വെള്ളമടിച്ച് മരിച്ചു. കുഴിച്ചിട്ടപ്പോള്‍ ശവക്കല്ലറയില്‍ നിന്നും എണീറ്റ് വന്നു

മദ്യപിച്ചിട്ട് പലരും കാട്ടുന്ന പരാക്രമങ്ങള്‍ മിക്കപ്പോഴും വാര്‍ത്തയാകാറുണ്ട്. എന്നാല്‍ മദ്യപിച്ച ശേഷം “നിശബ്ദനായതിന്‍റെ’ പേരില്‍ വാര്‍ത്തയിലിടം നേടിയിരിക്കുകയാണ് ബൊളീവിയയില്‍ നിന്നുള്ളൊരു യുവാവ്.

ബൊളീവിയയിലെ എല്‍ അല്‍ട്ടൊ എന്ന നഗരത്തില്‍ ഓഗസ്റ്റ് ഒന്നിനാണ് വാര്‍ത്തയ്ക്ക് ആധാരമായ സംഭവം നടന്നത്. അന്നാട്ടിലെ ടോബ എന്ന വംശക്കാര്‍ വര്‍ഷാവര്‍ഷങ്ങളില്‍ ഭൂമി മാതാവിനായി ഒരു പ്രത്യേക ഉത്സവം നടത്താറുണ്ട്.

പ്രകൃതിക്കും പ്രപഞ്ചത്തിനുമായി നന്ദി പറയാനാണിത്. “പച്ചമാമ’ എന്നൊരു ദേവതയ്ക്കാണിവര്‍ നേര്‍ച്ചകള്‍ അര്‍പ്പിക്കുക. ഈ ഉത്സവത്തിനായി ഒരു സുഹൃത്തിന്‍റെ ക്ഷണപ്രകാരം എത്തിയതായിരുന്നു വിക്ടര്‍ ഹ്യൂഗോ മൈകാ ആല്‍വറെസ് എന്ന മുപ്പതുകാരന്‍.

പക്ഷെ ആഘോഷങ്ങള്‍ക്കിടെ നല്ല രീതിയില്‍ മദ്യപിച്ച വിക്ടറിന് തന്‍റെ ബോധം നഷ്ടമായി. എന്നാല്‍ ഏറെ നേരം അനക്കമില്ലാതിരുന്ന വിക്ടര്‍ മരിച്ചുപോയെന്നാണ് നാട്ടുകാരും സുഹൃത്തും ധരിച്ചത്. അവര്‍ ആചാരങ്ങളൊന്നും തെറ്റിക്കാതെ “ശവം’ കൃത്യമായി മറവ് ചെയ്തു.

ഏറെ നേരത്തിന് ശേഷം മൂത്രശങ്ക തോന്നിയ വിക്ടര്‍ കണ്ണുതുറന്നപ്പോഴാണ് തനൊരു ചില്ല് പെട്ടിയിലാണെന്ന് മനസിലാക്കിയത്. അപ്പോഴും തന്നെ കുഴിച്ചിട്ടിരിക്കുകയാണെന്ന് അയാള്‍ക്ക് ബോധ്യം വന്നിരുന്നില്ല. ചില്ല് തകര്‍ത്ത് പുറത്തുവന്ന വിക്ടര്‍ സിമന്‍റും ചെളിയുമൊക്കെ മാറ്റി വേഗത്തില്‍ കുഴിയുടെ മുകളിലെത്തി.

പിന്നീടാണ് തനിക്ക് സംഭവിച്ചതിനെക്കുറിച്ച് വിക്ടറിന് തിരിച്ചറിവുണ്ടായത്. ഉത്സവം നടന്ന എല്‍ അല്‍ട്ടൊയില്‍ നിന്നും 80 കിലോ മീറ്റര്‍ ദൂരെയുള്ള അച്ചാകച്ചി എന്നൊരിടത്താണ് ഇയാളെ കുഴിച്ചിട്ടിരുന്നത്.

തനിക്ക് സംഭവിച്ചത് വിക്ടര്‍ പോലീസില്‍ അറിയിച്ചെങ്കിലും അവരത് വിശ്വസിക്കാന്‍ ആദ്യം തയ്യാറായില്ല. പിന്നീട് പ്രാദേശിക മാധ്യമങ്ങളാണ് വിക്ടറിന്‍റെ കഥ ലോകത്തെ അറിയിച്ചത്.

എന്നാല്‍ തനിക്ക് സംഭവിച്ചത് വെറുമൊരു അബദ്ധമല്ലെന്നാണ് വിക്ടര്‍ കരുതുന്നത്. ഉത്സവത്തിന് എത്തിയവര്‍ തന്നെ പച്ചമാമയ്ക്ക് ബലിയായി നല്‍കിയതാണെന്നാണ് ഇയാള്‍ ആരോപിക്കുന്നത്.

Share
error: Content is protected !!