മയക്കുമരുന്ന് ഉപയോഗിച്ച് വിമാനം പറത്താനെത്തി; ഇന്ത്യൻ വിമാന കമ്പനിയുടെ പൈലറ്റ് പിടിയിലായി, രണ്ട് മാസത്തിനിടെ പിടിയിലാകുന്നത് നാലാമത്തെ പൈലറ്റ്

വിമാനത്തിലെ പൈലറ്റുമാരുൾപ്പെടെയുള്ള ജീവനക്കാർ, ലഹരി ഉപയോഗിച്ച് ജോലിക്ക് ഹാജരാകുന്ന സംഭവങ്ങൾ തുടർകഥയാകുന്നു. നിരവധി ജീവനക്കാരാണ് കഴിഞ്ഞ മാസങ്ങളിലായി പരിശോധനയിൽ ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയത്.

മയക്ക് മരുന്ന് ഉപയോഗിച്ച് ജോലിക്ക് ഹാജരായ പ്രമുഖ ഇന്ത്യന്‍ വിമാനക്കമ്പനി പൈലറ്റിനെ കഴിഞ്ഞ ദിവസവും പിടികൂടിയതായി ഇന്ത്യയുടെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ)  അറിയിച്ചു. ഓഗസ്റ്റ് 23നാണ് ഇദ്ദേഹം റാൻഡം പരിശോധനയിൽ കുടുങ്ങിയത്. തുടർന്ന് ഇദ്ദേഹത്തെ ജോലിയിൽ നിന്ന് ചട്ടപ്രകാരം സസ്പെൻഡ് ചെയ്തു.

ഈ വർഷം മാത്രം ഇത് നാലാമത്തെ പൈലറ്റാണ് ലഹരി ഉപയോഗത്തിന് പിടിയിലാകുന്നത്. ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ ലഹരി പരിശോധന ഉണ്ടായിരുന്നില്ല. എന്നാൽ അതിന് ശേഷം പരിശോധന പുനരാരംഭിച്ചതോടെ ജൂലൈയിൽ മാത്രം 2 പൈലറ്റുമാർ ലഹരി ഉപയോഗിച്ചതായി കണ്ടെത്തി. അതിന് ശേഷമാണ് മറ്റു രണ്ടു പൈലറ്റുമാരും ലഹരി പരിശോധനയിൽ പിടിയിലായത്. അതായത് കഴിഞ്ഞ രണ്ട് മാസത്തിനിടയിലാണ് നാല് പൈലറ്റുമാർ ലഹരി ഉപയോഗിച്ച് ജോലിക്കെത്തിയതിന് പിടിയിലാകുന്നത്.

മദ്യം, മയക്ക് മരുന്ന് തുടങ്ങിയ ലഹരി ഉപയോഗം കണ്ടെത്തുന്നതിനായി ഇരുപത് ശതമാനം വിമാന ജീവനക്കാരെ ദിവസേന ഇന്ത്യയിൽ റാൻഡം പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. മദ്യ ഉപയോഗം കണ്ടെത്തുന്ന ബ്രീത്ത് അനലൈസര്‍ പരിശോധനയിലൂടെ നിരവധി വിമാന ജീവനക്കാരെയാണ് പിടികൂടുന്നത്. ഇതിന് പുറമെയാണ് മയക്കുമരുന്ന് ഉപയോഗിക്കുന്നതായും പരിശോധനയിൽ തെളിയുന്നത്.

വിമാന ജീവനക്കാർക്ക് പുറമെ എയർ ട്രാഫിക് കൺട്രോൾ ജീവനക്കാരും ലഹരി ഉപയോഗിക്കുന്നതായി കണ്ടെത്തി തുടങ്ങിയിരിക്കുന്ന.  ഡൽഹി എയർ ട്രാഫിക് കൺട്രോളർ ജീവനക്കാരനാണ് ഇന്ത്യയിൽ ആദ്യമായി ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയത്.

