കോടിയേരി സ്ഥാനമൊഴിഞ്ഞു; മന്ത്രി എം.വി.ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറി, മന്ത്രി സഭയിലും മാറ്റം വരും
എക്‌സൈസ്, തദ്ദേശമന്ത്രി എം.വി.ഗോവിന്ദനെ സിപിഎം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തു. തീരുമാനം സിപിഎം സംസ്ഥാന സമിതി യോഗത്തില്‍. കോടിയേരി ബാലകൃഷ്ണൻ ആരോഗ്യകാരണങ്ങളെ തുടർന്ന് പദവി ഒഴിഞ്ഞിരുന്നു. ഈ ഒഴിവിലേക്കാണ് അദ്ദേഹത്തിന്റെ നിയമനം. വിദഗ്ധ ചികിത്സയ്ക്കായി കോടിയേരിയെ നാളെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കും.
മന്ത്രി സഭയിൽ നിന്നുള്ള ഒരു അംഗം പാർട്ടി സെക്രട്ട്രറിയാകുന്നതിനാൽ, മന്ത്രി സഭയിലും മാറ്റങ്ങളുണ്ടാകും. അടിമുടി മാറ്റം വരുമെന്നാണ് ലഭിക്കുന്ന സൂചനകൾ.
സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി, സിപിഎം സംസ്‌ഥാന കമ്മിറ്റി അംഗം, കർഷക തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ്, ആദിവാസി ക്ഷേമ സമിതി ജില്ലാ സെക്രട്ടറി, മലബാർ ടൂറിസം സൊസൈറ്റി ചെയർമാൻ എന്നീ സ്‌ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്നു. കെഎസ്വൈഎഫ് പ്രവർത്തകനായാണ് ഗോവിന്ദൻ സിപിഎമ്മിലേക്കു വരുന്നത്. തുടർന്ന് കെഎസ്വൈഎഫിന്റെ ജില്ലാ പ്രസിഡന്റായി. മൊറാഴ സ്‌കൂളിലെ കായിക അധ്യാപകജോലി രാജിവച്ചാണ് സിപിഎമ്മിന്റെ മുഴുവൻ സമയ പ്രവർത്തകനായത്.
എൺപതുകളിൽ ഡിവൈഎഫ്ഐ. സംസ്‌ഥാന പ്രസിഡന്റായും സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ഇ.പി. ജയരാജൻ വെടിയേറ്റ് ചികിൽസയിലായപ്പോൾ ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിച്ചത് എം.വി. ഗോവിന്ദനായിരുന്നു.
മൊറാഴയിലെ കെ. കുഞ്ഞമ്പുവിന്റേയും മീത്തിലെ വീട്ടിൽ മാധവിയുടേയും ആറു മക്കളിൽ രണ്ടാമൻ. തളിപ്പറമ്പ് നഗരസഭാ ചെയർപഴ്‌സനായിരുന്ന പി.കെ. ശ്യാമളയാണ് ഭാര്യ. ശ്യാംജിത്ത്, കുട്ടൻ എന്നിവർ മക്കൾ.
മുഖ്യമന്ത്രി പിണറായി വിജയൻ കോടിയേരി ബാലകൃഷ്ണനെ അദ്ദേഹത്തിന്റെ ഫ്ലാറ്റിലെത്തി സന്ദർശിച്ചു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, പൊളിറ്റ് ബ്യൂറോ (പിബി) അംഗം എം.എ.ബേബി എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക