സൗദിയിലെ ജയിലിൽ വെച്ച് രോഗം ബാധിച്ച് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
സൗദി അറേബ്യയിൽ തടവുകാരനായിരിക്കെ രോഗബാധിതനായി മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. സൗദിയിലെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ജീസാനിൽ ജയിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ചിക്കൻപോക്സ് ബാധിച്ച് മരിച്ച കൊല്ലം അമ്പലംകുന്ന് നെട്ടയം വടക്കുംകര വീട്ടിൽ ശ്രീധരൻ – ശാന്തമ്മ ദമ്പതികളുടെ മകൻ സുദർശനന്റെ (57) മൃതദേഹമാണ് നാട്ടിലെത്തിച്ച് വീട്ടുവളപ്പിൽ സംസ്കരിച്ചത്.
25 വർഷം മുമ്പ് സൗദി അറേബ്യയിൽ എത്തിയ സുദർശനൻ സ്‍പോൺസറോടൊപ്പം ജീസാൻ പച്ചക്കറി മാർക്കറ്റിലെ കടയിൽ ജോലി ചെയ്യുന്നതിനിടെയാണ് നിയമ ലംഘനത്തിന് പൊലീസിന്റെ പിടിയിലായത്. തുടന്ന് ജയിലിലടച്ചു. ജയിലില്‍ കഴിയുന്നതിനിടെ രോഗബാധിതനാവുകയായിരുന്നു. ജീസാൻ സബിയ ജനറൽ ആശുപത്രിയിൽ പ്രവശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.
മൃതദേഹം നാട്ടിലെത്തിക്കണമെന്ന വീട്ടുകാരുടെ അഭ്യർത്ഥനയെ തുടർന്ന് കൊല്ലം ഡി.സി.സി മുൻ അധ്യക്ഷ ബിന്ദുകൃഷ്ണ, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് ഫൈസൽ കുളപ്പാടം എന്നിവർ ഒ.ഐ.സി.സി ജീസാൻ കമ്മിറ്റിയെ ബന്ധപ്പെട്ട് നാട്ടിലെത്തിക്കാൻ സഹായം തേടുകയായിരുന്നു. വൈസ് പ്രസിഡൻറ് ഫൈസൽ കുറ്റ്യാടിയും സുദർശനന്റെ ബന്ധുവായ മനോജ് കൃഷ്ണനും മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള ശ്രമങ്ങൾ നടത്തി.
സ്‍പോൺസർ കൈയ്യൊഴിഞ്ഞതിനാൽ എംബാമിങ്ങും വിമാന ടിക്കറ്റും അടക്കമുള്ള ചെലവുകൾക്ക് ആവശ്യമായ പണം നാട്ടിൽനിന്നും എത്തിച്ചാണ് നടപടികൾ പൂർത്തീകരിച്ചത്. ഒ.ഐ.സി.സി അൽഖസീം പ്രവിശ്യ മുൻ പ്രസിഡന്റ് ഇഖ്‍ബാൽ പള്ളിമുക്ക് നോർക്കയുമായി ബന്ധപ്പെട്ട് നെടുമ്പാശ്ശേരിയിൽനിന്നും മൃതദേഹം കൊല്ലത്ത് എത്തിക്കുന്നതിനുള്ള സൗജന്യ ആബുലൻസ് സൗകര്യം ഒരുക്കി.
ഒ.ഐ.സി.സി മദീന മുൻ സെക്രട്ടറിയും യുത്ത് കോൺഗ്രസ് കരീപ്ര മണ്ഡലം പ്രസിഡന്റുമായ നിഷാദ് അസീസ്, ഇഖ്‍ബാൽ പള്ളിമുക്ക്, കെ.എസ്.യു കരീപ്ര മണ്ഡലം പ്രസിഡന്റ് അഫ്‍സൽ തുടങ്ങിയവർ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്തു. ഗീതയാണ് മരിച്ച സുദർശനന്റെ ഭാര്യ. മക്കൾ – ഗീതു, നീതു. മരുമക്കൾ – ശ്രീജു, മനു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക