അഞ്ച് വർഷത്തോളമായി നാട്ടിൽ പോയിട്ടില്ലാത്ത മലയാളി, കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു. മൃതദേഹം നാട്ടിലേക്കയച്ചു
റിയാദ്: വിശ്രമിക്കാനായി വീടിന്റെ ടെറസ്സിൽ കയറിയപ്പോൾ കാൽ വഴുതി താഴേക്ക് വീണ് മരണപ്പെട്ട ആലപ്പുഴ ഹരിപ്പാട് സ്വദേശി രൂപേഷ് കുമാറിന്റെ (43) മൃതദേഹം നാട്ടിലെത്തിച്ചു. ബത്ഹ ഇഷാറ റെയിലിനടുത്തുള്ള താമസ സ്ഥലത്ത് വെച്ചായിരുന്നു അപകടം. കഴിഞ്ഞ പതിനഞ്ചു വർഷമായി നിർമ്മാണ മേഖലയിലെ തൊഴിലാളിയായിരുന്നു രൂപേഷ്. നല്ലപോച്ചയിൽ യശോദരൻ – കമലമ്മ ജാനകി ദമ്പതികളുടെ മകനാണ്. ഭാര്യ – അമ്പിളി. മക്കള്‍ – അനുരൂപ്, അസിൻരൂപ.
സൗദി അറേബ്യയിലെ കേളി കലാ സാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗമാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചത്. കഴിഞ്ഞ അഞ്ചു വർഷത്തിലേറെയായി നാട്ടിൽ പോയിട്ടില്ലാത്ത രൂപേഷിന്റെ ഇഖാമ കഴിഞ്ഞ നാലു വർഷമായി പുതുക്കിയിട്ടുണ്ടായിരുന്നില്ല. കൂടാതെ പാസ്‌പോർട്ടിന്റെ കാലാവധിയും അവസാനിച്ചിരുന്നു.
നിരവധി നിയമകുരുക്കുകൾ ഉണ്ടായിരുന്ന വിഷയത്തിൽ ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെയാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിന് കേളി കലാ സാംസ്കാരിക വേദി നേതൃത്വം നൽകിയത്. കുടുംബ സുഹൃത്ത് ഉദയൻ, ദമാമിലെ മറ്റു സുഹൃത്തുക്കൾ എന്നിവരും സഹായവുമായി രംഗത്തുണ്ടായിരുന്നു. ശ്രീലങ്കൻ എയർലൈൻസിൽ നാട്ടിലെത്തിച്ച മൃതദേഹത്തെ കുടുംബ സുഹൃത്ത് ഉദയൻ അനുഗമിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക