പൊലീസില്‍ നിന്ന് രക്ഷപ്പെട്ട് ഓടിയ മോഷ്ടാവിനെ അടിച്ചുവീഴ്‍ത്തിയത് വിനയായി; പ്രവാസി ജയിലില്‍
പൊലീസില്‍ നിന്ന് രക്ഷപ്പെട്ട് ഓടുകയായിരുന്ന യുവാവിനെ അടിച്ചുവീഴ്‍ത്തിയതിന് പ്രവാസിക്ക് ശിക്ഷ വിധിച്ചു. 35 വയസുകാരനായ സെക്യൂരിറ്റി ഗാര്‍ഡിനാണ് ദുബൈ കോടതി തടവ് ശിക്ഷ വിധിച്ചത്. ജയില്‍ ശിക്ഷ പൂര്‍ത്തിയായ ശേഷം ഇയാളെ യുഎഇയില്‍ നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു.
ദുബൈ പൊലീസ് പട്രോള്‍ സംഘത്തിന്റെ പിടിയില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്ന യുവാവിനെ കണ്ടപ്പോള്‍ അയാളെ തടഞ്ഞു നിര്‍ത്താന്‍ വേണ്ടിയാണ് അടിച്ചതെന്ന് പ്രതി പറഞ്ഞു. പൊലീസിനെ സഹായക്കാൻ വേണ്ടിയായിരുന്നു ഇത് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ഇടത് ചെവിയില്‍ ശക്തമായി അടിയേറ്റ് യുവാവ് നിലത്തുവീഴുകയും ഇയാളുടെ ചെവിയില്‍ നിന്ന് രക്തം വരികയും ചെയ്‍തു. അടിയുടെ ആഘാതത്തില്‍ യുവാവിന്റെ ചെവിക്ക് സ്ഥിരമായ വൈകല്യം സംഭവിച്ചതായി പിന്നീട് കണ്ടെത്തി. മൂന്ന് മാസത്തോളം ആശുപത്രിയില്‍ ചെലവഴിച്ച ശേഷമാണ് ഇയാളുടെ പരിക്കുകള്‍ ഭേദമായത്.
താന്‍ പൊലീസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി തന്നെയാണ് ഓടിയതെന്ന് യുവാവ് കോടതിയില്‍ സമ്മതിച്ചു. പൊലീസ് വരുന്നത് കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സെക്യൂരിറ്റി ഗാര്‍ഡ് തടഞ്ഞു. ഇയാളെ തള്ളിമാറ്റി ഓടാന്‍ ശ്രമിക്കുന്നതിനിടെയാണ് മര്‍ദനമേറ്റതെന്ന് ഇയാള്‍ മൊഴിനല്‍കി. ഒരു മോഷണക്കേസിലാണ് യുവാവിനെ പൊലീസ് പിന്തുടര്‍ന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥരും കോടതിയെ അറിയിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക