ഗൾഫ് രാജ്യങ്ങളിലേക്ക് മരുന്ന് കൊണ്ടുവരൽ: നിയമം കർശനമാക്കുന്നു; ലക്ഷ്യം ലഹരിക്കടത്ത് തടയൽ
ഗൾഫ് രാജ്യങ്ങളിലേക്ക് മരുന്നുകൾ കൊണ്ടുവരുന്നതിന് കർശനമായ നിയന്ത്രണങ്ങളാണുള്ളത്. യു.എ.ഇ.യിലേക്ക് ജീവൻരക്ഷാമരുന്നുകളടക്കം കൊണ്ടുവരുന്നതുസംബന്ധിച്ച നിയമം കർശനമാക്കുന്നുണ്ട്. മരുന്ന് കൊണ്ടുവരാനുള്ള നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചില്ലെങ്കിൽ നിയമനടപടികൾ സ്വീകരിക്കാനാണ് യുഎഇ സർക്കാർ തീരുമാനം. ഏതൊക്കെവിഭാഗങ്ങളിലുള്ള മരുന്നുകളാണ് പുറമേനിന്ന് കൊണ്ടുവരുന്നത് എന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടത്.
നിയന്ത്രണ, അർധനിയന്ത്രണ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന മരുന്നുകൾ കൊണ്ടുവരാൻ യു.എ.ഇ. ആരോഗ്യമന്ത്രാലയത്തിന്റെ പ്രത്യേക അനുമതിവേണം. www.mohap.gov.ae എന്ന സൈറ്റുവഴിയാണ് മരുന്ന് കൊണ്ടുവരാൻ അപേക്ഷിക്കേണ്ടത്.
അപേക്ഷയിൽ രോഗം, ചികിത്സ, നിർദേശിച്ച മരുന്നുകളുടെ വിവരങ്ങൾ തുടങ്ങിയവ വ്യക്തമാക്കണം. പരിശോധിച്ച ഡോക്ടർ മൂന്നുമാസത്തിനുള്ളിൽ നൽകിയ കുറിപ്പടി അനുമതിക്ക് ഹാജരാക്കണം. കൂടാതെ ചികിത്സ നടത്തിയ സ്ഥാപനത്തെക്കുറിച്ചുള്ള വിവരങ്ങൾ, അപേക്ഷകന്റെ വിസ അടക്കമുള്ള പാസ്പോർട്ട് കോപ്പി, എമിറേറ്റ്സ് ഐ.ഡി. എന്നിവയും വേണം.
സാധാരണമരുന്നുകൾക്ക് അനുമതിയാവശ്യമില്ലെങ്കിലും കൊണ്ടുവരാനുള്ള പരിധിയിൽ കൂടരുതെന്നും നിർദേശമുണ്ട്. അന്തരാഷ്ട്രതലത്തിൽ ശാസ്ത്രഗവേഷണങ്ങൾക്കുള്ള ലഹരിയുടെ അംശമുള്ള മരുന്നുകൾ പൊതുജനങ്ങളുടെ കൈകളിലെത്താതിരിക്കാൻ അധികൃതർ പ്രത്യേക ശ്രദ്ധ പതിപ്പിക്കും.
ലഹരിമരുന്നുകൾ രാജ്യത്ത് കൈമാറ്റംചെയ്യുന്നതോ ഉപയോഗിക്കുന്നതോ തടയാൻ യു.എ.ഇ. സർക്കാർ കർശന നിയമങ്ങളാണ് പുറപ്പെടുവിച്ചിരിക്കുന്നത്. മരുന്നുകളുടെ മറവിൽ ലഹരിപദാർഥങ്ങൾ രാജ്യത്തേക്ക് കടത്താതിരിക്കാനാണ് സർക്കാർ നിയമം കടുപ്പിച്ചത്. സ്മാർട്ട് സംവിധാനങ്ങളിലൂടെ കൊണ്ടുവരുന്ന മരുന്നുകളുടെ ചേരുവകളും വിശദവിവരങ്ങളും പരിശോധകർക്ക് ലഭ്യമാകും.
ഔഷധങ്ങളെന്ന വ്യാജേന ലഹരി ഉൽപന്നങ്ങൾ കൊണ്ടുവരുന്നതു തടയാൻ പരിശോധനകൾ കർശനമാക്കുകയാണ് ഗൾഫ് രാജ്യങ്ങൾ. കുടവയറും വിഗുമടക്കമുള്ള തന്ത്രങ്ങളുപയോഗിച്ച് ഉപയോഗപ്പെടുത്തി ലഹരിമരുന്നു കടത്തുന്നവരെ ഒറ്റനോട്ടത്തിൽ കെണിയിലാക്കാൻ സ്മാർട് വിദ്യകളും കസ്റ്റംസ് പ്രയോഗിക്കുന്നു.
വിഗ്, കൃത്രിമ കുടവയർ എന്നിവയ്ക്കുള്ളിലും സ്റ്റാംപുകളിലെ പശയിലും വരെ ലഹരിമരുന്നു കയറിപ്പറ്റിയത് കണ്ടെത്തിയിരുന്നു. വീൽചെയറുകൾ, ചോക്‌ലറ്റ്, ജ്യൂസ്, തേൻ, ബദാം, മസാലപ്പൊടി, പഴക്കൂടകൾ എന്നിവയിൽ ഒളിപ്പിച്ചു കടത്താനുള്ള നീക്കങ്ങളും കസ്റ്റംസ് പിടികൂടിയിരുന്നു.
സ്വർണം ദ്രവരൂപത്തിൽ കുപ്പിയിലാക്കുക, സ്വർണപ്പാളികൾ ദേഹത്തു ചുറ്റി കട്ടികൂടിയ വസ്ത്രങ്ങൾ ധരിക്കുക, സ്വർണനൂലുകൾ കൊണ്ട് വസ്ത്രങ്ങളിൽ അലങ്കാരപ്പണി നടത്തുക എന്നിങ്ങനെ തന്ത്രങ്ങളേറെയാണ്.
കുറ്റവാളികളുടെ ശരീരഭാഷയിൽ നിന്നുതന്നെ അധികൃതർക്ക് സൂചന ലഭിക്കും. ഇവരോട് മാന്യമായി ഇടപെടുകയും യാത്രാവിവരങ്ങൾ അന്വേഷിക്കുകയും ചെയ്യുന്നു. മറുപടിയിലെ പൊരുത്തക്കേടുകൾ കണ്ടെത്തി വിശദമായി ചോദ്യം ചെയ്യുന്നു. ലഗേജ് സ്കാൻ ചെയ്യാനും മറ്റുമായി ഹൈടെക് സംവിധാനങ്ങളുമുണ്ട്.
ആഭിചാര കർമങ്ങൾക്കുള്ള സാമഗ്രികളുമായി എത്തിയവരെ പിടികൂടിയ കേസുകളുമേറെയാണ്.
സൌദി അറേബിയിലേക്കും മരുന്നുകൾ കൊണ്ടുവരുന്നതിന് കർശനമായ നിയന്ത്രണങ്ങളുണ്ട്. അന്താരാഷ്ട്ര വിപണിയിൽ ലഭ്യമായിട്ടുള്ള മിക്ക മരുന്നുകളും ഗൾഫ് രാജ്യങ്ങളിലെല്ലാം ലഭ്യമാണ്. കൂടാതെ സൌദിയുൾപ്പെടെയുള്ള രാജ്യങ്ങളിൽ എല്ലാവർക്കും ആരോഗ്യ ഇൻഷൂറൻസ് വഴി സൌജന്യമായി ഇത്തരം മരുന്നകൾ ലഭിക്കുന്നുമുണ്ട്. എന്നിരിക്കെ പലരും നാട്ടിൽ നിന്ന് വ്യാപകമായി മരുന്നുകൾ കൊണ്ടുവരുന്നത് അനാവശ്യമായതും പണചിലവുള്ളതുമായ കാര്യമാണ്.
ചില ആളുകൾ വർഷങ്ങൾക്ക് മുമ്പ് ഏതെങ്കിലും ഡോക്ടർ നൽകിയ കുറിപ്പടിയായിരിക്കും മരുന്നിനോടൊപ്പം കരുതിയിട്ടുണ്ടാവുക. വിമാനത്താവളങ്ങളിൽ വെച്ച് ചോദിച്ചാൽ കാണിച്ച് കൊടുക്കാനാണിത്. എന്നാൽ ഇത്തരം ഘട്ടങ്ങളിൽ കാലഹരണപ്പെട്ട കുറിപ്പടികൾ രക്ഷക്കെത്തില്ല എന്ന് തിരിച്ചറിയണം.
ജീവിതശൈലി രോഗങ്ങൾക്കുള്ള മരുന്നുകൾ കൊണ്ടുവരാൻ അനുവദിക്കുന്നുണ്ടെങ്കിലും, ഒരാൾ തന്നെ ഒരു വർഷം കഴിക്കാനുള്ള മരുന്നുകളുമായൊക്കെ വരുന്നത് ദോഷം ചെയ്യാനിടയുണ്ട്. അതിനാൽ അത്തരം ഘട്ടത്തിലും മിതമായ രീതിയിൽ മാത്രം മരുന്നുകൾ കൊണ്ടുവരാൻ ശ്രമിക്കുക.
നിരോധനമുള്ള മരുന്നുകളുമായി യാതൊരു കാരണത്താലും സൌദിയിലേക്കോ, മറ്റു ഗൾഫ് രാജ്യങ്ങളിലേക്കോ വരരുത്. നിരോധിക്കപ്പെട്ട മരുന്നുകൾ ഏതെന്ന് അറിയില്ലെങ്കിൽ ഏതെങ്കിലും സാമൂഹിക പ്രവർത്തകരുമായോ, ഫാർമസി ജീവനക്കാരുമായോ ബന്ധപ്പെട്ട് ഉറപ്പാക്കുന്നത് നല്ലതായിരിക്കും.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക