തുടര്‍ച്ചയായ ആറാം ദിവസവും അപ്രതീക്ഷിത പരിശോധനകള്‍ തുടരുന്നു; നിരവധി പ്രവാസികള്‍ അറസ്റ്റിലായി
കുവൈത്തിലെ വിവിധ സ്ഥലങ്ങളില്‍ നിയമലംഘകരെ കണ്ടെത്താന്‍ ലക്ഷ്യമിട്ട് നടത്തുന്ന പരിശോധനകള്‍ തുടര്‍ച്ചയായ ആറാം ദിവസവും തുടര്‍ന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ വിഭാഗങ്ങള്‍ കഴിഞ്ഞ ദിവസം മഹ്‍ബുല, ജലീബ് അല്‍ ശുയൂഖ് ഏരിയകളില്‍ പരിശോധനയ്‍ക്കെത്തി. ഖൈത്താനില്‍ അപ്രതീക്ഷിത റെയ്‍ഡുകളും ഉദ്യോഗസ്ഥര്‍ നടത്തി.
ആഭ്യന്തര മന്ത്രിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് നിയമലംഘകരെ പിടികൂടാന്‍ ലക്ഷ്യമിട്ടുള്ള പരിശോധനകള്‍ കര്‍ശനമാക്കിയത്. താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിയുന്നവരെയും തൊഴില്‍ നിയമങ്ങള്‍ പാലിക്കാതെ ജോലി ചെയ്യുന്നവരെയും അറസ്റ്റ് ചെയ്യുന്നുണ്ട്. സ്‍പോൺസര്‍മാരില്‍ നിന്ന് ഒളിച്ചോടി മറ്റ് ജോലികള്‍ ചെയ്യുന്നവരും വിവിധ കേസുകളില്‍ അന്വേഷണ ഏജന്‍സികള്‍ തേടുന്നവരെയും അറസ്റ്റ് ചെയ്യുന്നുണ്ട്. തൊഴിൽ രംഗത്തെ ശക്തമായ സ്വദേശിവൽക്കരണം നടന്ന് വരുന്നതിനിടെയാണ് റെയ്ഡിനും ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകിയത്.
ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലഫ്. ജനറല്‍ അന്‍വര്‍ അല്‍ ബര്‍ജാസ്, ട്രാഫിക് സെക്ടര്‍ അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ജമാല്‍ അല്‍ സയേഹ്, പബ്ലിക് സെക്യൂരിറ്റി അണ്ടര്‍ സെക്രട്ടറി അബ്‍ദുല്ല അല്‍ റജീബ് എന്നിവര്‍ കഴിഞ്ഞ ദിവസം പരിശോധനകള്‍ വിലയിരുത്തിയിരുന്നു. കഴിഞ്ഞ ദിവസം 90 പ്രവാസികളെ വിവിധ സ്ഥലങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്‍തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു.
ബുനൈദ് അല്‍ ഘര്‍, ശുവൈഖ് ഇന്‍ഡസ്‍ട്രിയല്‍ ഏരിയ എന്നിവിടങ്ങള്‍ക്ക് പുറമെ ഫര്‍വാനിയ ഗവര്‍ണറേറ്റിലെ വിവിധ സ്ഥലങ്ങളിലും കഴിഞ്ഞ ദിവസം പരിശോധനകള്‍ നടന്നു. പിടിയിലായവരെയെല്ലാം തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
രണ്ട് ദിവസം മുമ്പ് സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ പെണ്‍വാണിഭ കേന്ദ്രം കണ്ടെത്തിയിരുന്നു. ഇവിടെയുണ്ടായിരുന്ന 19 പേരെ അറസ്റ്റ് ചെയ്‍തു. ഏഷ്യക്കാരായ പ്രവാസികളുടെ നേതൃത്വത്തിലാണ് സാല്‍മിയയില്‍ പെണ്‍വാണിഭ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.
അറസ്റ്റ് ചെയ്‍ത 19 പേരില്‍ 16 പേര്‍ സ്‍ത്രീകളും മൂന്ന് പേര്‍ പുരുഷന്മാരുമാണ്. അതേസമയം സാമൂഹിക മാധ്യമങ്ങളിലൂടെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയ മറ്റൊരു പ്രവാസി വനിതയും പരിശോധനകള്‍ക്കിടെ അറസ്റ്റിലായി. ശര്‍ഖില്‍ നിന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ പിടികൂടിയത്. അന്താരാഷ്‍ട്ര പെണ്‍വാണിഭ റാക്കറ്റിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന സ്‍ത്രീയെയാണ് പിടികൂടിയതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. രണ്ട് സംഭവങ്ങളിലായി പിടികൂടിയ 20 പ്രവാസികളെയും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക