ഫൈനൽ എക്സിറ്റിൽ പോയി പുതിയ വിസയിൽ തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക്, ടെസ്റ്റില്ലാതെ പഴയ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാം

റിയാദ്: സൗദി അറേബ്യയിൽ നിന്നും ഫൈനൽ എക്‌സിറ്റ് വിസയിൽ നാട്ടിലേക്ക് പോയ പ്രവാസി, വീണ്ടും പുതിയ തൊഴിൽ വിസയിൽ സൗദിയിലേക്ക് തിരിച്ചെത്തിയാൽ പഴയ ഡ്രൈവിംഗ് ലൈസൻസിന് പകരമായി പുതിയ ഡ്രൈവിം ലൈസൻസിന് അപേക്ഷിക്കാമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു. പഴയ ഇഖാമ നമ്പറിൽ രേഖപ്പെടുത്തിയിരുന്ന ഡ്രൈവിംഗ് ലൈസൻസ് പുതിയ ഇഖാമ നമ്പറിലേക്ക് മാറ്റി നൽകുന്നതാണ്.

ഒരിക്കല്‍ ഫൈനല്‍ എക്സിറ്റില്‍ നാട്ടില്‍ പോയവര്‍ പിന്നീട് മറ്റൊരു വിസയില്‍ സൗദി അറേബ്യയിൽ തിരിച്ചെത്തിയാൽ ഫീസും ഫൈനും നൽകി മെഡിക്കൽ പരിശോധനയും പൂർത്തിയാക്കിയാൽ ഗതാഗത വകുപ്പ് ഡ്രൈവിങ് ലൈസൻസ് അനുവദിക്കും. ഇവർക്ക് പുതിയതായി വീണ്ടും ഡ്രൈവിംഗ് ടെസ്റ്റ് ആവശ്യമില്ല. അതിനാൽ ഫൈനൽ എക്‌സിറ്റിൽ നാട്ടിലേക്ക് പോയ പ്രവാസിയുടെ ഡ്രൈവിങ് ലൈസൻസ് കാലഹരണപ്പെട്ടാലും ആശങ്കപ്പെടേണ്ടതില്ല. ഇവർ ഫീസും ഫൈനും അടച്ച്, മെഡിക്കൽ പരിശോധന പൂർത്തിയാക്കിയാൽ മാത്രം മതി.

വിസിറ്റ് വിസയിൽ സൗദി അറേബ്യയിലേക്ക് വരുന്നവർക്ക് സാധുതയുള്ള അന്താരാഷ്ട്ര ലൈസൻസ് ഉപയോഗിച്ച് ഒരു വർഷം വരെ സൗദി അറേബ്യയിൽ വാഹനം ഓടിക്കാനും അനുവാദമുണ്ട്. അതേസമയം, ഒരു വർഷത്തിനകം ലൈസന്‍സ് കാലാവധി കഴിഞ്ഞാൽ ലൈസൻസിന് വാഹനമോടിക്കാൻ ആകില്ല.

മയക്കുമരുന്ന് ഉപയോഗത്തിനോ അവ കൈവശം വയ്ക്കലിനോ ശിക്ഷിക്കപ്പെട്ടവർക്ക് സഊദിയിൽ ലൈസൻസ് അനുവദിക്കില്ല. വാഹനമോടിക്കുന്നതിൽ നിന്ന് തടസ്സപ്പെടുത്തുന്ന രോഗങ്ങൾ, വൈകല്യങ്ങൾ എന്നിവയുള്ളവർക്കും ലൈസൻസിന് അപേക്ഷിക്കാനാവില്ലെന്നും ട്രാഫിക് ജനറൽ ഡയറക്ട്രേറ്റ് അറിയിച്ചു.

18 വയസ്സ് പൂർത്തിയായവർക്ക് ഡ്രൈവിങ് പെർമിറ്റ് നേടാനും വ്യക്തിഗത ഫോട്ടോകളും മെഡിക്കൽ പരിശോധനയും കൊണ്ടുവരാനും ഡ്രൈവിങ് സ്‌കൂളിൽ അപേക്ഷ സമർപ്പിക്കാം.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!