ഖുദാ മലമുകളില്‍ കുടുങ്ങിയ അഞ്ച് പ്രവാസികളെ പൊലീസ് ഹെലിക്കോപ്റ്റർ ഉപയോഗിച്ച് രക്ഷപ്പെടുത്തി – വീഡിയോ
യുഎഇയില്‍ മലമുകളില്‍ കുടുങ്ങിയ അഞ്ച് പ്രവാസികളെ പൊലീസ് രക്ഷപ്പെടുത്തി. റാസല്‍ഖൈമയിലെ ഖുദാ മലനിരകളില്‍ ഞായറാഴ്ച വൈകുന്നേരമാണ് അഞ്ചംഗ സംഘം കുടുങ്ങിയതെന്ന് റാസല്‍ഖൈമ പൊലീസ് സ്പെഷ്യല്‍ ടാസ്ക്സ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ കേണല്‍ ഡോ. യൂസഫ് സലീം ബിന്‍ യാഖൂബ് പറഞ്ഞു.
വാദി ഖുദാ മലനിരകളില്‍ അഞ്ച് പേര് കുടുങ്ങിയെന്ന റിപ്പോര്‍ട്ടുകളാണ് പൊലീസിന് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ഇവരെ കണ്ടെത്തുന്നതിനായി ഹെലികോപ്റ്ററില്‍ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തേക്ക് പോയി. ഏതാനും മിനിറ്റുകള്‍ കൊണ്ടുതന്നെ കുടുങ്ങിയവരെ കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചു. ഇവര്‍ക്ക് ആവശ്യമായ സഹായം എത്തിച്ചു.
അഞ്ചംഗ സംഘത്തിലെ നാല് പേരെയും രക്ഷാപ്രവര്‍ത്തകര്‍ അവരുടെ വാഹനങ്ങള്‍ക്ക് സമീപത്ത് എത്തിച്ചു. എന്നാല്‍ കഠിനമായ ചൂടും ക്ഷീണവും കാരണം അവശനായിരുന്ന ഒരാളെ അവിടെ നിന്ന് നേരെ ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ ആരോഗ്യനിലയും തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
അന്തരീക്ഷ താപനില ഉയര്‍ന്നു നില്ക്കുന്ന സമയങ്ങളില്‍ പര്‍വത പ്രദേശങ്ങളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് കേണല്‍ ഡോ. യൂസഫ് സലീം ബിന്‍ യാഖൂബ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. രാജ്യത്തെ പൗരന്മാര്ക്കും പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കുമെല്ലാം ബുദ്ധിമുട്ടുകള്‍ നേരിടുമ്പോള്‍ അവരെ സഹായിക്കാന്‍ റാസല്‍ഖൈമ പൊലീസ് എപ്പോഴും സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പൊലീസ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
فرق الإنقاذ بشرطة رأس الخيمة تنقذ 5 آسيويين ضلوا طريقهم في وادي قداعة pic.twitter.com/fB2Txy6NwQ
— شرطة رأس الخيمة (@rakpoliceghq) August 28, 2022