മൂന്നു വീടുകളില്‍ നിന്നായി ലക്ഷങ്ങള്‍ കവര്‍ന്നു; രണ്ട് പ്രവാസികള്‍ അറസ്റ്റില്‍
യുഎഇയിലെ അല്‍ ഖുസൈസില്‍ വീടുകളില്‍ മോഷണം നടത്തിയ രണ്ട് ഏഷ്യക്കാര്‍ പിടിയില്‍. മൂന്ന് വീടുകളില്‍ നിന്നായി 430,000 ദിര്‍ഹം കവര്‍ന്ന രണ്ട് ഏഷ്യക്കാരെയാണ് ദുബൈ പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടുടമസ്ഥര്‍ ഇല്ലാത്ത രാത്രികളിലാണ് കവര്‍ച്ച നടത്തിയിട്ടുള്ളത്.
മോഷണം നടന്നതായി വീട്ടുടമസ്ഥര്‍ പൊലീസില്‍ അറിയിച്ചതായി അല്‍ ഖുസൈസ് പൊലീസ് സ്റ്റേഷന്‍ മേധാവി ബ്രിഗേഡിയര്‍ അബ്ദുല്‍ ഹാലിം അല്‍ ഹാഷെമി പറഞ്ഞു. 193,000, 87,000, 50,000 ദിര്‍ഹം വീതമാണ് ഓരോ വീട്ടില്‍ നിന്നും നഷ്ടപ്പെട്ടിട്ടുള്ളത്. ഒരേ രീതിയിലാണ് മൂന്നു വീടുകളിലും കവര്‍ച്ച നടത്തിയിട്ടുള്ളതെന്ന് ബ്രിഗേഡിയര്‍ അല്‍ ഹാഷെമി കൂട്ടിച്ചേര്‍ത്തു.
അന്വേഷണത്തിനായി സിഐഡി സംഘത്തെ നിയോഗിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കവര്‍ച്ച നടന്ന വീടുകളിലെ ഉടമസ്ഥര്‍ പുറത്തുപോകാന്‍ കാത്ത് രണ്ട് ഏഷ്യക്കാര്‍ നിന്നിരുന്നതായി വിവരം കണ്ടെത്തി. പിന്നീട് വളരെ വേഗത്തില്‍ ഇവരെ പിടികൂടുകയായിരുന്നു. മോഷണം പോയ പണവും കണ്ടെത്തി. പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇവരെ തുടര്‍ നിയമ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക