ഉംറ കഴിഞ്ഞ് മദീനയിലേക്ക് പോകുന്നതിനിടെ വാഹനപകടത്തിൽപ്പെട്ട് പരിക്കേറ്റ 9 വയസ്സുകാരിയെ നാട്ടിലെത്തിച്ചു; മാതാപിതാക്കൾ മദീനയിൽ ചികിത്സയിൽ
മക്കയിൽ നിന്നു മദീനയിലേക്കുള്ള യാത്രക്കിടെ വാഹനം അപകടത്തിൽപെട്ടു ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സൻഹ ഷെറിനെ (9) ചികിത്സക്കായി നാട്ടിലെത്തിച്ചു.സൗദിയിലെ നജ്റാനിൽ നിന്ന് ഉംറക്കായി തിരിച്ച മലയാളി കുടുംബം ഉംറ കഴിഞ്ഞു മദീനയിലേക്കുള്ള യാത്രക്കിടെ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപെട്ടാണു സൻഹ ഷെറിൻ പരുക്കേറ്റത്. മദീനയിലെ ജർമൻ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്നു.
കുട്ടിയുടെ മാതാപിതാക്കളായ സലീം പുളിക്കൽ ഭാര്യ സാബിറ സലീം എന്നിവരും അപകടത്തിൽപ്പെട്ടിരുന്നു. ഏതാനും ദിവസം മുമ്പാണ് ഇവർ സഞ്ചരിച്ച വാഹനം മക്കയിൽ നിന്നു മദീനയിലേക്ക് എത്തുന്നതിന് 150 ഓളം കിലോമീറ്റർ അപ്പുറം വാദി അൽ ഫുറ എന്ന സ്ഥലത്തുവച്ച് അപകടത്തിൽ പെട്ടത് . സലീമും ഭാര്യ സാബിറയും മകൾ സൻഹ ഷെറിനും ഗുരുതര പരുക്കുകളോടെ മദീനയിലെ സൗദി ജർമൻ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്നു.
ഉമ്മയും മകളും അപകടനില തരണം ചെയ്തതിനാൽ അവരെ മുറിലേക്കു മാറ്റിയിരുന്നു . പിതാവ് സലിം ഇപ്പോഴും ഐസിയുവിൽ തന്നെയാണ് . മകൾ സൻഹ ഷെറിന്റെ തുടയെല്ല് പൊട്ടിയതിനാൽ ശസ്ത്രക്രിയ ചെയ്തിരിക്കുകയാണ്. കാൽ തൂക്കിയിടാനോ പരസഹായമില്ലാതെ യാത്ര ചെയ്യാനോ സാധ്യമല്ലാത്തതിനാൽ വിമാനത്തിൽ വീൽചെയർ സൗകര്യം ഏർപ്പെടുത്തിയാണ് നാട്ടിലേക്കു കൊണ്ടുപോയത്.
തുടക്കം മുതൽ കൂടെ നിന്ന് ഇവർക്കാവശ്യമായ സഹായം ചെയ്യുന്ന ഇന്ത്യൻ സോഷ്യൽ ഫോറം മദീന ബ്ലോക്ക് പ്രസിഡന്റ് അബ്ദുൽ അസീസ് കുന്നുംപുറവും ജനറൽ സെക്രട്ടറി റഷീദ് വരവൂരും കുട്ടിയെ നാട്ടിലെത്തിക്കുന്നതിനാവശ്യമായ രേഖകൾ ശരിയാക്കി അബ്ദുൽ അസീസ് കുന്നുംപുറത്തിന്റെ കൂടെ കുട്ടിയെ നാട്ടിലേക്കു പറഞ്ഞയക്കുകയായിരുന്നു.
ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരായ നജുമ റഷീദ് , അനു റസ്‌ലി , ലബീബ മുഹമ്മദ് എന്നിവരും സഹായത്തിനുണ്ടായിരുന്നു . സലീം പുളിക്കലും സാബിറ സലീമും ഇപ്പോഴും മദീനയിലെ സൗദി ജർമൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് . സാബിറ സലീമിനെ നാട്ടിലേക്കു കൊണ്ടുപോകാനുള്ള ശ്രമം നടത്തുന്നുണ്ടെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം പ്രതിനിധി അഷ്റഫ് ചൊക്‌ലി അറിയിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക