കാമുകിയുടെ അശ്ലീല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു: പ്രവാസി യുവാവ് അറസ്റ്റില്‍

കാമുകിയുടെ അശ്ലീല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‍ത യുവാവ് ദുബൈയില്‍ അറസ്റ്റിലായി. കാമുകിയുടെ ഫോണ്‍ മോഷ്‍ടിച്ചാണ് പ്രതി അശ്ലീല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്‍തത്. യുവതിയുടെ ഭര്‍ത്താവിനും ഇയാള്‍ ഈ ചിത്രങ്ങള്‍ അയച്ചുകൊടുത്തു.

വിവാഹിതയായ യുവതി, കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ശ്രമിച്ചതിന്റെ പ്രതികാരമായാണ് ഇയാള്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്‍തതെന്ന് ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍ പറഞ്ഞു. ഇരുവരും അവസാനമായി കണ്ടുമുട്ടിയ ദിവസം പ്രതി ബലം പ്രയോഗിച്ച് കാമുകിയുടെ ഫോണ്‍ കൈക്കലാക്കുകയും താനുമായുള്ള ബന്ധം തുടര്‍ന്നില്ലെങ്കില്‍ നഗ്നചിത്രങ്ങള്‍ പോസ്റ്റ് ചെയ്‍ത് കുടുംബ ജീവിതം തകര്‍ക്കുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്‍തതായി പ്രോസിക്യൂഷന്റെ അന്വേഷണത്തില്‍ കണ്ടെത്തി. ഭീഷണിപ്പെടുത്തുകയും അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്‍തതിന് ഇയാള്‍ കുറ്റക്കാരനാണെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ പറഞ്ഞു.

ചില പ്രശ്നങ്ങളിലൂടെ കടന്നുപോകുന്ന സമയത്താണ് യുവതി, പ്രതിയുമായി അടുത്തത്. പിന്നീട് ഇയാള്‍ യുവതിയുടെ വൈവാഹിക ജീവിതത്തിലും സ്വകാര്യ ജീവിതത്തിലുമൊക്കെ ഇടപെടാന്‍ തുടങ്ങി. എട്ട് മാസത്തോളം ഇങ്ങനെ മുന്നോട്ടു പോയ ശേഷം ഇയാള്‍ പിന്നീട് ഭര്‍ത്താവിനെ ഉപേക്ഷിക്കാനും തന്നെ വിവാഹം ചെയ്യാനും യുവതിയെ നിര്‍ബന്ധിച്ചു.

എന്നാല്‍ ആവശ്യം നിരസിച്ച യുവതി,  ഭര്‍ത്താവിനൊപ്പം തുടര്‍ന്നു ജീവിക്കാനാണ് തീരുമാനമെന്ന് ഇയാളെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് ഭീഷണി തുടങ്ങിയത്. യുവതി വഴങ്ങാതെ വന്നതോടെ അവരുടെ അശ്ലീല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ഭര്‍ത്താവിന് അയച്ചുകൊടുക്കുകയും ചെയ്‍തു. ഇതേ തുടര്‍ന്ന് യുവതി പരാതി നല്‍കുകയായിരുന്നു.

മൊബൈല്‍ ഫോണുകളിലോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളിലോ മാന്യമല്ലാത്ത ചിത്രങ്ങള്‍ സൂക്ഷിക്കുന്നത് ഒഴിവാക്കണമെന്നും അത്തരം ചിത്രങ്ങള്‍ ചോരുന്നതിനും പിന്നീട് അത് ഉപയോഗിച്ചുള്ള ഭീഷണിപ്പെടുത്തലുകള്‍ക്കും സാധ്യതയുള്ളതിനാല്‍ അക്കാര്യത്തില്‍ ജാഗ്രത വേണമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഇത്തരം ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്യുന്നതിനെതിരെയും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!