പെഗാസസ്: 5 ഫോണുകളില്‍ ചാരസോഫ്റ്റ്‌വെയര്‍ കണ്ടെത്തി, കേന്ദ്രസര്‍ക്കാര്‍ സഹകരിച്ചില്ലെന്നും സമിതി റിപ്പോര്‍ട്ട്

പെഗസസ് കേസിൽ ചാര സോഫ്റ്റ്‌വെയർ കണ്ടെത്തിയെന്ന് സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ റിപ്പോർട്ട്. എന്നാൽ അത് പെഗസസ് ആണെന്നതിനു തെളിവില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. പരിശോധിച്ച 29 ഫോണുകളിൽ അഞ്ചെണ്ണത്തിലാണ് ചാര സോഫ്റ്റ്‌വെയർ കണ്ടെത്തിയത്. അതേസമയം, അന്വേഷണ സമിതിയുടെ റിപ്പോർട്ട് പരസ്യപ്പെടുത്താനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഫോണുകൾ പരിശോധിക്കാൻ നൽകിയ വ്യക്തികളുടെ സ്വകാര്യത ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട് പരസ്യപ്പെടുത്താനാകില്ലെന്ന് സുപ്രീംകോടതി നിലപാടെടുത്തത്.

അന്വേഷണ റിപ്പോർട്ടിന് മൂന്നു ഭാഗങ്ങളാണുള്ളത്. സാങ്കേതിക കമ്മിറ്റി നൽകിയ റിപ്പോർട്ട്, ഫോണുകൾ പരിശോധിച്ചതിന്‍റെ വിശദാംശങ്ങൾ അടങ്ങുന്ന റിപ്പോർട്ട്, എങ്ങനെയാണ് പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടതെന്ന നിർദേശങ്ങൾ ഉൾപ്പെടുന്ന ജസ്റ്റിസ് ആർ.വി. രവീന്ദ്രന്‍റെ റിപ്പോർട്ട് എന്നിവയാണിവ.

കേന്ദ്രസര്‍ക്കാര്‍ അന്വേഷണവുമായി സഹകരിച്ചില്ലെന്നും സമിതി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട് സുപ്രീം കോടതി അംഗീകരിച്ചു. അതീവ രഹസ്യവിവരങ്ങള്‍ അടങ്ങിയതിനാല്‍ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ കോടതി പുറത്തുവിട്ടിട്ടില്ല.

പെഗസസ് ഫോൺ ചോർത്തൽ കണ്ടെത്താൻ സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതി ഇടക്കാല റിപ്പോർട്ട് നൽകിയ പശ്ചാത്തലത്തിലാണ് ഇതു സംബന്ധിച്ച ഹർജികൾ  പരിഗണിച്ചത്. എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ, രാജ്യസഭാംഗം ജോൺ ബ്രിട്ടാസ്, മാധ്യമപ്രവർത്തകരായ എൻ.റാം, ശശികുമാർ തുടങ്ങി 12 പേരുടെ ഹർജികൾ പരിഗണനയിലുണ്ട്. ഒക്ടോബർ 27നു സൈബർ വിദഗ്ധർ ഉൾപ്പെടുന്ന സമിതിയെ നിയോഗിച്ച സുപ്രീം കോടതി പിന്നീടു വിഷയം പരിഗണിച്ചിരുന്നില്ല. അന്തിമ റിപ്പോർട്ടിനു കൂടുതൽ സാവകാശം തേടിയ സമിതി ഇടക്കാല റിപ്പോർട്ട് കഴിഞ്ഞദിവസം രഹസ്യരേഖയായി നൽകി. പെഗസസ് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കേന്ദ്ര സർക്കാർ സഹകരിച്ചില്ലെന്ന് സമിതി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതി അന്വേഷിച്ചത്:

ഇന്ത്യക്കാരുടെ ഫോണിലോ മറ്റോ വിവരം ചോർത്തിയെടുക്കാൻ പെഗസസ് സോഫ്റ്റ്‍വെയർ ഉപയോഗിച്ചോ? അങ്ങനെയെങ്കിൽ അത്തരം അക്രമത്തിന് ഇരയായവരുടെ വിവരങ്ങൾ നൽകണം. പെഗസസ് ഉപയോഗിച്ചു ഇന്ത്യക്കാരുടെ വാട്സാപ് അക്കൗണ്ടുകൾ ഹാക്ക് ചെയ്തെന്ന 2019 ലെ റിപ്പോർട്ടുകളുടെ കാര്യത്തിൽ സർക്കാർ എന്താണ് ചെയ്തത്? കേന്ദ്ര സംസ്ഥാന സർക്കാരുകളോ ഔദ്യോഗിക ഏജൻസികളോ പെഗസസ് ഉപയോഗിച്ചോ? അങ്ങനെയെങ്കിൽ ഏതു നിയമത്തിന്റെയും മാർഗരേഖയുടെയും നടപടിക്രമത്തിന്റെയും അടിസ്ഥാനത്തിലാണിത്? ആഭ്യന്തര സ്ഥാപനങ്ങളോ വ്യക്തികളോ ഇത് ഉപയോഗിച്ചിട്ടുണ്ടോ? ഇത് അനുവദനീയമാണോ?

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

Share
error: Content is protected !!