ചരിത്രനിയോഗവുമായി കോഴിക്കോട് സ്വദേശി താഹിറ ദുബായിൽ നിന്നെത്തി; രാജ്കുമാറിൻ്റെ ചിതാഭസ്മം മക്കൾക്കു കൈമാറി

ചരിത്രനിയോഗവുമായി കോഴിക്കോട് സ്വദേശി താഹിറ നാട്ടിലെത്തി. കോവിഡ് 19 ബാധിച്ചു ദുബായിൽ മരിച്ച കന്യാകുമാരി സ്വദേശി രാജ് കുമാർ തങ്കപ്പന്റെ ചിതാഭസ്മം താഹിറ കന്യാകുമാരിയിലെ രാജ്കുമാർ തങ്കപ്പന്റെ വീട്ടിലെത്തി കുടുംബത്തിനു കൈമാറി. മലയാളി സാമൂഹിക പ്രവർത്തകയും,  അൽ ഐൻ ആരോഗ്യ വിഭാഗത്തിൽ (സേഹ) ഓഡിയോളജിസ്റ്റുമാണ് കോഴിക്കോട് മൂഴിക്കൽ സ്വദേശിയായ താഹിറ.

രാജ്കുമാറിന്റെ മകൾ ആവശ്യപ്പെട്ടതനുസരിച്ചാണ് താൻ ഈ നിയോഗം ഏറ്റെടുത്തതെന്നു താഹിറ പറയുന്നു. ‘‘പിതാവിന്റെ ചിതാഭസ്മം സിജോ പോൾ സൂക്ഷിക്കുന്ന കാര്യം മകൾ െവളിപ്പെടുത്തുകയും അതു ലഭിക്കാൻ സഹായിക്കണമെന്ന് അഭ്യർഥിക്കുകയും ചെയ്തു. അമ്മയെ അടക്കം ചെയ്ത കല്ലറയ്ക്കു സമീപം അച്ഛന്റെ പ്രതീകാത്മക കല്ലറ പണിതു ചിതാഭസ്മത്തിനായി കാത്തിരിക്കുകയായിരുന്നു മക്കൾ.

തുടർന്നു സിജോയുമായി താൻ ബന്ധപ്പെട്ടു. എന്നാൽ ചിതാഭസ്മം നാട്ടിലേക്കെത്തിക്കുന്നതിനു സിജോയ്ക്കു ചില നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു.  ബാക്കി കുറെ പേപ്പറുകൾ കിട്ടേണ്ടതുണ്ടായിരുന്നു. എനിക്കുറപ്പില്ലാത്ത ഒരു ദൗത്യം ആയിരുന്നു അത്. അറിയാവുന്ന മാധ്യമ സുഹൃത്തുക്കളെ ഈ വാർത്ത അറിയിച്ചു. ആരെങ്കിലും നാട്ടിലേക്കു പോകുമ്പോൾ കൊടുത്തുവിടാം അല്ലെങ്കിൽ അവധി കിട്ടുകയാണെങ്കിൽ സിജോയുടെ കൈയിൽ തന്നെ കൊടുത്തുവിടാമെന്നാണ് ആദ്യം കരുതിയിരുന്നത്. ഈ ദൗത്യം തന്നിലേക്കു വന്നത് തികച്ചും യാദൃശ്ചികമായാണെന്നാണു വിശ്വസിക്കുന്നത്’’.– താഹിറ പറഞ്ഞു

രാജ്കുമാർ തങ്കപ്പന്റെ ചിതാഭസ്മവുമായി താഹിറ  ഇന്നലെയാണ് (ഓഗസ്റ്റ് 25ന്) യാത്ര പുറപ്പെട്ടത്. ചിതാഭാസ്മം ഇത്രയും കാലം സൂക്ഷിച്ച, ദുബായിൽ ജോലി ചെയ്യുന്ന കോട്ടയം പെരുവ സ്വദേശി സിജോ പോൾ ഇവരോടൊപ്പം യാത്ര ചെയ്യാൻ ഉദ്ദേശിച്ചിരുന്നെങ്കിലും കമ്പനി അവധി അനുവദിക്കാത്തതിനാൽ അതു നടന്നില്ല.

കോവിഡ് ബാധിച്ച് രണ്ടര വർഷം മുൻപ് ദുബായിൽ മരിച്ച രാജ് കുമാർ തങ്കപ്പന്റെ മക്കളുടെ ആഗ്രഹപ്രകാരം സിജോ പോൾ ചിതാഭസ്മം അധികൃതരിൽ നിന്നു കൈപ്പറ്റി സൂക്ഷിക്കുകയായിരുന്നു. എന്നാൽ, ജോലി സംബന്ധമായ കാരണങ്ങളാൽ ഇത്രയും കാലമായി അതു നാട്ടിലെത്തിക്കാൻ സിജോയ്ക്കു സാധിച്ചില്ല.

കോവി‍ഡ് ബാധിച്ച് മരിച്ച പാവപ്പെട്ടവരുടെ ആശ്രിതർക്കിടയിൽ ജീവകാരുണ്യ പ്രവർത്തനം നടത്തുകയായിരുന്ന താഹിറയോട് രാജ്കുമാർ തങ്കപ്പന്റെ മക്കൾ ഇക്കാര്യത്തിൽ സഹായം തേടുകയായിരുന്നു. ഏറെ കടമ്പകൾ കടന്ന ശേഷമാണ് ചരിത്രത്തിലാദ്യമായി യുഎഇയിൽ നിന്നു ചിതാഭസ്മം കൊണ്ടുപോകാൻ അധികൃതരിൽ നിന്നു താഹിറയ്ക്ക് അനുവാദം ലഭിച്ചത്. ഇവരുടെ പ്രവർത്തനങ്ങൾക്ക് ഐ.ടി കമ്പനി നടത്തുന്ന ഭർത്താവ് ഫസലുൽ റഹ്മാന്റെയും മക്കളുടെയും പൂർണ പിന്തുണയുണ്ടായിരുന്നു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

താഹിറ മുന്നോട്ടു വന്നതിന് പിന്നിൽ

2012 മുതൽ യുഎഇയിലുള്ള താഹിറ ആരോഗ്യമേഖലയിലെ ജോലിക്കിടെയാണ് സാമൂഹികപ്രവർത്തന രംഗത്ത് സജീവമായത്. കോവിഡ് മുന്നണിപ്പോരാളിയായ  ഇൗ യുവതി തന്റെ അനുഭവങ്ങൾ ചേർത്ത് ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്– ഇൗ സമയവും കടന്നുപോകും. ഇതു പിന്നീട് ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ച് ശ്രദ്ധ നേടി. തന്റെ സുഹൃത്തിന്റെ സമൂഹമാധ്യമത്തിലെ കുറിപ്പ് കണ്ടാണു താഹിറ രാജ് കുമാറിന്റെ കുടുംബവുമായി ബന്ധപ്പെടുന്നത്. പുസ്തകം വിറ്റ് കിട്ടിയ 25,000 രൂപ മാതാവും പിതാവും നഷ്ടപ്പെട്ട രാജ് കുമാറിന്റെ മകൾ ബ്യൂട്ടിലിൻ റെക്സിയുടെ ബിഎഡ് പഠനത്തിനായി അയച്ചുകൊടുക്കുകയും ചെയ്തു. തുടർന്നാണ് പിതാവിന്റെ ചിതാഭസ്മം നാട്ടിലേക്ക് അയക്കാൻ സഹായിക്കണമെന്ന് അഭ്യർഥിക്കുന്നത്.

സിജോ പോളിന്റെ കൈയിൽ ചിതാഭസ്മമെത്തിയത്

മാവേലിക്കര കുറുത്തികാട് സിഎംഎസ് ചിൽഡ്രൻസ് ഹോമിലാണ് 12–ാ വയസ്സുമുതൽ സിജോ പോൾ വളർന്നത്. വീട്ടിലെ സാമ്പത്തിക സ്ഥിതി മോശമായതാണ് ഇവിടെയെത്താൻ കാരണം. ആറു വർഷം മുൻപ് യുഎഇയിലെത്തി. ദെയ്റ സിറ്റി സെന്ററിനടുത്തെ സ്വകാര്യ കമ്പനിയിലായിരുന്നു ജോലി. പിന്നീട് അതു നഷ്ടപ്പെട്ടു.

അജ്മാനിൽ ജോലി ചെയ്തിരുന്ന രാജ് കുമാർ തങ്കപ്പൻ കോവിഡ് ബാധിച്ചു മരിക്കുന്നത് 2020 മേയ് 14നാണ്. ‘നമ്മുടെ സഹോദരൻ കന്യാകുമാരി സ്വദേശി രാജ് കുമാർ തങ്കപ്പൻ അജ്മാനിൽ കോവിഡ് ബാധിച്ച് മരിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ ഭാര്യ കുറച്ച് നാൾ മുൻപാണ് നാട്ടിൽ അപകടത്തിൽ മരിച്ചത്. ദമ്പതികൾക്ക് രണ്ട് മക്കളാണുള്ളത്. അവര്‍ പിതാവിന്റെ ചിതാഭസ്മമെങ്കിലും കാണണമെന്ന് ആഗ്രഹിക്കുന്നു. യുഎഇയിലുള്ള  സഹോദരന്മാർ ആരെങ്കിലും ഇതിനു മുൻകൈയെടുക്കണമെന്ന് അഭ്യർഥിക്കുന്നു’– ഇത്തരമൊരു സന്ദേശം വാട്സാപ് ഗ്രൂപ്പിൽ കണ്ടതു മുതൽ സിജോയുടെ മനസ്സിന്റെ സ്വസ്ഥത നഷ്ടപ്പെട്ടു. രാജ് കുമാർ തങ്കപ്പന്റെ സ്ഥാനത്തു താനായിരുന്നെങ്കിൽ ഇതുപോലെ സംഭവിക്കുമായിരുന്നല്ലോ എന്നോർത്ത് ഏറെ വിഷമിച്ചു. അങ്ങനെയാണ് അധികൃതരുമായി ബന്ധപ്പെടുന്നത്.

അൽ ഐനിലായിരുന്നു രാജ് കുമാർ തങ്കപ്പന്റെ മൃതദേഹം ദഹിപ്പിച്ചത്. നാട്ടില്‍ നിന്നു മതിയായ രേഖകൾ വരുത്തിച്ചു ചിതാഭസ്മം സിജോ  കൈപ്പറ്റി. താൻ നേരിട്ട് ചിതാഭസ്മം നാട്ടിലേക്കു കൊണ്ടുപോകാനായിരുന്നു തീരുമാനിച്ചിരുന്നതെന്നു സിജോ പറഞ്ഞു.

ദുബായിൽ പുതിയ ജോലി ലഭിച്ചതോടെ നാട്ടിലേക്കുള്ള സിജോയുടെ യാത്രയും നീണ്ടു. ഭാര്യയും മകളും ദുബായിലെത്തിയതോടെ അത് അനിശ്ചിതമായി നീണ്ടു. ചിതാഭസ്മം ഭാര്യ പോലുമറിയാതെ സിജോ ചെറിയൊരു ബോക്സിലാക്കി തുണി കൊണ്ടു പൊതിഞ്ഞു തന്റെ ഫ്ലാറ്റിൽ സൂക്ഷിച്ചു. കുടുംബം തിരിച്ചു പോയതോടെ ബാച്‌‌ലേഴ്സ് മുറിയിലേക്കു താമസം മാറ്റി. പിന്നീട്, ഒരു മുറിയിലേക്കു താമസം മാറിയപ്പോഴും ചിതാഭസ്മം സൂക്ഷിച്ചിടത്താണ് താൻ ഒറ്റയ്ക്ക് കഴിയുന്നതെന്ന ചിന്ത അലട്ടിയില്ല. ആ മക്കളുടെ കണ്ണീരോടെയുള്ള കാത്തിരിപ്പിനു മുന്നിൽ അത്തരം ഭയത്തിനൊന്നും സ്ഥാനമില്ലെന്നായിരുന്നു എന്നു സിജോ പറയുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!