തുനീഷ്യയിൽ സൗദി പൗരനെ കൊലപ്പെടുത്തിയത് രണ്ടാം ഭാര്യയുടെ സഹോദരൻ
തുനീഷ്യയിലെ ബിസേർട്ടിൽ സൗദി പൗരൻ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. സംഭവം സംബന്ധിച്ച് തുനീഷ്യയിലെ സൗദി എംബസി പ്രസ്താവന പുറത്തിറക്കി.
തുനീഷ്യയിൽ സൗദി പൗരനെ കൊലപ്പെടുത്തിയത്, അദ്ദേഹത്തിൻ്റെ രണ്ടാം ഭാര്യയുടെ (തുനീഷ്യൻ യുവതിയുടെ) സഹോദരനാണെന്നും, കേസ് കോടതിയുടെ പരിഗണനയിലാണെന്നും എംബസി പ്രസ്താവനയിലൂടെ അറിയിച്ചു. തുനീഷ്യൻ അധികൃതരുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ നടപടികളും പൂർത്തിയാക്കിയതായും എംബസി വ്യക്തമാക്കി.
മരിച്ചയാളുടെ മൃതദേഹം സൌദിയിലെത്തിച്ചു. കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ റിയാദിലെ അൽ-റാജ്ഹി മസ്ജിദിൽ അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥന നടത്തുകയും ചെയ്തു.
സംഭവത്തെ കുറിച്ച് കൊല്ലപ്പെട്ടയാളുടെ അടുത്ത ബന്ധുക്കൾ വ്യക്തമാക്കുന്നത് ഇങ്ങിനെ:
കൊല്ലപ്പെട്ട സൗദി പൗരൻ നേരത്തെ ഒരു ഖത്തരി യുവതിയെ വിവാഹം കഴിച്ചിരുന്നു. ഖത്തറിൽ ജനിച്ച നാല് ആൺമക്കളുമൊത്ത് ഈ പൗരൻ ഖത്തറിൽ താമസിച്ചു വരികയായിരുന്നു. ഇതിനിടെ ഖത്തറിലെ ഒരു തുണിക്കടയിൽ ജോലി ചെയ്യുന്ന തുനീഷ്യൻ യുവതിയെ പരിചയപ്പെട്ടു. 8 മാസം മുമ്പ് ഈ തുനീഷ്യൻ യുവതിയുമായുള്ള വിവാഹം നടത്തുകയും ചെയ്തു. ആദ്യ ഭാര്യയുടേയും മക്കളുടേയും അറിവോടെയാണ് വിവാഹം നടന്നത്. നിയമപരമായിരുന്നു വിവാഹം. അതിനാൽ തന്നെ പെൺകുട്ടിയുടെ പിതാവ് നിയോഗിച്ച ഏജന്റിന്റെ സാന്നിധ്യത്തിലാണ് വിവാഹം നടന്നതെന്നും കൊല്ലപ്പെട്ട വ്യക്തിയുടെ അടുത്ത ബന്ധുക്കൾ വ്യക്തമാക്കി.
ഇതിനിടെ തുനീഷ്യൻ ഭാര്യയുടെ മാതാവ് തുനീഷ്യയിൽ വെച്ച് മരണപ്പെട്ടു. അതിനാൽ മരണത്തിൽ അനുശോചനം രേഖപ്പെടുത്താനും കർമ്മങ്ങളിൽ പങ്കെടുക്കുന്നതിനുമായി സൗദി പൗരനും തുനീഷ്യൻ ഭാര്യയും ഖത്തറിൽ നിന്നും തുനീഷ്യയിലേക്ക് പോയി. ഇങ്ങിനെയാണ് കൊല്ലപ്പെട്ട സൗദി പൗരൻ തുനീഷ്യയിലെത്തുന്നത്.
തുനീഷ്യയിലെ സൗദി അംബാസഡർ കേസ് ഇപ്പോഴും പിന്തുടരുന്നുണ്ട്. കൂടാതെ തുടർ നടപടികൾക്കായി എംബസി ഒരു അഭിഭാഷകനെയും നിയോഗിച്ചിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക