അസീർ പ്രവിശ്യയിലെ ദഹ്റാൻ ജുനുബിലാണ് സംഭവം. ഇവരുടെ ഭർതൃപിതാവ് നാട്ടിലും മരിച്ചു. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ഒരു വീട്ടിലെ രണ്ട് അംഗങ്ങൾ മരിക്കുന്നത്.
ദഹ്റാൻ ജുനുബിലെ ജനറൽ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്ന ലിനി വർഗീസ് 20 വർഷത്തോളമായി സൗദിയിൽ പ്രവാസിയാണ്.
ഭർതൃപിതാവ് മരിച്ചതായ വിവരം അറിയിക്കുന്നതിന് വേണ്ടി നാട്ടിൽ നിന്നും ബന്ധുക്കൾ പലതവണ ലിനിയുടെ ഫോണിലേക്ക് വിളിച്ച് നോക്കിയിരുന്നു. എന്നാൽ ഫോണ് എടുക്കാത്തതിനെ തുടർന്ന്, സഹപ്രവർത്തകരെ വിളിച്ച് അന്വേഷിക്കാൻ നാട്ടിലെ ബന്ധുക്കൾ ആവശ്യപ്പെട്ടു. സഹപ്രവർത്തകരും പല തവണ വിളിച്ചെങ്കിലും മറുപടി ഉണ്ടായില്ല. ഇതേ തുടർന്ന് സഹപ്രവർത്തകർ ലിനിയുടെ താമസ സ്ഥലത്ത് എത്തി. റൂമിൽ അബോധാവസ്ഥയിൽ ആയിരുന്ന ലിനിയെയാണ് അവർ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും, അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.