എ.കെ.ജി സെൻ്ററിന് നേരെ സ്ഫോടകവസ്തു എറിഞ്ഞ സംഭവം: ഫോറൻസിക് ഫലം പുറത്ത് വന്നു; സി.പി.എം നേതാക്കളുടെ വാദം പൊളിഞ്ഞു
സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്ററിനു നേരെ എറിഞ്ഞ സ്ഫോടകവസ്തുവിൽ വീര്യം കുറഞ്ഞതും എന്നാൽ ശബ്ദം കൂട്ടുന്നതുമായ പൊട്ടാസ്യം ക്ലോറേറ്റ് ആണ് ഉപയോഗിച്ചതെന്നു ഫൊറൻസിക് ലാബിന്റെ അന്തിമ റിപ്പോർട്ട്. കമ്പക്കെട്ടിനു മാത്രം ഉപയോഗിക്കുന്ന വസ്തുക്കളാണത്രെ ഉപയോഗിച്ചിരിക്കുന്നത്.
സ്ഫോടകവസ്തുവിന് വീര്യം കുറവാണെന്നും ഏറുപടക്കത്തിന്റെ സ്വഭാവം മാത്രമാണെന്നുമുള്ള ഫൊറൻസിക് വിഭാഗത്തിന്റെ പ്രാഥമിക റിപ്പോർട്ടിലെ കണ്ടെത്തലുകൾ ശരിവയ്ക്കുന്നതാണ് അന്തിമ റിപ്പോർട്ടും. പൊട്ടാസ്യം ക്ലോറേറ്റ്, പൊട്ടാസ്യം നൈട്രേറ്റ്, സൾഫർ, അലുമിനിയം പൗഡർ, കരി എന്നിവയുടെ സാന്നിധ്യമാണ് രാസവസ്തുക്കളുടെ സാംപിളിൽനിന്നു കണ്ടെത്തിയതെന്നു റിപ്പോർട്ടിൽ പറയുന്നു. സാധാരണ പൊട്ടാസ്യം നൈട്രേറ്റ്, സൾഫർ, അലുമിനിയം പൗഡർ, കരി എന്നിവയാണ് ഏറുപടക്കത്തിന്റെ നിർമാണത്തിന് ഉപയോഗിക്കുന്നത്.
കമ്പക്കെട്ടിനുപയോഗിക്കുന്ന പൊട്ടാസ്യം ക്ലോറേറ്റ് ശബ്ദം കൂട്ടുന്നതിനാണ് ഉപയോഗിച്ചത് എന്നാണ് നിഗമനമെന്നു കേസിന്റെ അന്വേഷണത്തിനു മേൽനോട്ടം വഹിക്കുന്ന ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ്പി എസ്.മധുസൂദനൻ പറഞ്ഞു. ഇതു കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. എകെജി സെന്ററിനു നേരെ ബോംബാണ് എറിഞ്ഞതെന്ന സിപിഎം നേതാക്കളുടെ വാദം പൂർണമായി തള്ളുന്നതാണ് ഫൊറൻസിക് റിപ്പോർട്ടിലെ കണ്ടെത്തലുകൾ.
ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ആസ്ഥാനത്തിനു നേരെ നടന്ന ആക്രമണത്തിനു പിന്നിലുള്ളവരെ കണ്ടെത്തുകയെന്നത് അഭിമാനപ്രശ്നമായി കരുതിയ സർക്കാരിനും ആഭ്യന്തര വകുപ്പിനും ഫൊറൻസിക് റിപ്പോർട്ടിലെ കണ്ടെത്തലുകൾ കനത്ത തിരിച്ചടിയാണ്. നിലവിൽ, ക്രൈംബ്രാഞ്ചിനാണ് കേസിന്റെ അന്വേഷണ ചുമതല. സംഭവം നടന്ന് 55 ദിവസം തികയുമ്പോഴും കേസിലെ പ്രതിയെ കണ്ടെത്താനായിട്ടില്ല.
ജൂൺ 30ന് അർധരാത്രിയാണ് എകെജി സെന്ററിലെ ഹാളിലേക്കുള്ള ഗേറ്റിനു നേരെ ഇരുചക്ര വാഹനത്തിലെത്തിയയാൾ സ്ഫോടകവസ്തു എറിഞ്ഞത്. വൻ രാഷ്ടീയവിവാദമായ സംഭവത്തിൽ, എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനും, എകെജി സെന്ററിലുണ്ടായിരുന്ന സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.െക.ശ്രീമതിയും നടത്തിയ പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. എറിഞ്ഞത് ബോംബാണെന്നും ആക്രമണത്തിനു പിന്നിൽ കോൺഗ്രസാണെന്നും മിനിറ്റുകൾക്കുള്ളിൽ ഇ.പി.ജയരാജൻ ആരോപിച്ചതോടെ സംഭവത്തിനു രാഷ്ട്രീയനിറം കൈവന്നു.
കേരളം കലാപഭൂമിയാക്കാനുള്ള ബോധപൂർവമായ ശ്രമമാണ് ആക്രമണത്തിനു പിന്നിലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞിരുന്നു. സിപിഎം ഉന്നയിച്ച ആരോപണങ്ങൾ കോൺഗ്രസ് നേതാക്കൾ തുടക്കത്തിലേ നിഷേധിച്ചു. സംഭവത്തിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി പ്രതിഷേധ പരിപാടികൾ നടന്നു.
ആദ്യം പ്രത്യേകസംഘം അന്വേഷിച്ച കേസ്, പുരോഗതി ഇല്ലാത്തതിനാലാണ് ക്രൈംബ്രാഞ്ചിനു കൈമാറിയത്. പ്രതി എത്തിയതായി കരുതുന്ന ഇരുചക്രവാഹനം ഉപയോഗിച്ചിരുന്ന മുഴുവൻ പേരുടെയും പൂർണ വിവരങ്ങളും, നഗരത്തിലെ പടക്ക കടകളിലുള്ളവരുടെ വിവരങ്ങളും പ്രത്യേക സംഘം ശേഖരിച്ച് അന്വേഷിച്ചെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. ഇതു കേന്ദ്രീകരിച്ചു തന്നെയാണു ക്രൈംബ്രാഞ്ചിന്റെയും തുടരന്വേഷണം.
സ്ഫോടകവസ്തു എറിഞ്ഞയാളെ സഹായിച്ചെന്നു കരുതി കസ്റ്റഡിയിലെടുത്ത യുവാവിനെ പ്രത്യേകസംഘം തുടക്കത്തിൽ വിട്ടയച്ചു. പ്രതിയെന്നു സംശയിച്ച രാജാജി നഗർ സ്വദേശിക്ക് സിപിഎം ബന്ധമുള്ളതിനാൽ വിട്ടയച്ചെന്നും ആരോപണം ഉയർന്നു. അന്വേഷണം ബോധവൂർവം മുക്കിയെന്ന പ്രതിപക്ഷത്തിന്റെ ആരോപണം സിപിഎമ്മിനെയും ആഭ്യന്തര വകുപ്പിനെയും വെട്ടിലാക്കി.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക