വിവാദ ഫേസ്ബുക്ക് പോസ്റ്റ്; ജലീലിനെതിരെ കേസെടുക്കേണ്ടെന്ന് പോലീസിന് നിയമോപദേശം
തിരുവനന്തപുരം: കാഷ്മീര്‍ വിരുദ്ധ പരാമര്‍ശങ്ങളടങ്ങിയ ഫേസ്ബുക്ക് പോസ്റ്റില്‍ കെ.ടി.ജലീലിനെതിരെ കേസെടുക്കേണ്ടെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നിയമോപദേശം. എബിവിപി സംസ്ഥാനകമ്മിറ്റി നല്കിയ പരാതിയില്‍ കേസെടുക്കേണ്ടെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന് നിയമോപദേശം നല്കി.
വിവാദ പരാമര്‍ശങ്ങളടങ്ങുന്ന പോസ്റ്റ് ജലീല്‍ പിന്‍വലിച്ചതിനാല്‍ കേസ് നിലനില്ക്കില്ക്കില്ലെന്നു ചൂണ്ടിക്കാണിച്ചാണ് കേസെടുക്കേണ്ടെന്ന് നിര്‍ദേശം നല്‍കിയത്. വിവാദഫേസ്ബുക്ക് പോസ്റ്റില്‍ ജലീലിനെതിരെ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളില്‍ പരാതി ലഭിച്ചെങ്കിലും പോലീസ് കേസെടുത്തിരുന്നില്ല.
കോടതി നിര്‍ദേശത്തെതുടര്‍ന്ന് ഇന്നു പത്തനംതിട്ട കീഴ്വായ്പ്പൂര് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ജലീല്‍ ഭരണഘടനയെ അപമാനിക്കാനും കലാപം ഉണ്ടാക്കാനുമുള്ള ഉദ്ദേശ്യത്തോടെയാണ് ഫേസ്ബുക്ക് പോസ്റ്റിട്ടതെന്നാണ് എഫ്ഐആര്‍.
തിരുവല്ല ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജലീലിനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടത്. പരാതി നല്‍കിയിട്ടും കേസെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരന് കോടതിയെ സമീപിച്ചതോടെയാണ് നടപടി.