ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങുന്നു; എം.വി. ഗോവിന്ദൻ എം.എൽ.എ സ്ഥാനവും രാജിവെക്കാൻ സാധ്യത
സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും മന്ത്രിയുമായ എം.വി. ഗോവിന്ദൻ പാർട്ടി സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ മന്ത്രിസ്ഥാനം മാത്രമല്ല, എംഎൽഎ സ്ഥാനവും രാജിവെക്കുമെന്ന് സൂചന.
എംഎൽഎ സ്ഥാനം കൂടി രാജിവെച്ചാൽ, കണ്ണൂർ തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങും. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റതിനു ശേഷമുള്ള രണ്ടാമത്തെ ഉപതിരഞ്ഞെടുപ്പാകും ഇത്. ആദ്യത്തേതു പാർട്ടി പരാജയം നേരിട്ട തൃക്കാക്കരയിലായിരുന്നു. നിയമസഭാ സമ്മേളനത്തിനു ശേഷം എം.വി ഗോവിന്ദൻ തദ്ദേശ സ്വയംഭരണ– എക്സൈസ് വകുപ്പുകളുടെ മന്ത്രിസ്ഥാനം രാജിവയ്ക്കുമെന്നാണു പുറത്തുവന്ന വിവരം. എന്നാൽ ഒപ്പം എംഎൽഎ സ്ഥാനവും രാജിവയ്ക്കാനാണു നേതൃതലത്തിൽ ഉരുത്തിരിഞ്ഞ പ്രാഥമിക ധാരണ.
എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല. കഷ്ടിച്ച് ഒന്നര വർഷത്തിനിപ്പുറം നടക്കാൻ പോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനു പാർട്ടിയെ സജ്ജമാക്കുകയെന്ന ദൗത്യമാണു എം.വി ഗോവിന്ദനു മുന്നിലുള്ളത്. അതിനാൽ എംഎൽഎ സ്ഥാനത്തു തുടർന്നുകൊണ്ടു പാർട്ടി സെക്രട്ടറിയുടെ ജോലിയിൽ പൂർണമായി മുഴുകാൻ കഴിയില്ലെന്നു നേതൃത്വം വിലയിരുത്തിയതോടെയാണു പാർട്ടിയുടെ ശക്തികേന്ദ്രമായ തളിപ്പറമ്പിലെ എംഎൽഎ സ്ഥാനം രാജിവയ്ക്കുന്നതിനെക്കുറിച്ച് ആലോചന കൊഴുക്കുന്നത്. ഉപതിരഞ്ഞെടുപ്പിൽ പറ്റിയ സ്ഥാനാർഥിയെ കണ്ടെത്താനുള്ള ചർച്ചയും അനൗദ്യോഗികമായി പുരോഗമിക്കുന്നുണ്ട്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക