ജാര്‍ഖണ്ഡില്‍ അട്ടിമറി സാധ്യത; എംഎൽഎമാരെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി
റാഞ്ചി: ക്വാറി ലൈസന്‍സ് കേസില്‍ ഗവര്‍ണര്‍ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കാനുള്ള സാധ്യത നിലനില്‍ക്കെ ഭരണകക്ഷി എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി. ജാർഖണ്ഡിൽ നിർണായക രാഷ്ട്രീയ നീക്കങ്ങളാണ് നടക്കുന്നത്. സോറന്റെ വസതിയിൽ നിന്നും മൂന്ന് ബസുകളിലായാണ് കോൺഗ്രസ്, ജെഎംഎം എംഎൽഎമാരെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്. ഹേമന്ത് സോറന്റെ നിയമസഭാഗത്വം റദ്ദാക്കമെന്ന ശുപാർശ തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ട് ദിവസം മുന്‍പാണ് ഗവർണർക്ക് നല്‍കിയത്.
ഇതിന്റെ അടിസ്ഥാനത്തിൽ ഗവർണർ രമേഷ് ഭായിസ് ഹേമന്ത് സോറനെ അയോഗ്യനാക്കുന്ന ഉത്തരവില്‍ ഇന്ന് ഒപ്പിട്ടേക്കുമെന്നാണ് സൂചനകൾ. എന്നാൽ മത്സരിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തില്ലെന്നും റിപ്പോർട്ടുകളുണ്ട്. ഹേമന്ത് സോറന്റെ വസതിയില്‍ ഇന്ന് ചേര്‍ന്ന അടിയന്തര യോഗത്തിലേക്ക് ലഗേജുകളുമായിട്ടാണ് ചില എംഎല്‍എമാര്‍ എത്തിയത്. യോഗത്തിന് ശേഷമാണ് എംഎൽഎമാരെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്.
ഭരണ മുന്നണിയില്‍ നേരത്തെ തന്നെ വിമത ഭീഷണി നിലനില്‍ക്കുന്നുണ്ട്. ഇിതിനിടെയാണ് മുഖ്യമന്ത്രി ഹേമന്ത് സോറനെതിരെ നടപടിയും വരുന്നത്. ഈ സാഹചര്യം മുതലെടുത്ത് ബിജെപി ചില കരുനീകങ്ങൾ നടത്തുന്നുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. മാറുന്ന രാഷ്ട്രീയ സാഹചര്യത്തില്‍ ഭൂരിപക്ഷം നഷ്ടപ്പെടില്ലെന്ന ആത്മവിശ്വാസത്തിലാണ് ഭരണ പക്ഷ നേതാക്കൾ. എങ്കിലും കൂറുമാറ്റം തടയാനാണ് എംഎൽഎമാരെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റുന്നത്.
അയോഗ്യനാക്കപ്പെടുന്ന സാഹചര്യത്തില്‍ ഹേമന്ത് സോറന് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടി വരുമെന്നതാണ് പ്രതിസന്ധി. ഇതോടൊപ്പം മന്ത്രിസഭയും പിരിച്ച് വിടേണ്ടി വരും. രാജിവെക്കേണ്ടി വന്നാൽ മത്സരിക്കാന്‍ വിലക്കില്ലെങ്കില്‍ വീണ്ടും മുഖ്യമന്ത്രിയായ ശേഷം വിശ്വാസ വോട്ടെടുപ്പ് നടത്തി വിജയിച്ച് ആറ് മാസത്തിനുളളില്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന മാർഗവും പാര്‍ട്ടി പരിഗണിക്കുന്നുണ്ട്.