ഗൾഫ് വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർത്തി; ഗൾഫിലേക്കു മടങ്ങാനാകാതെ പ്രവാസികൾ
ഗൾഫിലേക്കു തിരിച്ചെത്താൻ ആഗ്രഹിക്കുന്ന പ്രവാസി കുടുംബങ്ങൾക്കു തിരിച്ചടിയായി വിമാന ടിക്കറ്റ് നിരക്കിൽ വൻ വർധന. വേനൽ അവധിക്കു ഗൾഫിലെ സ്കൂളുകൾ അടച്ചതോടെ വൺവേ ടിക്കറ്റെടുത്തു നാട്ടിൽ എത്തിയവരാണു തിരിച്ചുപോകാനാകാതെ കുടുങ്ങിയത്.
ഗൾഫിൽ ഇന്നലെ സ്കൂളുകൾ തുറന്നതോടെ പ്രവാസി വിദ്യാർഥികളും വിമാനടിക്കറ്റ് നിരക്ക് വർധന മൂലം പ്രയാസത്തിലാണ്. നാലംഗ കുടുംബത്തിനു ദുബായിലേക്കു തിരിച്ചുവരാൻ 1.6 ലക്ഷം മുതൽ 3.5 ലക്ഷം രൂപ വരെയാണു ടിക്കറ്റ് നിരക്ക്. യാത്ര അബുദാബിയിലേക്കാണെങ്കിൽ 5000–10,000 രൂപ വരെ നിരക്ക് കൂടും. ഒരാൾക്കു 40,000 രൂപയ്ക്കു മുകളിലാണു വൺവേ നിരക്ക്.
ഇത്രയും തുക കൊടുത്താലും നേരിട്ടുള്ള വിമാനങ്ങളിൽ സീറ്റില്ല. 4 മണിക്കൂർ യാത്രാ ദൈർഘ്യമുള്ള യുഎഇയിലേക്ക് കണക്ഷൻ വിമാനങ്ങളിൽ മണിക്കൂറുകളോളം യാത്ര ചെയ്താലേ എത്താനാകൂ. കുവൈത്തിലേക്ക് ഒരാൾക്ക് കുറഞ്ഞത് 52,000 രൂപയും നാലംഗ കുടുംബത്തിനു 2.3 ലക്ഷം മുതൽ 5 ലക്ഷം വരെയും ചെലവാകും.ഖത്തറിലേക്കു 1.5 മുതൽ 4.2 ലക്ഷം രൂപ വരെയാണു നിരക്ക്. ഒരാൾക്ക് 35,000 രൂപയും.
മസ്കത്തിലേക്ക് ഒരാൾക്ക് 35,000 രൂപയും നാലംഗ കുടുംബത്തിനു കുറഞ്ഞത് 1.25 ലക്ഷം രൂപയും നൽകണം. ബഹ്റൈനിലേക്കു 1.7 ലക്ഷം മുതൽ 5.5 ലക്ഷം രൂപ വരെ. ഒരാൾക്കു 44,000 രൂപയ്ക്കു മുകളിലും. റിയാദിലേക്ക് ഒരാൾക്കു 50,000 രൂപയും നാലംഗ കുടുംബത്തിനു 1.8 മുതൽ 9.4 ലക്ഷം രൂപ വരെയുമാണു നിലവിലെ നിരക്ക്. സെപ്റ്റംബർ രണ്ടാം വാരത്തോടെ നിരക്കു കുറയുമെന്നാണു കണക്കുകൂട്ടുന്നത്.
അവധി നേരത്തെ ആസൂത്രണം ചെയ്തു മാസങ്ങൾക്കു മുൻപ് വിമാന ടിക്കറ്റ് എടുത്തുവയ്ക്കുന്നവർക്കു മാത്രമാണ് താരതമ്യേന കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനൊക്കു. അല്ലാത്തവർ സീസൺ സമയത്തെ കൂടിയ നിരക്കു നൽകി യാത്ര ചെയ്യാൻ നിർബന്ധിതരാവുകയാണ്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക