സ്‌കെയില്‍വച്ച് ബ്ലോക്ക്‌ചെയ്യും, പണം കിട്ടില്ല; വ്യാപകമായി എടിഎം തട്ടിപ്പ് നടത്തിയ പ്രതിയെ പൊലീസ് ഓടിച്ചിട്ട് പിടികൂടി

എറണാകുളം ജില്ലയിലെ വിവിധയിടങ്ങളിലെ എ.ടിഎമ്മുകളില്‍ സ്‌കെയില്‍ പോലുള്ള ഉപകരണം വെച്ച് കൃത്രിമം നടത്തി പണം തട്ടിയ കേസിലെ പ്രതി പിടിയില്‍. യു.പി സ്വദേശി മുബാറക്ക് ആണ് ഇടപ്പള്ളിയില്‍ വെച്ച് പോലീസിന്റെ പിടിയിലായത്. മുബാറക്കിനെ കളമശ്ശേരി പോലീസ് സ്‌റ്റേഷനില്‍ വിശദമായി ചോദ്യം ചെയ്യുകയാണ്. ഇയാളില്‍ നിന്ന് സ്‌കെയില്‍ പോലുള്ള വസ്തുവും പിടിച്ചെടുത്തിട്ടുണ്ട്. നഗരത്തില 13 എ.ടി.എമ്മുകളില്‍ നിന്ന് പണം നഷ്ടമായതായാണ് പ്രാഥമിക വിവരം. മെഷീനിലെ പണം വരുന്ന ഭാഗം സ്‌കെയില്‍ പോലെയുള്ള ഉപകരണം ഉപയോഗിച്ച് തടസ്സപ്പടുത്തിയാണ് തട്ടിപ്പ്.

ഇടപ്പള്ളിയിൽനിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. വീണ്ടും തട്ടിപ്പിനായി എടിഎമ്മിനു സമീപം ചുറ്റിപ്പറ്റി നിൽക്കുന്നതിനിടെ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.

ഇടപാടുകാരന്‍ കാര്‍ഡിട്ട് പണം പിന്‍വലിക്കാന്‍ ശ്രമിക്കുമ്പോള്‍ പണം ലഭിക്കാതെ വരും. പിന്നാലെ എ.ടി.എമ്മില്‍ കയറുന്ന മോഷ്ടാവ് ബ്ലോക്ക് മാറ്റി പണം എടുക്കും.

ഓഗസ്റ്റ് 18, 19 തീയതികളിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കളമശേരി പ്രീമിയർ ജംക‌്ഷനിലുള്ള എടിഎമ്മിൽനിന്നാണ് പണം കവർന്നത്. ബാങ്കിന്റെ 11 ബ്രാഞ്ചുകളിൽ നിന്നായി ഒരു ലക്ഷം രൂപയിൽ താഴെയാണ് നഷ്ടപ്പെട്ടിട്ടുള്ളത്. ഇന്നലെ വൈകിട്ട് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ അസിസ്റ്റന്റ് ബാങ്ക് മാനേജർ പൊലീസിനെ സമീപിച്ചതിനു പിന്നാലെ കളമശേരി പൊലീസ് കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു.

കളമശേരി ബ്രാഞ്ചിൽ ഏഴു ട്രാൻസാക്‌ഷനുകളിലായി 25,000 രൂപ നഷ്ടപ്പെട്ടു. അതേസമയം, പണം നഷ്ടമായവരുടെ കാര്യത്തിൽ എന്തു നടപടിയുണ്ടാകുമെന്ന ഒൗദ്യോഗിക വിശദീകരണം പുറത്തു വന്നിട്ടില്ല.

സാങ്കേതിക തകരാറ് മൂലം എ.ടി.എമ്മില്‍ നിന്നും പണം പുറത്തുവന്നില്ലെങ്കില്‍ അത് ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് തിരിച്ചെത്തുകയാണ് പതിവ്. എന്നാല്‍ അങ്ങനെ സംഭവിക്കാതായതോടെ ഉപഭോക്താക്കള്‍ ബാങ്കില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് ബാങ്ക് അധികൃതര്‍ പോലീസിനെ അറിയിച്ചു.

കളമശ്ശേരി, തൃപ്പൂണിത്തുറ, തിരുവാങ്കുളം, വൈറ്റില, കടവന്ത്ര, ചേന്ദമംഗലം, ഇടപ്പള്ളി, ബാനര്‍ജി റോഡ് എന്നിങ്ങനെ പല സ്ഥലങ്ങളില്‍ നിന്നും പരാതി ലഭിച്ചിട്ടുണ്ട്. എ.ടി.എമ്മില്‍ നിന്നുള്ള സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെയാണ് പ്രതി വലയിലായത്. മോഷണരീതി ആവിഷ്‌കരിച്ചത് എങ്ങനെയാണെന്നും കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൂടുതല്‍ ചോദ്യംചെയ്യലിന് ശേഷമേ പറയാനാവൂ എന്ന് പോലീസ് അറിയിച്ചു.
Share
error: Content is protected !!