14 മാസം പ്രായമുള്ള കുഞ്ഞിനെ കാറിൽ തനിച്ചാക്കി അമ്മ പുറത്ത് പോയി; കുഞ്ഞിന്‍റെ മരണത്തിന് അമ്മയും ഉത്തരവാദി; പ്രവാസി വനിതയ്‍ക്ക് അഞ്ച് വര്‍ഷം തടവ്

ബഹ്റൈനില്‍ 14 മാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തിന് അമ്മയും ഉത്തരവാദിയെന്ന് കോടതി കണ്ടെത്തിതിനെ തുടർന്ന് അഞ്ച് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. ശിക്ഷ കാലാവധിക്ക് ശേഷം ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടു. പ്രതി ഏത് രാജ്യക്കാരിയെന്നതുള്‍പ്പെടെ മറ്റ് വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

22 വയസുകാരനായ കാമുകനൊപ്പമാണ് കുഞ്ഞിന്റെ അമ്മ ജീവിച്ചിരുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ക്കൊപ്പം കുഞ്ഞിനെ കാറില്‍ ഇരുത്തി പുറത്തുപോയ യുവതി, തിരികെ എത്തിയപ്പോൾ ചലനമറ്റ നിലയില്‍ കുഞ്ഞിനെ കാറിനകത്ത് കണ്ടെത്തുകയായിരുന്നു. നേരത്തെയും പല തവണ കാമുകന്‍ കുട്ടിയെ ഉപദ്രവിച്ചിരുന്നുവെന്നും ഇത് ബോധ്യമുണ്ടായിട്ടും തടയാന്‍ യുവതി ഒരു നടപടിയും സ്വീകരിച്ചില്ലെന്നും കോടതി കണ്ടെത്തി. കേസില്‍ വിചാരണയ്‍ക്കായി കാമുകനെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.

കാറില്‍ ചലനമറ്റ നിലയില്‍ കണ്ടെത്തിയ കുഞ്ഞിനെ രക്ഷപ്പെടുത്താന്‍ യുവതി പരമാവധി ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടില്ല. കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. നേരത്തെ തന്നെ പലവട്ടം അമ്മയുടെ മുന്നില്‍വെച്ച് തന്നെ കാമുകൻ കുഞ്ഞിനെ ഉപദ്രവിച്ചിരുന്നിട്ടും, അതൊന്നും വകവെയ്‍ക്കാതെ ഇയാള്‍ക്കൊപ്പം തന്നെ തുടര്‍ന്നും യുവതി താമസിക്കുകയായിരുന്നുവെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

കുഞ്ഞ് കരഞ്ഞിരുന്ന സമയങ്ങളില്‍ ഇയാള്‍ പല തവണ വാ പൊത്തിപ്പിടിച്ച് നിശബ്ദയാക്കാന്‍ ശ്രമിച്ചിരുന്നെന്ന് യുവതിയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ മൊഴി നല്‍കി. ഇത്തരത്തില്‍ പല തവണ കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചിരുന്ന യുവാവില്‍ നിന്ന് രക്ഷിക്കാന്‍ ഇവര്‍ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ലെന്നും ഇതാണ് അവസാനം കുഞ്ഞിന്റെ മരണത്തില്‍ കലാശിച്ചതെന്നും പബ്ലിക് പ്രോസിക്യൂഷന്റെ പ്രസ്‍താവനയിൽ വ്യക്തമാക്കി.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

Share
error: Content is protected !!