10–ാം ക്ലാസ് മുതൽ ഡേറ്റിങ്; കാമുകന് വേണ്ടി പതിനേഴുകാരി സ്വന്തം വീട്ടിൽനിന്ന് മോഷ്ടിച്ചത് 1.9 കിലോ സ്വർണം

ഇൻഷുറൻസ് കമ്പനിയുടെ ഉദ്യോഗസ്ഥൻ സ്വർണാഭരണങ്ങളുടെ പ്രീമിയം പുതുക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നു നടത്തിയ പരിശോധനയിലാണ്  തന്റെ വീട്ടിൽ നിന്ന് വൻതോതിൽ സ്വർണവും പണവും നഷ്‌ടമായതായി വീട്ടുടമ അറിയുന്നത്. 1.9 കിലോ സ്വർണവും, 5 കിലോഗ്രാം വെള്ളിയും പണവുമാണ് നഷ്‌ടമായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ 17 വയസ്സുകാരിയായ സ്വന്തം മകൾ തന്നെയാണ് മോഷ‌ണത്തിനു പിന്നിലെന്ന് മനസ്സിലായി. ബെംഗളൂരു ബ്യാതരായണപുരയിലുള്ള 45 വയസ്സുകാരനായ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയർക്കാണ് മകളിലൂടെ ഇത്രയും വലിയ നഷ്ടമുണ്ടായത്.

പത്താം ക്ലാസ് മുതൽ താൻ ഡേറ്റിങ്ങിലായിരുന്നുവെന്നും 20 വയസ്സുകാരനായ ആൺ സുഹൃത്ത് തന്നെ ബ്ലാക്‌മെയിൽ ചെയ്‌ത് പണവും സ്വർണവും തട്ടിയെടുത്തതെന്നു പെൺകുട്ടി പിതാവിനോട് പറഞ്ഞതോടെ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയർ ബ്യാതരായണപുര പൊലീസ് സ്റ്റേ‍ഷനിലെത്തി പരാതി നൽകി. തൊട്ടുപിന്നാലെ 20 വയസ്സുകാരനായ ബികോം വിദ്യാർഥിയെ പൊലീസ് അറ‌സ്റ്റ് ‌ചെയ്‌‍തു. കവർച്ചയ്ക്കു പുറമേ പോ‌ക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.

പണവും സ്വർണവും വീട്ടിൽ നിന്ന് എടുത്തു നൽകിയില്ലെങ്കിൽ തന്റെ ചിത്രങ്ങൾ മോർഫ് ചെ‌യ്‌ത് സമൂഹമാധ്യമങ്ങളിലൂടെ  പ്രചരിപ്പിക്കുമെന്നും കോളജ് ചുമരിൽ ഒട്ടിക്കുമെന്നും യുവാവ് പറഞ്ഞതായി പെൺകുട്ടി മൊഴി നൽകി. 2,500, 5,000, 10,000 തുടങ്ങിയ സംഖ്യകളാണ് തുടക്കത്തിൽ ചോദിച്ചതെന്നും പിന്നീട് 2 ലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെട്ടുവെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു.  കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 1.9 കിലോ സ്വർണ്ണാഭരണങ്ങളും 5 കിലോ വെള്ളിയും  വീട്ടിൽ നിന്ന് മോഷ്‌ടിച്ച് ഇയാൾക്കു നൽകിയതായി പെൺകുട്ടി പൊലീസിനോട് പറഞ്ഞു.

ഓഗസ്റ്റ് എട്ടിന് താൻ വീട്ടിൽ പരിശോധന നടത്തിയപ്പോൾ മകൾ തടസ്സം നിന്നതിനെ തുടർന്ന്  നടത്തിയ ചോദ്യം ചെയ്യലിലാണ് സംഭവിച്ച കാര്യങ്ങൾ തുറന്നു പറഞ്ഞതെന്നും സോഫ്റ്റ്‌വെയര്‍ എന്‍ജിനീയർ പൊലീസിനോട് പറഞ്ഞു. 2018 ൽ പിതാവും 2021 ൽ ഭാര്യയും മരിച്ചതിനെ തുടർന്ന് മാനസികമായ ഏറെ തളർന്ന അവസ്ഥയിൽ ആയിരുന്നതിനാൽ ആഭരണങ്ങളുടെ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ ചെലുത്തിയിരുന്നില്ലെന്നും പെൺകുട്ടിയുടെ പിതാവ് പൊലീസിനോട് പറഞ്ഞു.

പെൺകുട്ടിയുമായി ഡേറ്റിങ്ങിലായിരുന്നുവെന്നു പ്രതി സമ്മതിച്ചു. പെൺകുട്ടിയെ ബ്ലാക്‌മെയിൽ ചെയ്‌തെന്ന ആരോപണം നിഷേധിച്ച പ്രതി പലപ്പോഴായി പെൺകുട്ടിയിൽ നിന്ന് പണവും സ്വർണവും കൈപ്പറ്റിയതായി സമ്മതിച്ചു. വാങ്ങിയ സ്വർണത്തിൽ നിന്ന് 300 ഗ്രാം സ്വർണം താൻ തിരികെ നൽകിയതായി പ്രതി അവകാശവാദം ഉന്നയിച്ചു. യുവാവിന്റെ മൊഴി പരിശോധിക്കുന്നതായും പെൺകുട്ടിയിൽനിന്ന്  സമാനമായ രീതിയിൽ മറ്റാരെങ്കിലും സ്വർണമോ, പണമോ തട്ടിയെടുത്തിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കുമെന്നും ബ്യാതരായണപുര പൊലീസ് അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!