ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് ഇരു കൈ കാലുകളും നഷ്ടമായ പ്രവാസി, സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലിൽ നാട്ടിലേക്ക് തിരിച്ചു

സൗദി അറേബ്യയിൽ ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് ഇരു കൈകാലുകളും നഷ്ടമായ ഉത്തരേന്ത്യൻ സ്വദേശിയായ യുവാവ് മലയാളി സാമൂഹിക പ്രവർത്തകരുടെ ഇടപെടലിൽ ലഭിച്ച നഷ്ടപരിഹാരവുമായി നാട്ടിലേക്ക് തിരിച്ചു.

ഉനൈസയിലെ സ്വകാര്യ മെയിന്റനൻസ് കമ്പനിയിൽ ജോലി ചെയ്യവെ 2019 ഡിസംബറിലുണ്ടായ അപകടത്തിൽ ദാരുണമായി പരിക്കേറ്റ യു.പി, മുസഫർ നഗർ സ്വദേശി രേണു കുമാറിനാണ് (24) സാമൂഹിക പ്രവർത്തകർ താങ്ങായത്.

ഇലക്ട്രീഷ്യന്റെ  സഹായിയായി ആദ്യമായി സൗദി അറേബ്യയിലെത്തി രണ്ടുമാസം പിന്നിടുമ്പോഴാണ് രേണുകുമാറിന്റെ ജീവിതം താറുമാറാക്കിയ അപകടമുണ്ടായത്.

സഹജീവനക്കാരന്റെ സന്ദേശം തെറ്റായി മനസിലാക്കി വൈദ്യുതി പ്രവാഹമുള്ള യന്ത്രത്തിൽ സ്‍പർശിച്ചതാണ് അപകടകാരണം. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈദ്യുതാഘാതത്താൽ കരിഞ്ഞു സാരമായി പരിക്കേറ്റ കൈകാലുകൾ മുറിച്ചു നീക്കുകയല്ലാതെ മാർഗമുണ്ടായിരുന്നില്ല.

ഒരു കൊല്ലത്തോളം നീണ്ട ചികിത്സക്കുശേഷം വിധിയിൽ ആശ്വസിച്ച് നാട്ടിലേക്ക് മടങ്ങാൻ തയാറെടുത്തെങ്കിലും ഇൻഷുറൻസ് കമ്പനിയിൽ നിന്ന് നഷ്ടപരിഹാരം ലഭിക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ കാര്യങ്ങൾ വീണ്ടും അവതാളത്തിലാക്കി.

അബ്ശിർ പോലുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാനും ബാങ്കുരേഖകൾ ശരിപ്പെടുത്താനും വിരൽ മുദ്ര ഇല്ലാതെ വന്നതാണ് പ്രശ്നമായത്. ഇത്തരം എല്ലാ പ്രതിസന്ധികളിൽ നിന്നും കരകയറാനായത് മലയാളി സാമൂഹിക പ്രവർത്തകരുടെ ഇടപെടലുകളാണ്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!