വ്യോമയാന മേഖലയിൽ മയക്ക് മരുന്നിൻ്റെ ഉപയോഗം വർധിച്ച് വരുന്നതിൽ ഡിജിസിഎ ആശങ്ക പ്രകടിപ്പിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

കേരളത്തിൽ നിന്ന് ഗൾഫ് നാടുകളിലേക്ക് ഓരോ അര മണിക്കൂറിലും ഒരു വിമാനം എന്ന തോതിൽ യാത്ര പുറപ്പെടുന്നുണ്ടെന്നാണ് കണക്ക്. ഈ വിമാനങ്ങളിലെ പൈലറ്റുമാരും, മറ്റു ക്രൂ ജീവനക്കാരുമുൾപ്പെടെ ലഹരി ഉപയോഗിച്ച് ജോലിക്കെത്തുന്നതായി പരിശോധനയിൽ വ്യക്തമാകുന്നു.

ഇന്ത്യയിൽ ഈ വർഷം ജനുവരി മുതല്‍ ഏപ്രില്‍ 30 വരെയുള്ള നാല് മാസത്തിനിടയിൽ മാത്രം 9 പൈലറ്റ്മാരെയും 32 ക്യാബിന്‍ ക്രൂമാരെയും മദ്യം ഉപയോഗിച്ചുവെന്ന് കണ്ടെത്തി സസ്പന്റ് ചെയ്തിരുന്നു. രണ്ട് പൈലറ്റുമാരേയും, രണ്ട് ക്യാബിന്‍ ക്രൂമാരെയും രണ്ടാം തവണയാണ് പിടിക്കപ്പെടുന്നത്. അതിനാൽ മൂന്ന് വര്‍ഷത്തേക്കാണ് ഇവരെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

ലഹരി ഉപയോഗിച്ചതിന് സസ്പെൻഷനിലായ വിമാന ജീവനക്കാരുടെ കമ്പനി തിരിച്ചുള്ള കണക്കുകൾ കാണാം:

ഒരോ വിമാനവും പുറപ്പെടുന്നതിന് മുമ്പ് ചുരുങ്ങിയത് 50 ശതമാനം ജീവനക്കാര്‍ മദ്യത്തിൻ്റെ ഉപയോഗം കണ്ടെത്തുന്നതിനുള്ള ബ്രീത്ത് അനലൈസര്‍ പരിശോധനക്ക് വിധേയരാകണമെന്നാണ് ഡി ജി സി എ നിർദ്ദേശിക്കുന്നത്. ഇതിന് പുറമെ മുഴുവൻ ജീവനക്കാരും ജോലി ആരംഭിക്കുന്നതിൻ്റെ 12 മണിക്കൂറിനുള്ളിൽ മദ്യം ഉപയോഗിച്ചിട്ടില്ലെന്ന് മെഡിക്കല്‍ സ്റ്റാഫിന് മുമ്പാകെ സത്യവാങ്ങ്മൂലം സമര്‍പ്പിക്കുകയും, അത് ക്യാമറയില്‍ പകര്‍ത്തുകയും വേണം.

ഡിജിസിഎ ചട്ടപ്രകാരം, ആദ്യമായി ആൽക്കഹോൾ  പരിശോധനയിൽ രാജയപ്പെടുന്ന പൈലറ്റുമാര്‍ക്കും ക്യാബിന്‍ ക്രൂവിനും മൂന്ന് മാസത്തേക്ക് ജോലിയിൽ വിലക്കേർപ്പെടുത്തും. രണ്ടാം തവണയും പിടിക്കപ്പെട്ടാൽ മൂന്ന് വർഷത്തേക്കാണ് വിലക്ക്. മൂന്നാം തവണയും പിടിക്കപ്പെട്ടാൽ അവരുടെ ഫ്ലൈയിംഗ് ലൈസൻസ് എക്കാലത്തേക്കുമായി റദ്ദാക്കപ്പെടും.

ചട്ടങ്ങളും നിയമങ്ങളും ഇത്രത്തോളം കർശനമായിട്ടും, മയക്ക് മരുന്നും മദ്യവും ഉപയോഗിച്ച് വിമാനം പറത്താനും, വിമാന ജോലിക്കുമെത്തുന്ന ജീവനക്കാരുടെ എണ്ണം വർധിച്ച് വരുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂടുതൽ കർശനമായ നിയമങ്ങളിലൂടെയും, പരിശോധനയിലൂടെയും മാത്രമേ ഇത്തരം സംഭവങ്ങൾ ഇല്ലാതാക്കാൻ സാധിക്കൂ.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!